സച്ചിന്‍ വാസേ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ മുംബൈ അധോലോകവും പോലീസും തമ്മിലുള്ള ഗാഢബന്ധം വീണ്ടും ചുരുളഴിഞ്ഞിരിക്കുന്നു. അധോലോകവുമായികൈകോര്‍ത്തായിരുന്നു പലപ്പോഴും മുംബൈ പോലീസിന്റെ സഞ്ചാരം. അധോലോക നായകര്‍ പോലീസിലെ ഉദ്യോഗസ്ഥരെ സ്വന്തം ആവശ്യങ്ങള്‍ക്കായി എക്കാലത്തും ഉപയോഗിച്ചിരുന്നു. അതിഗൂഢമായിരുന്നു പോലീസ്-അധോലോക ബന്ധങ്ങള്‍. മുംബൈ അധോലോകത്തെയും അവരുടെ കുടിപ്പകകളെയും കൊലകളെയും അടുത്തുനിന്ന് കണ്ട്  വര്‍ഷങ്ങളോളം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഇവിടെ എഴുതുന്നത് മഹാനഗരത്തിന്റെ മറ്റൊരു മുഖത്തെക്കുറിച്ചാണ്....

രക്തവര്‍ണമുള്ള സുപ്പാരി

അടയ്ക്കയ്ക്ക് ഹിന്ദിയില്‍ 'സുപ്പാരി' എന്നാണു പറയുക. മാര്‍വാഡികള്‍ക്കും മുംബൈയിലെയും ഗുജറാത്തിലെയും രാജസ്ഥാനിലെയുമൊക്കെ ചില വ്യാപാരസംഘങ്ങള്‍ക്കും പരമ്പരാഗതമായി ഏതെങ്കിലുമൊരു കച്ചവടം ഉറപ്പിക്കുന്ന വേളയില്‍ സുപ്പാരി ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു.
കച്ചവടം ഉറപ്പിച്ചാലുടന്‍ വില്‍പ്പന നടത്തുന്ന വ്യാപാരി പഞ്ചസാരയില്‍ പൊതിഞ്ഞ വലിയൊരു നുള്ള് സുപ്പാരിയെടുത്ത് വാങ്ങുന്നയാള്‍ക്കും അവിടെ കൂടിയവര്‍ക്കും നല്‍കും. അതോടെ, കൂടുതല്‍ കരാറുകളിലൊന്നും ഏര്‍പ്പെടാതെ തന്നെ ആ കച്ചവടത്തിന് അംഗീകാരമായി. എല്ലാവരും ആസ്വദിച്ച് സുപ്പാരി കഴിക്കും. സുപ്പാരി വിതരണം ചെയ്യുന്നതോടെ ആ കച്ചവടം നടന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമായി. അത്തരം സുപ്പാരികള്‍ 'നടത്തിയ' കച്ചവടങ്ങള്‍ക്ക് എപ്പോഴുമൊരു അംഗീകാരമുണ്ടായിരിക്കും.

മുംബൈ അധോലോകത്തെത്തിയതോടെ കാലക്രമേണ കച്ചവട സമയങ്ങളില്‍ സുപ്പാരി എന്ന
വാക്ക് കുപ്രസിദ്ധി നേടി. അധോലോക നേതാക്കള്‍ സുപ്പാരി വിതരണം ചെയ്തിരുന്നോ എന്നറിയില്ല. സുരക്ഷയ്ക്കും ഭീഷണിപ്പെടുത്തലിനും പിടിച്ചുപറിക്കും വാടകക്കൊലയ്ക്കുമൊക്കെയുള്ള ഇടപാടുകള്‍ 'സുപ്പാരി' എന്നറിയപ്പെട്ടു. തുടക്കത്തില്‍ സുപ്പാരി കൊലകള്‍ നടത്തിയിരുന്നത് അധോലോകത്തെ എതിരാളിസംഘങ്ങള്‍ കൊടുംകുറ്റവാളികളുമായി നടത്തിയിരുന്ന സുപ്പാരി ഇടപാടുകളിലൂടെയായിരുന്നു.

