കൊല്ലം: രണ്ട് ദിവസത്തിനിടെ കൊല്ലത്ത് നടന്നത് മൂന്ന് കൊലപാതകങ്ങള്‍. ഏറെ ചര്‍ച്ചയായ അഞ്ചല്‍ ഉത്ര വധക്കേസിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് കൊല്ലത്ത് മൂന്ന് കൊലപാതകങ്ങളും ഒരു ആത്മഹത്യയും സംഭവിച്ചത്. ഏറ്റവുമൊടുവില്‍ അഞ്ചാലുംമൂട് കുരീപ്പുഴയിലാണ് യുവാവ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സുഹൃത്തിന്റെ മര്‍ദനമേറ്റായിരുന്നു മരണം. 

അഞ്ചല്‍ ഏറത്ത് സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടില്‍വെച്ചാണ് കൃത്യം നടത്തിയത്. കേരളം ഇന്നേവരെ കാണാത്തരീതിയിലുള്ള കൊലപാതകവും ആസൂത്രണവുമെല്ലാം ഏവരെയും അമ്പരിപ്പിച്ചു. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെയും പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെയും സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പണിക്കരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ കേസിലെ അന്വേഷണവും ചോദ്യംചെയ്യലും തെളിവെടുപ്പും ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് കൊല്ലത്തെ നടുക്കി ദമ്പതിമാരുടെ മരണവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടെന്ന വാര്‍ത്തയും പുറത്തുവന്നത്. 

ചൊവ്വാഴ്ച രാത്രിയാണ് കൊല്ലം നഗരത്തില്‍ കടപ്പാക്കടയില്‍ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. കടപ്പാക്കട എസ്.വി. ടാക്കീസിന് സമീപം കോതേത്ത് നഗര്‍-51ല്‍ കിച്ചു എന്നു വിളിക്കുന്ന ഉദയകിരണ്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആശ്രാമം ലക്ഷ്മണനഗര്‍-31ല്‍ മൊട്ട വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണു(34)വടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പോര്‍വിളി നടത്തുകയും വീട് ആക്രമിക്കുകയും ചെയ്തിരുന്നു.

അഞ്ചല്‍ ഇടമുളയ്ക്കലിലാണ് ബുധനാഴ്ച രാവിലെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത്. ഇടമുളയ്ക്കല്‍ അമൃത് ഭവനില്‍ സുനിലാണ് ഭാര്യ സുജിനയെ കൊലപ്പെടുത്തി തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കുരീപ്പുഴയില്‍ മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നത്. കുരീപ്പുഴ തണ്ടേക്കാട് കോളനിയില്‍ ജോസ് മാര്‍സലിന്‍(34) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി പ്രശാന്തിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശാന്തിനെ ജോസ് കളിയാക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.  രാത്രി ജോസിന്റെ വീട്ടിലെത്തിയ പ്രശാന്ത് ഭക്ഷണം കഴിക്കുകയായിരുന്ന ജോസിനെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഒരു ജോലിയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് വിവരം. ഇതിനുപിന്നാലെ പ്രശാന്ത് കടന്നുകളയുകയും ചെയ്തു. മൂക്കില്‍നിന്നും രക്തമൊലിച്ച് കിടന്ന ജോസിനെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Content Highlights: three murders with in two days in kollam district