തിരുവനന്തപുരം: 'പപ്പിയെ അച്ച അടിച്ചു, പിന്നെ പപ്പി എണ്ണീറ്റില്ല' ഒരു വർഷം മുമ്പ് കേരളക്കരയെ കണ്ണീരിലാഴ്ത്തിയ അഞ്ച് വയസ്സുകാരന്റെ വാക്കുകളാണിത്. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനമേറ്റ് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടപ്പോൾ നിർണായകമായതും ഈ അഞ്ച് വയസ്സുകാരന്റെ മൊഴികളായിരുന്നു. ഒടുവിൽ മാസങ്ങൾക്കിപ്പുറം അവന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചതും അഞ്ചുവയസ്സുകാരൻ വെളിപ്പെടുത്തിയ ചില വിവരങ്ങൾ തന്നെ.


തിരുവനന്തപുരം മണക്കാട് കല്ലാട്ടുമുക്ക് പൗർണമി നഗറിൽ ബി.ആർ. ബിജുവിന്റെ മരണമാണ് കൊലപാതകമെന്ന് സംശയിക്കുന്നത്. ബിജുവിന്റെ ഭാര്യ അഞ്ജനയും ബന്ധുവും അഞ്ജനയുടെ സുഹൃത്തുമായ അരുൺ ആനന്ദും ചേർന്നാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. കഴിഞ്ഞവർഷം ബിജു-അഞ്ജന ദമ്പതിമാരുടെ മൂത്തമകനെ അരുൺ ആനന്ദ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ബിജുവിന്റെ മരണത്തിലും സംശയം ഉയർന്നത്.

ബിജുവിന്റെ മരണശേഷം അഞ്ജനയും രണ്ട് മക്കളും അരുൺ ആനന്ദിനൊപ്പമാണ് ജീവിച്ചിരുന്നത്. ഭർത്താവിന്റെ മരിച്ച് ദിവസങ്ങൾക്കുള്ളിൽ അഞ്ജന അരുണിനോടൊപ്പം ജീവിതം ആരംഭിച്ചത് പലവിധ സംശയങ്ങൾക്കും ഇടനൽകിയിരുന്നു. എന്നാൽ ആരും പരാതി ഉന്നയിച്ചില്ല. പക്ഷേ, 2019-ൽ അരുൺ ആനന്ദിന്റെ ക്രൂരതയ്ക്കിരയായി ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ടതോടെയാണ് ബിജുവിന്റെ മരണത്തിലും വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.

വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു എന്നായിരുന്നു അഞ്ജന അടക്കമുള്ളവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ ഇളയമകനിൽനിന്നും മൊഴി രേഖപ്പെടുത്തി. അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനുശേഷമാണ് അച്ഛന് നെഞ്ചുവേദന വന്നതെന്നുമായിരുന്നു ഇളയ മകന്റെ മൊഴി. ഈ മൊഴിയെത്തുടർന്നാണ് കല്ലറ പൊളിച്ച് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിലേക്കടക്കം ക്രൈംബ്രാഞ്ച് നീങ്ങിയത്. ബിജുവിനെ ഭാര്യയും അരുൺ ആനന്ദും ചേർന്ന് പാലിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു.

2019 മാർച്ച് 27-നാണ് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരനെ അരുൺ ആനന്ദും അഞ്ജനയും ആശുപത്രിയിലെത്തിക്കുന്നത്. കുട്ടി കട്ടിലിൽനിന്ന് വീണെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ജനയിൽനിന്നും ഇളയ കുട്ടിയിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അരുൺ ആനന്ദ് കുട്ടിയെ മർദിച്ചതിന്റെ വിവരങ്ങൾ മനസിലായത്. ഏഴുവയസ്സുകാരനെ ഇയാൾ പലവട്ടം ചവിട്ടിയെന്നും കട്ടിലിലേക്ക് എടുത്തെറിഞ്ഞെന്നുമായിരുന്നു മൊഴി. പിന്നീട് ക്രൂരമായി മർദിച്ച് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. തലയിടിച്ച് വീണ കുട്ടിയെ വീണ്ടും ചവിട്ടി. തലയിലെ മുറിവിലൂടെ ചോരവാർന്ന് കുട്ടി ബോധരഹിതനായി. തുടർന്നാണ് അരുൺ ആനന്ദും യുവതിയും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഏഴ് വയസ്സുകാരൻ മരിച്ചു. കേസിൽ മുഖ്യപ്രതിയായ അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ്. ഈ കേസിൽ തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് അഞ്ജനയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

Content Highlights:thodupuzha child murder and crime branch investigation about biju death