1981 ഫെബ്രുവരി 12-ന് രാത്രി ദാവൂദിന്റെ ജ്യേഷ്ഠസഹോദരന്‍ ഷബീര്‍ ഇബ്രാഹിം, അബ്ദുല്‍ കരീം ഖാന്‍
ഷേര്‍ഖാന്‍ അഥവാ കരിം ലാലയുടെ നേതൃത്വത്തിലുള്ള എതിര്‍ പഠാന്‍ സംഘം വെടിവെച്ചുകൊന്നു. സമദ് ഖാന്‍, ആമിര്‍സാദ, ആലംസേബ് എന്നിവരാണ് പഠാന്‍ സംഘത്തിനു നേതൃത്വം കൊടുത്തിരുന്നത്. മാന്യ സുര്‍വേയുടെ സംഘത്തിലുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാമാത്തിപുരയില്‍നിന്ന് ഷബീറിനെ
പിന്തുടരാന്‍ തുടങ്ങിയ പഠാന്‍ സംഘം പ്രഭാദേവിയിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി കൊല്ലുകയായിരുന്നു. ആ രാത്രിതന്നെ ദാവൂദിനെയും വധിക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഷബീറിനെ കൊലപ്പെടുത്തിയശേഷം അവര്‍ പോയത് പാക്‌മോദിയ തെരുവിലുള്ള ദാവൂദിന്റെ താമസസ്ഥലത്തേക്കാണ്. എന്നാല്‍, ദാവൂദിന്റെ വിശ്വസ്തനും കരുത്തനുമായിരുന്ന ഖാലിദ് ഫയല്‍വാന്‍
പഠാന്‍ സംഘത്തെ കണ്ടയുടന്‍ ദാവൂദിന്റെ താമസസ്ഥലത്തേക്കു പോകുന്ന വഴിയിലെ ഇരുമ്പുഗേറ്റ് പൂട്ടി. പരസ്പരം വെടിവെപ്പ് നടന്നെങ്കിലും ദാവൂദിനെ കൊല്ലാന്‍ പഠാന്‍ സംഘത്തിനായില്ല. ഷബീറിന്റെ കൊലയിലേക്കു നയിച്ച സുപ്പാരി ആഘോഷം പിന്നീട് മുംബൈ അധോലോകത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.

തന്റെ സഹോദരന്റെ മരണത്തില്‍ ദാവൂദ് പ്രതികാരത്തിനുവേണ്ടി ദാഹിക്കുകയായിരുന്നു. പക്ഷേ, ഒറ്റയ്ക്ക് പഠാന്‍ സംഘത്തെ നേരിടാനുള്ള കരുത്തോ ആള്‍ബലമോ അയാള്‍ക്കില്ലായിരുന്നു. അതുകൊണ്ട് ദാവൂദ് ഏറെ ആകര്‍ഷകമായൊരു സുപ്പാരി മുന്നോട്ടുവെക്കുകയും അതിന് വന്‍ പ്രചാരം നല്‍കുകയും ചെയ്തു. കുറ്റവാളികളും കുറ്റവാളിസംഘങ്ങളും അരങ്ങുവാഴുന്ന മുംബൈ അധോലോകത്ത് അത് കാട്ടുതീപോലെ പടര്‍ന്നു.

