പാറശ്ശാല: തമിഴ്നാട്ടില്‍ നിന്നും സംസ്ഥാനത്തേക്കുള്ള പ്രധാന പാതകളില്‍ ഒന്നാണ് പഴയ ദേശീയപാത 47 ന്റെ ഭാഗമായ നാഗര്‍കോവില്‍ -തിരുവനന്തപുരം രാജപാത. ഈ പാത ഇന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരി ഉത്പന്നങ്ങള്‍ കടത്തുന്ന പ്രധാന പാതയാണ്.
കഞ്ചാവ്, കഞ്ചാവ് എണ്ണ, നിരോധിത പുകയില ഉത്പന്നങ്ങള്‍, സ്പിരിറ്റ് എന്നിവയടക്കമുള്ള ലഹരി ഉത്പന്നങ്ങള്‍ യഥേഷ്ടം ഈ പാതവഴി സംസ്ഥാനത്തിലേക്ക് കടത്തുകയും തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. റോഡ് മാര്‍ഗ്ഗത്തിനു പുറമെ കഞ്ചാവ് കടത്തുകാര്‍ ആശ്രയിക്കുന്ന മറ്റൊരു പാതയാണ് നാഗര്‍കോവില്‍-തിരുവനന്തപുരം റെയില്‍പ്പാത. റോഡ് മാര്‍ഗ്ഗം എത്തുമ്പോള്‍ ഉണ്ടാകുന്ന കര്‍ശന പരിശോധനകള്‍ ഒഴിവാകും എന്നതുകൊണ്ടാണ് ലഹരി കടത്തുകാര്‍ റെയില്‍മാര്‍ഗ്ഗം സ്വീകരിച്ചത്.
തീവണ്ടികളില്‍ പരിശോധനകള്‍ ഇല്ലാതിരുന്നതുമൂലം ആദ്യം ഈ പാതയാണ് കഞ്ചാവ് കടത്തുകാര്‍ ആശ്രയിച്ചിരുന്നത്. കഞ്ചാവുമായി എത്തുന്നത് സ്ഥിരം ക്രിമിനല്‍ സംഘവും സ്ഥിരം കച്ചവടക്കാരുമാണെന്ന് നിരവധി കഞ്ചാവ് കടത്ത് സംഘങ്ങളെ പിടികൂടിയ പാറശ്ശാല റെയില്‍വേ എസ്.ഐ. എ.അനില്‍കുമാര്‍ പറയുന്നു. പിടിക്കപ്പെടുന്ന പ്രതികളില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ലഹരി കടത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ്.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലം മുതല്ക്കാണ് സംസ്ഥാനത്തേക്കുള്ള ലഹരി ഉത്പന്നങ്ങളുടെ ഒഴുക്ക് തിരുവനന്തപുരം-നാഗര്‍കോവില്‍ പാതകളിലൂടെ ആരംഭിച്ചത്. മുന്‍കാലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കുമളി, ആര്യങ്കാവ് വഴിയും റെയില്‍ മാര്‍ഗ്ഗം ഷൊര്‍ണ്ണൂര്‍ പാതകള്‍ വഴിയുമായിരുന്നു.കുമളി, ആര്യങ്കാവ് പാതയില്‍ തമിഴ്നാട്ടില്‍ നിന്ന് റേഷനരി കടത്തുന്നത് തടയാനായി തമിഴ്നാട് പോലീസ് പരിശോധന കര്‍ശനമാക്കിയതോടെയും െഷാര്ണ്ണൂര് റെയില്‍പ്പാതയിലും റെയില്‍വേ പോലീസിന്റെ പരിശോധന കര്‍ശനമാക്കിയപ്പോഴാണ് കഞ്ചാവ് കടത്തിന്റെ സുരക്ഷിതപാതയായി നാഗര്‍കോവില്‍ തിരുവനന്തപുരം പാത മാറിയത്.
തീവണ്ടിവഴി കഞ്ചാവ് എത്തുവാനുള്ള സാദ്ധ്യത വിരളമായിരുന്നതിനാല്‍ ആദ്യകാലത്ത് പരിശോധന ഇല്ലായിരുന്നു. ഈ സാഹചര്യമാണ് കടത്ത് സംഘങ്ങള്‍ വിനിയോഗിച്ചത്. 2016 ജൂണ്‍ മാസത്തില്‍ സംസ്ഥാനത്തേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച ഒരുസംഘത്തെ റെയില്‍വേ പോലീസ് സംഘം പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പുകയില ഉത്പന്നങ്ങള്‍ കടത്തുന്ന സംഘത്തിനായി പരിശോധനയും ആരംഭിച്ചു. ഈ പരിശോധനക്കിടയിലാണ് കഞ്ചാവുമായി ചില സംഘങ്ങള്‍ വലയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തേക്കുള്ള കഞ്ചാവ് കടത്തിന്റെ 'സില്‍ക്ക് റൂട്ടാ'യി ഈ പാത മാറിയ വിവരം അറിയാന്‍ കഴിഞ്ഞതെന്ന് പാറശ്ശാല റെയില്‍വേ എസ്. ഐ. എ.അനില്‍കുമാര്‍ പറയുന്നു.
2016 ജൂണ്‍ മാസം മുതല്‍ ഈ മാസം വരെ പാറശ്ശാല റെയില്‍വേ പോലീസ് ഈ പാതയിലെ യാത്രക്കാരില്‍നിന്ന് പിടികൂടിയത് 25 കിലോ കഞ്ചാവായിരുന്നു. 2017 ജൂണ്‍വരെ പിടികൂടിയത് പത്ത് കിലോയോളമാണ്. തീവണ്ടികളില്‍ പരിശോധന ഇപ്പോള്‍ ശക്തമായതോടെ ലഹരി കടത്ത് സംഘങ്ങള്‍ റോഡ് മാര്‍ഗ്ഗത്തിലേക്ക് തിരിയുകയാണുണ്ടായത്. റെയില്‍വേ പോലീസ് വ്യാപകമായ പരിശോധന നടത്തിവരികയാണ്. കഴിഞ്ഞവര്‍ഷം പിടികൂടിയ 25 കിലോ കഞ്ചാവില്‍ 22 കിലോയോളം പിടികൂടിയത് പാറശ്ശാല റെയില്‍വേ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഷിബു കുമാര്‍ ആര്.എസ്. ആണ്.