തിരുവനന്തപുരം: കാരക്കോണത്ത് കൊല്ലപ്പെട്ട ശാഖാകുമാരിയും ഭര്‍ത്താവ് അരുണും തമ്മില്‍ വിവാഹം കഴിഞ്ഞത് മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍. രണ്ട് മാസം മുമ്പ് വിവാഹദിവസം നടന്ന റിസപ്ഷനിടെ അരുണ്‍ ഇറങ്ങിപ്പോയെന്നും കാറുമായി കറങ്ങിനടക്കുകയായിരുന്നുവെന്നും സമീപവാസി വെളിപ്പെടുത്തി. സമ്പന്നയായ ശാഖ ഏകദേശം പത്ത് ലക്ഷത്തോളം രൂപ അരുണിന് നല്‍കിയതായും ഇവര്‍ പറഞ്ഞു.
അരുണും(26) ശാഖയും(51) പ്രണയത്തിനൊടുവില്‍ വിവാഹിതരായെന്നാണ് നാട്ടുകാര്‍ക്ക് അറിയാവുന്ന വിവരം. ശാഖ തന്നെയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയും നേരില്‍ക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങില്‍ ബന്ധുക്കളാരും ഇല്ലാതിരുന്നത് നാട്ടുകാരില്‍ സംശയമുണര്‍ത്തിയിരുന്നു. അരുണിന്റെ സ്വദേശം പത്താംകല്ലാണെന്നും എന്നാല്‍ മറ്റുവിവരങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വിവാഹത്തിന് ശേഷം ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് ഇവരും പറയുന്നത്. മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നല്‍കിയിരുന്നു. കാറും വാങ്ങിച്ചുനല്‍കി. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തിയത്. എന്നാല്‍ ഇതിനിടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് നാട്ടുകാര്‍ക്കും വ്യക്തതയില്ല.
ശനിയാഴ്ച രാവിലെയാണ് ശാഖയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിന്റെ മൊഴി. സമീപവാസികള്‍ ചേര്‍ന്ന് ശാഖയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതിനിടെ, ശാഖയുടെ മൂക്ക് ചതഞ്ഞനിലയിലായിരുന്നുവെന്നും വീട്ടില്‍ ചോരപ്പാടുകള്‍ കണ്ടതായും സമീപവാസികള്‍ മൊഴി നല്‍കി. അരുണ്‍ ശാഖയെ നേരത്തെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടിലെ ഹോംനഴ്‌സും വെളിപ്പെടുത്തി. വിവാഹ ഫോട്ടോ പുറത്തായതിന് അരുണ്‍ വഴക്കിട്ടതായും ഇവര്‍ പറഞ്ഞു. ഇതോടെയാണ് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്. ഷോക്കടിപ്പിച്ചാണ് ശാഖയെ കൊലപ്പെടുത്തിയതെന്ന് പ്രതി അരുണ്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
Content Highlights: thiruvananthapuram karakkonam shakha murder case neighbours allegation against arun