ആകര്‍ഷകമായിരുന്നിട്ടും പഠാന്‍സംഘത്തിനെതിരായ ആ വാഗ്ദാനം ഏറ്റെടുക്കാന്‍ ഭൂരിഭാഗം സംഘങ്ങളും തയ്യാറായില്ല. എന്നാല്‍, തൃശ്ശൂര്‍ സ്വദേശിയായ രാജന്‍ മാധവന്‍ നായര്‍ എന്ന ബഡാ രാജനെ ഇത് ഏറെ ആകര്‍ഷിച്ചു. ഘട്‌കോപാര്‍-ചെമ്പൂര്‍ മേഖല കേന്ദ്രീകരിച്ച് ഒരു ഗുണ്ടാസംഘം നടത്തുകയായിരുന്നു അയാള്‍. ബഡാ രാജന് അന്ന് മുംബൈ അധോലോകത്ത് അത്ര ബഡാ പേരൊന്നും ഉണ്ടായിരുന്നില്ല. മാട്ടുങ്കയിലെ അധോലോക നേതാവ് മുനിസ്വാമി വരദരാജന്‍ മുതലിയാര്‍ എന്ന വരദ ഭായിയുടെ ചെമ്പൂര്‍ മേഖലയിലെ ആശ്രിതന്‍ മാത്രമായിരുന്നു അയാള്‍.

ദാവൂദ് മുന്നോട്ടുവെച്ച സുപ്പാരിയില്‍ ബഡാ രാജന്‍ വീണു. അധികം താമസിയാതെത്തന്നെ ആ സുപ്പാരി ഉറപ്പാക്കി. പഠാന്‍ സംഘത്തിലെ ആമിര്‍സാദയെ കൊല്ലാനുള്ളതായിരുന്നു അത്. ഈ സുപ്പാരി ബഡാ രാജന്‍ തന്റെ അനുയായിയായ ഡേവിഡ് പര്‍ദേശി എന്നൊരു പുതുമുഖത്തിന് ഉപകരാര്‍ നല്‍കി. 1983 സെപ്റ്റംബര്‍ ആറിന് എസ്പ്ളനേഡ് കോടതിയില്‍ വെച്ച് ആമിര്‍സാദയ്ക്കു നേരെ നിറയൊഴിച്ച് പര്‍ദേശി ആ സുപ്പാരി നടപ്പാക്കി. തടയാന്‍ വരുന്ന ആര്‍ക്കെതിരേയും തോക്കുചൂണ്ടി എത്രയുംവേഗം സംഭവസ്ഥലത്തുനിന്ന്
രക്ഷപ്പെടാന്‍ പര്‍ദേശിക്ക് ബഡാ രാജന്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. പര്‍ദേശിയെ ആര്‍ക്കുമറിയാത്തതിനാല്‍ അയാള്‍ അവിടെനിന്നു രക്ഷപ്പെട്ടാല്‍ കൊലയ്ക്കുപിന്നില്‍ ആരാണെന്ന് ആരും തിരിച്ചറിയില്ലെന്നായിരുന്നു ബഡാ രാജന്റെ കണക്കുകൂട്ടല്‍. പക്ഷേ,നിര്‍ഭാഗ്യവശാല്‍ അതു തെറ്റി. പോലീസ് ഇന്‍സ്പെക്ടര്‍ മധ്കര്‍ സെന്‍ഡെ, പര്‍ദേശിയെ സംഭവസ്ഥലത്തു വെച്ചുതന്നെ കീഴടക്കുകയും അറസ്റ്റുചെയ്യുകയുംചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച പര്‍ദേശിയുടെ കാലിന് സെന്‍ഡെ വെടിയുതിര്‍ക്കുകയായിരുന്നു. ബഡാ രാജന്റെ നിര്‍ദേശപ്രകാരമാണ് താനിതുചെയ്തതെന്ന് പര്‍ദേശി വെളിപ്പെടുത്തി. ഇതോടെ, മുംബൈ അധോലോകത്ത് ബഡാ രാജന്‍ എന്ന പേര് പ്രശസ്തമായി. പക്ഷേ, ആ 'പ്രശസ്തി' ആസ്വദിക്കാന്‍ അയാള്‍ കുറച്ചുദിവസമേ ജീവിച്ചിരുന്നുള്ളൂ. ഏറെത്താമസിയാതെ ബഡാ രാജനെ പോലീസ് അറസ്റ്റുചെയ്തു.

