ഹൈദരാബാദ്: തെലങ്കാനയിലെ പ്രണയ്കുമാര്‍ വധക്കേസിലെ മുഖ്യപ്രതി മാരുതി റാവുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി മകള്‍ അമൃതവര്‍ഷിണി. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലെ പശ്ചാത്താപം കൊണ്ടാകാം അച്ഛന്‍ ജീവനൊടുക്കിയതെന്നും പ്രണയിന്റെ മരണശേഷം അദ്ദേഹവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും അമൃത പറഞ്ഞു. അച്ഛന്റെ മരണവിവരം മാധ്യമങ്ങളിലൂടെയാണ് താനറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. 

അന്നത്തെ സംഭവത്തിനുശേഷം അച്ഛനുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആരും അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചതുമില്ല. പ്രണയിന്റെ മരണത്തില്‍ ഒരുപക്ഷേ അദ്ദേഹത്തിന് പശ്ചാത്താപം തോന്നിയിട്ടുണ്ടാകാം. അതാകാം ജീവനൊടുക്കാന്‍ കാരണം. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അമൃത പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഞായറാഴ്ച രാവിലെയാണ് ഹൈദരാബാദിലെ ആര്യവൈസ ഭവനില്‍ മാരുതി റാവുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹം ഇവിടെ മുറിയെടുത്തത്. 

ഞായറാഴ്ച രാവിലെ മാരുതി റാവുവിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ആര്യവൈസ്യ ഭവന്‍ ജീവനക്കാരെ വിവരമറിയിച്ചു. ഇവര്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മാരുതി റാവുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഒസ്മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

Read Also: തെലങ്കാനയിലെ ജാതിക്കൊല: മുഖ്യപ്രതി മാരുതി റാവു മരിച്ച നിലയില്‍

മകള്‍ അമൃതവര്‍ഷിണിയുടെ ഭര്‍ത്താവ് പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മാരുതി റാവു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 2018 സെപ്റ്റംബറിലായിരുന്നു മാരുതി റാവു നിയോഗിച്ച ക്വട്ടേഷന്‍ സംഘം പ്രണയിനെ കൊലപ്പെടുത്തിയത്. 

ഗര്‍ഭിണിയായിരുന്ന അമൃതവര്‍ഷിണിക്കും മാതാവിനുമൊപ്പം ഡോക്ടറെ കണ്ട് മടങ്ങുമ്പോള്‍ മിരിയാല്‍ഗുഡയിലെ ആശുപത്രിക്ക് മുന്നില്‍വെച്ചായിരുന്നു കൃത്യം നടത്തിയത്. അമൃതവര്‍ഷിണിയുടെയും മാതാവിന്റെയും മുന്നില്‍വെച്ച് പ്രണയിനെ അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 

എതിര്‍പ്പ് വകവെയ്ക്കാതെ ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയ്കുമാര്‍ മകളെ വിവാഹം കഴിച്ചതിലുള്ള പകതീര്‍ക്കാന്‍ അച്ഛനും അമ്മാവനുമാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ പഠനകാലം തൊട്ടേ പ്രണയബദ്ധരായിരുന്നു പ്രണയ് കുമാറും അമൃതയും. അമൃതയുടെ അച്ഛനമ്മമാരുടെ എതിര്‍പ്പ് അവഗണിച്ച് 2018 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. പ്രണയ്കുമാറിനെ കൊലപ്പെടുത്തിയപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്ന അമൃതവര്‍ഷിണി കഴിഞ്ഞവര്‍ഷം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 

Content Highlights: telangana maruthi rao death; daughter amritha varshini's response to local media