ന്യൂഡൽഹി: സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ തിഹാർ ജയിലിൽവെച്ച് തടവുകാരൻ കുത്തിക്കൊന്ന സംഭവം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട മെഹ്തബിനെ(28) പാർപ്പിച്ചിരുന്ന ജയിലിൽ എത്താനായി 22 വയസ്സുകാരൻ ജയിലിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് തിഹാറിലെ എട്ടാം നമ്പർ ജയിലിൽവെച്ച് ഇയാൾ മെഹ്തബിനെ കുത്തിക്കൊന്നത്. 2014-ലാണ് മെഹ്തബ് 22 കാരന്റെ സഹോദരിയെ ബലാത്സംഗം ചെയ്തത്. ഈ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. അന്ന് തൊട്ട് മനസിൽ ആളിപ്പടർന്ന പകയാണ് ജയിലിനുള്ളിലെ കൊലപാതകത്തിൽ കലാശിച്ചത്.

ജയ്ത്‌പുരിൽ നടന്ന ഒരു കൊലപാതകത്തിൽ പിടിക്കപ്പെട്ടാണ് ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തിഹാർ ജയിലിലെത്തുന്നത്. ജയിലിലെത്തിയതിന് ശേഷമാണ് സഹോദരിയെ ബലാത്സംഗം ചെയ്ത മെഹ്തബും തിഹാറിൽതന്നെയുണ്ടെന്ന് മനസിലായത്. ഇതോടെ പക തീർക്കാനുള്ള അവസരത്തിനായി കാത്തിരുന്നു. എന്നാൽ മെഹ്തബ് എട്ടാം നമ്പർ ജയിലിലായതിനാൽ അവസരം ഒത്തുവന്നില്ല.

അഞ്ചാം നമ്പർ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. എന്നാൽ എങ്ങനെയും മെഹ്തബിനെ പാർപ്പിച്ചിരിക്കുന്ന ജയിലിലേക്ക് എത്തണമെന്നതിനാൽ ഇയാൾ സഹതടവുകാരുമായി മനഃപൂർവ്വം പ്രശ്നങ്ങളുണ്ടാക്കി. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുന്നതും സംഘർഷമുണ്ടാകുന്നതും പതിവായതോടെയാണ് 22 കാരനെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചത്. ഒടുവിൽ  എട്ടാം നമ്പർ ജയിലിലെത്തി.

ജയിൽ മാറ്റിയതിന്റെ പിറ്റേദിവസം തന്നെയാണ് ഇയാൾ മെഹ്തബിനെ കുത്തിക്കൊന്നതെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്. സഹതടവുകാർ പുലർച്ചെ പ്രാർഥനയ്ക്ക് പോകുന്ന സമയം ഇയാൾ മെഹ്തബിനെ പാർപ്പിച്ചിരുന്ന മുകൾനിലയിലെത്തി. മൂർച്ചയേറിയ കമ്പി കൊണ്ട് തുരുതുരാ കുത്തി പരിക്കേൽപ്പിച്ചു. ദേഹമാസകലും മുറിവേറ്റ മെഹ്തബിനെ ജയിൽ അധികൃതർ ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴുത്തിലും വയറിലുമടക്കം ശരീരത്തിന്റെ മിക്കഭാഗങ്ങളിലും മെഹ്താബിന് കുത്തേറ്റെന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തിൽ 22 വയസ്സുകാരനെതിരേ ഹരി നഗർ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സഹോദരിയെ ബലാത്സംഗം ചെയ്ത പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിക്കുകയും ചെയ്തു.


Content Highlights: Thihar jail inmate killed another inmate, rape revenge behind the murder