ചെമ്പൂര്‍ മേഖലയില്‍ത്തന്നെ ബഡാ രാജന് മലയാളിതന്നെയായ അബ്ദുള്‍ കുഞ്ഞു എന്നുപേരുള്ള ഒരു എതിരാളി ഗുണ്ടാനേതാവുണ്ടായിരുന്നു. പഠാന്‍ സംഘവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ അബ്ദുള്‍ കുഞ്ഞു ഈ അവസരം ഉപയോഗപ്പെടുത്തി. മഹേഷ് ധോലാക്കിയ എന്ന അധോലോക കുറ്റവാളി മുഖേനയായിരുന്നു ഈ നീക്കം. അങ്ങനെ ബഡാ രാജനെ കൊല്ലാനുള്ള വാടകക്കൊലയാളിയെ കണ്ടുപിടിക്കാനുള്ള ചുമതല അബ്ദുള്‍ കുഞ്ഞുവില്‍ വന്നുചേര്‍ന്നു.

തന്റെ താമസസ്ഥലത്തിനടുത്തുള്ള ഒരു ഓട്ടോറിക്ഷാഡ്രൈവറെ കുഞ്ഞുവിനു പരിചയമുണ്ടായിരുന്നു. ചന്ദ്രശേഖര്‍ സഫാലിക എന്നായിരുന്നു അയാളുടെ പേര്. ചില ചെറിയ കുറ്റകൃത്യങ്ങളിലൊക്കെ
ഉള്‍പ്പെട്ടിട്ടുള്ളയാളായിരുന്നു അയാള്‍. പെങ്ങളുടെ കല്യാണം നടത്താന്‍ സഫാലികയ്ക്ക് പണത്തിന്റെ അത്യാവശ്യമുള്ളതായി കുഞ്ഞുവിനറിയാമായിരുന്നു. ഒരുലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയതോടെ സഫാലിക ആ സുപ്പാരി ഏറ്റെടുത്തുവെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ബഡാ രാജനെ കൊലപ്പെടുത്തിയശേഷം വലിയൊരു സംഖ്യ നല്‍കാമെന്നു വാഗ്ദാനവുമുണ്ടായിരുന്നത്രേ. കൃത്യം നടത്താന്‍ സഫാലികയ്ക്ക് ഒരു തോക്കും അത് എങ്ങനെ ഉപയോഗിക്കണമെന്നതില്‍ പരിശീലനവും നല്‍കി.

1983 സെപ്റ്റംബര്‍ 21-ന് ബഡാ രാജനെ എസ്പ്ളനേഡ് കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കേണ്ടതുണ്ടായിരുന്നു. ആമിര്‍സാദയുടെ കൊലയ്ക്കുശേഷം കോടതിപരിസരത്ത് കനത്തസുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ, കോടതിയില്‍ നാവികസേനാ ഉദ്യോഗസ്ഥന്റെ വേഷമണിഞ്ഞെത്തിയ സഫാലിക താന്‍ ഏറ്റെടുത്ത സുപ്പാരി നിഷ്പ്രയാസം നടപ്പാക്കി. അപ്പോള്‍ത്തന്നെ പോലീസ് അയാളെ കീഴ്‌പ്പെടുത്തിയെങ്കിലും താനെ ജയിലിലേക്കു കൊണ്ടുപോകുംവഴി രക്ഷപ്പെട്ടു.

ഛോട്ടാ രാജന്‍ വരുന്നു

ബഡാ രാജന്റെ മരണശേഷം ആ സംഘത്തിന്റെ നേതൃത്വം അയാളുടെ സഹായിയായിരുന്ന
രാജേന്ദ്ര സദാശിവ് നികല്‍ജെ ഏറ്റെടുത്തു. അന്നുമുതല്‍ രാജേന്ദ്ര അറിയപ്പെട്ടിരുന്നത് 'ഛോട്ടാ രാജന്‍' എന്ന പേരിലായിരുന്നു. തന്റെ നേതാവിന്റെ മരണത്തിന് പകരംവീട്ടലായിരുന്നു അയാളുടെ ആദ്യ ദൗത്യം.

