പാലക്കാട്: മോഷ്ടിച്ചത് മജിസ്‌ട്രേറ്റിന്റെ വീട്ടിലാണെന്ന് പത്രവാര്‍ത്തയിലൂടെ അറിഞ്ഞു. അതിന് കടുത്ത ശിക്ഷയുണ്ടാവുമോ എന്നുപേടിച്ച് പിന്നീട് പിടിയിലായപ്പോള്‍ ആ മോഷണം മാത്രം മറച്ചുവെച്ചു. ഒടുവില്‍ സഹതടവുകാരന്‍ വഴി പുറത്തറിഞ്ഞതോടെ ആ കേസിലും കുടുങ്ങി. ഒരുവര്‍ഷം മുമ്പ് ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വാതില്‍ പൊളിച്ച് എട്ടുപവന്‍ കവര്‍ന്ന കേസിലാണ് വഴിത്തിരിവുണ്ടായത്. എടത്തറ മൂത്താന്തറപ്പാളയം സ്വദേശി രമേഷ് (ഉടുമ്പ് രമേശ്-30) ആണ് മോഷണം നടത്തിയതെന്നാണ് തെളിഞ്ഞത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23-ന് വൈകുന്നേരം വീട് പൂട്ടി, പാലക്കാട്ടേക്ക് പോയ മജിസ്‌ട്രേറ്റ് രാത്രി 10-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ചിറ്റൂര്‍ പോലീസ് കേസന്വേഷിച്ചു. പിന്നീട് അന്വേഷണം കുഴല്‍മന്ദം ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. ഒടുവില്‍ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പുതിയ അന്വേഷണസംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.

2018 ജനുവരിയില്‍ കോട്ടായി പോലീസും ജൂലായില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും രമേഷിനെ പിടികൂടി ഇരുപതോളം മോഷണക്കേസുകള്‍ തെളിയിച്ചെങ്കിലും ഈ കേസിന്റെ വിവരം പ്രതി വെളിപ്പെടുത്തിയിരുന്നില്ല. ജയിലില്‍ക്കിടന്ന കാലയളവില്‍ കൂടെയുണ്ടായിരുന്ന സഹതടവുകാരോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായ രമേശിനെ ഒക്ടോബര്‍ 24-ന് ഒറ്റപ്പാലം പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി. പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തതിലാണ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. ചിറ്റൂര്‍ പോലീസ് രമേശിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുത്ത് മോഷണമുതലുകള്‍ കണ്ടെത്തി.

സി.ഐ.മാരായ വി. ഹംസ, എ.എം. സിദ്ദീഖ്, പി. അബ്ദുള്‍ മുനീര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എസ്. ജലീല്‍, എസ്. താജുദ്ദീന്‍, എസ്. നസീര്‍ അലി, കെ.വി. രാമസ്വാമി, എം.എ. സജി, സി.എസ്. സാജിദ്, വി. രവികുമാര്‍, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.