കൊച്ചി: സുബ്ഹാനി ഹാജാ മൊയ്തീനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച കേസിൽ നിർണായകമായത് അമേരിക്കൻ സ്നൈപ്പർ റൈഫിൾ. 2.2 കിലോമീറ്റർ അകലെ നിന്നുപോലും ലക്ഷ്യം കാണാൻ കഴിയുന്ന തീവ്രശേഷിയുള്ള ഈ തോക്ക് വാങ്ങാൻ സുബ്ഹാനി ശ്രമിച്ചതിന്റെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതാണ് വിധി ജീവപര്യന്തത്തിലെത്തിച്ചത്. ഈ തെളിവ് പ്രതി ഒരുപക്ഷേ, അർഹിക്കുമായിരുന്ന ദാക്ഷിണ്യത്തിന്റെ നേരിയ കണികപോലും ഇല്ലാതാക്കുന്നെന്നാണ് വിധിന്യായത്തിൽ കുറിച്ചിരിക്കുന്നത്.

'ജിഹാദി'യായി മരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്നു നിരീക്ഷിച്ച കോടതി അഞ്ചു കാര്യങ്ങളാണ് പ്രധാനമായി കണ്ടെത്തിയത്. സുബ്ഹാനിയുടെ ഇറാഖിലും തുർക്കിയിലും ലോഗിൻ ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഡെബിറ്റ് കാർഡ് ഉപയോഗവും പ്രധാന തെളിവായി സ്വീകരിച്ചു.

2015 ജൂൺ 15-ന് രാത്രി 10.58-ന് ഇറാഖിലെ ബാഗ്ദാദിൽനിന്ന് ലോഗിൻ ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയുള്ള സന്ദേശങ്ങളാണ് നിർണായകമായത്. 2015 ഏപ്രിൽ എട്ടിനും സെപ്റ്റംബർ ഏഴിനും ഇടയിൽ ഒരുതവണ പോലും ഡെബിറ്റ് കാർഡ് ഉപയോഗിക്കാതിരുന്നതിന്റെ വിശദീകരണം നൽകാൻ സുബ്ഹാനിക്കു കഴിഞ്ഞില്ല.

ഇറാഖിൽ ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകളും നിർണായകമായി. ഫൊറൻസിക് സർജൻ നടത്തിയ പരിശോധനയിൽ സുബ്ഹാനിയുടെ ഇടതു കാൽമുട്ടിലെ പരിക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയുധം ചുമന്നതിന്റെ അടയാളം പോലെ വസ്ത്രത്തിന്റെ തോൾഭാഗത്തു സംഭവിച്ച തേയ്മാനവും സുബ്ഹാനിയുടെ വസ്ത്രത്തിൽനിന്നു കണ്ടെത്തിയ പൊട്ടാസ്യം ക്ലൊറൈഡിന്റെയും പൊട്ടാസ്യം നൈട്രേറ്റിന്റെയും അംശങ്ങളുമാണ് മറ്റൊരു തെളിവ്.

പ്രായവും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് ശിക്ഷയിൽ കുറവ് വരുത്തണമെന്ന വാദം കോടതി പരിഗണിച്ചില്ല. വ്യക്തിയുടെ താത്‌പര്യത്തേക്കാൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ യുവാക്കൾ ഇത്തരം ഭീകരസംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നതിലെ വേദനയും ആശങ്കയും വിധിയിലുണ്ട്. അവർക്ക് അവരുടെ വിശ്വാസത്തിലുള്ള സ്വർഗം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. എന്നാൽ, നന്നായി ചിന്തിച്ചാൽ ഇന്ത്യൻ ഭരണഘടനയിലെ നിയമങ്ങൾതന്നെയാണ് സ്വർഗതുല്യമെന്ന് പ്രതിക്കു മനസ്സിലാകുമെന്നും അതയാളെ സ്വാധീനിച്ചവരോട് പറയാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവർത്തിച്ചത് മൊസൂളിൽ

കൊച്ചി: 2015-ൽ തുർക്കിവഴി ഇറാഖിലേക്കുകടന്ന സുബ്ഹാനി ഐ.എസിൽ ചേർന്ന് ആയുധപരിശീലനം നേടിയശേഷം മൊസൂളിലെ യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം വിന്യസിക്കപ്പെട്ടുവെന്നാണ് കേസ്.

2016-ൽ കണ്ണൂർ കനകമലയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കുവേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് സുബ്ഹാനിയെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തത്.

2019 ജനുവരിയിൽ തുടങ്ങിയ സാക്ഷിവിസ്താരത്തിൽ ബാഗ്ദാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ അടക്കം 46 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അർജുൻ അമ്പലപ്പറ്റ ഹാജരായി.

കുറ്റവും ശിക്ഷയും

• ഐ.പി.സി. 125 - ഇന്ത്യയുമായി സൗഹൃദത്തിലുള്ള മറ്റൊരു ഏഷ്യൻ രാജ്യത്തിനുനേരെ യുദ്ധംചെയ്യുക

• ശിക്ഷ - ഏഴുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

• ഐ.പി.സി. 120 ബി - ഗൂഢാലോചന

• ശിക്ഷ - അഞ്ചുവർഷം തടവും 10,000 രൂപ പിഴയും.

• യു.എ.പി.എ. വകുപ്പ് 20 - ഭീകരസംഘടനയിൽ അംഗമാകുക

• ശിക്ഷ - ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും.

• യു.എ.പി.എ. 38 - ഭീകരസംഘടനയിൽ അംഗമാകാമെന്നു വാഗ്ദാനം ചെയ്യുക, അതിനായി പരിശ്രമിക്കുക

• ശിക്ഷ - ഏഴുവർഷം തടവ്.

• യു.എ.പി.എ. 39 - ഭീകരസംഘടനയെ പിന്തുണയ്ക്കുക, അവരോടു സഹകരിക്കുക

• ശിക്ഷ - ഏഴുവർഷം തടവ്.

Content Highlights:terrorist subhani haja moideen case nia court verdict