സഫാലിക പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കാര്യം ഛോട്ടാ രാജന്‍ അറിഞ്ഞു.ഒറ്റപ്പെട്ട സഫാലിക അഭയംതേടിയ സ്ഥലം ഛോട്ടാ രാജനു മനസ്സിലായി. ഒളിസ്ഥലത്തുനിന്ന് സഫാലികയെ പിടികൂടിയ ചെമ്പൂര്‍ സംഘം രണ്ടുദിവസത്തെ പീഡനപര്‍വത്തിനുശേഷം അയാളെ കൊലപ്പെടുത്തി. ഈ സംഭവത്തോടെ ഛോട്ടാ രാജന്‍, ദാവൂദിന്റെ ശ്രദ്ധാകേന്ദ്രമായി. ദാവൂദാവട്ടെ അതുപോലൊരു
പിന്തുണയ്ക്കുവേണ്ടി നോക്കിയിരിക്കുകയായിരുന്നു. ഏറെത്താമസിയാതെ ഗുജറാത്ത് പോലീസ് വഡോദരയില്‍വെച്ച് ആലംസേബിനെ ഏറ്റുമുട്ടലില്‍ വധിച്ചു. 1984-ല്‍ സമദ് ഖാനെ രമാനായ്ക് സംഘാംഗങ്ങള്‍ വെടിവെച്ചു കൊന്നു. രണ്ടുകൊലകളും 'സുപ്പാരി' പട്ടികയിലാണു വന്നത്. രമാനായ്കിന്റെ ആളുകള്‍ ചെമ്പൂരില്‍വെച്ച് അബ്ദുള്‍ കുഞ്ഞുവിനെയും വെടിവെച്ചു കൊന്നു. അതോടെ,
ഒരളവോളം ദാവൂദ് തന്റെ സഹോദരന്റെ കൊലയ്ക്ക് സുപ്പാരിയിലൂടെ പകരംവീട്ടി.

മാന്യ സുര്‍വേയെയും മെഹ്മൂദ് കാളിയയെയും പോലീസ് വകവരുത്തിയത് ദാവൂദിന്റെ താത്പര്യപ്രകാരം സുപ്പാരി ഇടപാടിലൂടെയായിരുന്നുവെന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, അത് തെളിഞ്ഞില്ല. ലേഖകനെന്ന നിലയില്‍ എനിക്ക് രണ്ടാമതൊരു ഏറ്റുമുട്ടല്‍ കൊല റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നത് 1986-ലാണ്. ഗുണ്ടാനേതാവ് കാളിയ ആന്റണിയുടേതായിരുന്നു അത്. ചര്‍ച്ച് ഗേറ്റിലാണ് അതു നടന്നത്. അതും സുപ്പാരി ഇടപാടിലൂടെ നടന്ന ഏറ്റുമുട്ടല്‍ കൊലയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. അങ്ങനെ സംശയിക്കാന്‍ കാരണം ആന്റണിക്ക് ബഡാ രാജന്‍ കൊലയുമുണ്ടായിരുന്ന ബന്ധമാണ്. അയാളൊരു ക്രൂരനായ
ഗുണ്ടാനേതാവായിരുന്നു. അന്നുമുതല്‍, കാഞ്ചി വലിക്കാന്‍ 'ഇഷ്ടമുള്ള' പോലീസ് ഉദ്യോഗസ്ഥരെ ദാവൂദിന്റെ സംഘം തിരിച്ചറിയാന്‍ തുടങ്ങി. അപ്പോഴേക്കും ദാവൂദും ഛോട്ടാ രാജനും രക്ഷാകേന്ദ്രമായി ദുബായിയെ
കണ്ടെത്തിയിരുന്നു. അവര്‍ എതിര്‍ സംഘാംഗങ്ങളെയും മുംബൈ പോലീസിനെയും
ഭയപ്പെട്ടിരുന്നു. ജീവനില്‍ അവര്‍ക്ക് പേടിയുണ്ടായിരുന്നു.