താനൂര്‍(മലപ്പുറം): ഗള്‍ഫിലേക്ക് രക്ഷപ്പെട്ടെങ്കിലും പിടിച്ചുനില്‍ക്കാനായില്ല, ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി നാടകീയമായ കീഴടങ്ങല്‍. കൊലപാതകത്തിന് പിന്നാലെ മംഗളൂരു വഴി ദുബായിലേക്ക് കടന്നെങ്കിലും അവിടെ ഒരിടത്തും സുരക്ഷിതമായി തങ്ങാനാകില്ലെന്ന ഭയത്താലാണ് താനൂര്‍ സവാദ് വധക്കേസിലെ മുഖ്യപ്രതി ബഷീര്‍ നാട്ടിലെത്തി പോലീസില്‍ കീഴടങ്ങിയത്. പ്രവാസികളും വിവിധസംഘടനകളും ബഷീറിനായി ഗള്‍ഫില്‍ തിരച്ചില്‍ ആരംഭിച്ചതോടെ അവിടെ തങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഓമച്ചപ്പുഴ സ്വദേശിയായ ബഷീര്‍. കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്തിനോടൊപ്പം ചേര്‍ന്നാണ് ബഷീര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. സവാദിനെ ഇല്ലാതാക്കി സൗജത്തിനോടൊപ്പം ജീവിക്കാനായിരുന്നു ക്രൂരമായ കൊലപാതകം. കേസിലെ രണ്ടും മൂന്നും പ്രതികളായ സൗജത്തിനെയും സൂഫിയാനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ ബഷീര്‍ കൃത്യംനടത്തിയതിന് ശേഷം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. 

ഷാര്‍ജയിലെ അഗ്നിശമനസേനാ യൂണിറ്റില്‍ ഷെഫായി ജോലിചെയ്തിരുന്ന ബഷീറിന് തിരിച്ചെത്തിയെങ്കിലും ജോലിയില്‍ പ്രവേശിക്കാനായിരുന്നില്ല. എംബസി, ഇന്റര്‍പോള്‍ മുഖേന പോലീസ് നീക്കങ്ങള്‍ ശക്തമാക്കിയതും, പ്രവാസികള്‍ക്കിടയില്‍ വാര്‍ത്തകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതുമായിരുന്നു പ്രതിക്ക് തിരിച്ചടിയായത്. ഇതിനിടെ, ബഷീറിനെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കളും ശ്രമംതുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞദിവസം ഷാര്‍ജയില്‍നിന്നും ചെന്നൈയിലേക്ക് വിമാനംകയറിയത്. 

ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയിലെത്തിയ ബഷീര്‍ ചെന്നൈ-മംഗളൂരു തീവണ്ടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തിരൂരിലെത്തി. തുടര്‍ന്ന് ടാക്‌സിയില്‍ താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പോലീസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.