'വീടും കുടുംബവും ഇല്ലാത്തവരൊക്കെ തെണ്ടികളാ....നിനക്ക് അത് പറഞ്ഞാല്‍ മനസിലാകില്ല.'  അനാഥത്വത്തിന്റെ വേദന മനസില്‍പ്പേറുന്ന നായകനായാണ് 'ഒരു കുപ്രസിദ്ധ പയ്യനി'ലെ അജയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കോഴിക്കോട് കണ്ണഞ്ചേരിയിലുള്ള ഹോട്ടലിലും വട്ടക്കിണറിലും മീഞ്ചന്തയിലുമുള്ള സിറ്റി ലൈറ്റ് ഹോട്ടലിലും ഇഡ്ഡലി വില്‍പ്പന നടത്തി ജീവിച്ച സുന്ദരിയമ്മയുടെ ദൂരൂഹമരണത്തിന്റെ വിചാരണയാണ് ഈ ചലച്ചിത്രത്തിന്റെ കാതലായ അംശം.

ദൃക്സാക്ഷികളില്ലാത്തതും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നേരിടുന്നതുമായ കേസുകളില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കുന്നത് പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാകുന്നു. ഒരുത്തനെ വേട്ടയാടിപ്പിടിച്ച് പ്രതിയായി അവരോധിക്കുകയും ഒന്നര വര്‍ഷത്തിനുശേഷം അയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തി ജയില്‍മോചിതനാക്കുകയും ചെയ്ത കേസാണ് സുന്ദരിയമ്മയുടെ കൊലപാതകം. അന്വേഷണ ഉദ്യോഗസ്ഥരുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ട, ഒട്ടേറെ പ്രത്യേകതകളുള്ള കേസായിരുന്നു ഇത്.

സമൂഹത്തിനു മുന്നില്‍ ഹാജരാക്കാന്‍ വേണ്ടി മാത്രം കുറ്റവാളികളെ സൃഷ്ടിക്കുന്ന പോലീസിന്റെ ധാര്‍മികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരിക്കല്‍ കുറ്റവാളിയായ മനുഷ്യന്‍ ജയില്‍ മോചിതനായാല്‍ സംഭവിക്കുന്നതെന്താണ്? അയാളെ അനുഭാവപൂര്‍വം നോക്കുന്നവര്‍ക്ക് കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നയാള്‍ എന്ന ലേബല്‍ പതിച്ചുകൊടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഒറ്റയ്ക്ക് നടന്നതുകൊണ്ടാണോ ജയേഷ് ശിക്ഷിക്കപ്പെട്ടത്? ഒറ്റയ്ക്ക് ജീവിച്ചതുകൊണ്ടാണോ സുന്ദരിയമ്മയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയത്? 

സുന്ദരിയമ്മയുടെ കഥ തിരശ്ശീലയിലെത്തിയപ്പോള്‍ പലയിടത്തും കണ്ണു നനയിക്കുന്ന അഭിനയമൂഹൂര്‍ത്തങ്ങള്‍ നമുക്ക് കാണാം. ഗ്രാമീണ പശ്ചാത്തലത്തില്‍ നടന്ന സംഭവങ്ങള്‍ക്ക് വേണ്ടുന്ന ചേരുവകളെല്ലാം സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമുണ്ട്. യഥാര്‍ഥ കഥയിലെ ജയേഷ് എന്ന ജബ്ബാര്‍ ഇവിടെ അജയന്‍ എന്ന അജ്മലായി മാറുമ്പോള്‍ ചെറിയ ചില പൊരുത്തക്കേടുകളുമുണ്ട്. ജീവിതത്തില്‍ തീര്‍ത്തും അനാഥനായ ജയേഷിന് തന്റെ മനസ് പങ്കുവെക്കാന്‍ ഒരു പ്രണയിനിയും ഉണ്ടായിരുന്നില്ല. പോലീസുകാര്‍ തല്ലിച്ചതച്ച അവന് മാനസികമായി പിന്തുണ നല്‍കാന്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയൊരു പെണ്‍കുട്ടി ഇല്ലായിരുന്നുവെങ്കിലും സാഹചര്യത്തെ അതിജീവിക്കാന്‍ കഴിഞ്ഞ നായകനാണ് ജയേഷ്.

മന:പൂര്‍വം തെളിവുകള്‍ കെട്ടിച്ചമച്ച് ആ അനാഥനെ പ്രതിയാക്കാന്‍ ഒരുമ്പെട്ട പോലീസിനോട് അയാള്‍ കരഞ്ഞു പറയുന്നു.' ഞാന്‍ ആ ഹോട്ടലില്‍ പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. നിങ്ങള്‍ എന്റെ ജീവിതം ഇല്ലാതാക്കരുത്' . ജയിലിലടക്കുമ്പോള്‍ പോലീസുകാരോട് അജയന്‍ വിളിച്ചു പറയുന്നത് ഇതാണ്, ' പെറ്റ തള്ള പോലും ഉപേക്ഷിച്ച ഞാന്‍ ഇത്രയും കാലം ജീവിച്ചില്ലേ ? ആരുമില്ലാത്തവര്‍ക്ക് എല്ലാം കാണാന്‍ മുകളില്‍ ഒരാളുണ്ട്. '  പെറ്റമ്മ ഉപേക്ഷിച്ച ജയേഷിനെ എടുത്തുവളര്‍ത്തിയത് സുമതിയമ്മയായിരുന്നു. ആരോരുമില്ലാത്ത ഒരു കുഞ്ഞിന് ജീവിതം നല്‍കി ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ സ്ത്രീയായിരിക്കും അവര്‍.

Crime

സിനിമയിലെ വളര്‍ത്തമ്മയും യഥാര്‍ഥ ജീവിതത്തിലെ സുമതിയമ്മയും

രണ്ടു വര്‍ഷം മുമ്പ് ജയേഷിന്റെ വളര്‍ത്തമ്മയായ സുമതിയമ്മയെ കാണാന്‍ അവരുടെ വീട്ടില്‍ച്ചെന്നപ്പോള്‍ ഈ ലോകത്ത് എവിടെയെങ്കിലും അവന്‍ സമാധാനത്തോടെ ജീവിച്ചാല്‍ മാത്രം മതിയെന്നുള്ള ആഗ്രഹമാണ് ഞങ്ങളോട് പങ്കുവെച്ചത്. ചലച്ചിത്രമായപ്പോള്‍ വെറും ഒരു സീനില്‍ മാത്രം ഒതുങ്ങിപ്പോയ ജയേഷിന്റെ വളര്‍ത്തമ്മ സുമതിയമ്മയും  സഹോദരി ശാന്തിനിയും പറഞ്ഞ വാക്കുകള്‍ക്ക് ഒരു സിനിമയ്ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവ തീക്ഷ്ണത ഉണ്ടായിരുന്നു. 

 അവന്റെ നന്മയ്ക്ക് ഞാന്‍ എന്നും പ്രാര്‍ഥിച്ചിട്ടേ ഉള്ളു. : സുമതിയമ്മ

ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ സ്നേഹിച്ചു വളര്‍ത്തി. ഒടുവില്‍ കൊലയാളിയെ വളര്‍ത്തിയ അമ്മ എന്ന പേരും കിട്ടി. എന്നിരുന്നാലും ഈ അമ്മ വിശ്വസിക്കുന്നു, ജയേഷ് നിരപരാധിയാണ്. സുമതിയമ്മയുടെ അമ്മയായ കല്യാണിയമ്മയാണ് ജയേഷിനെ വളര്‍ത്താന്‍ അവരെ ഏല്‍പ്പിച്ചത്. വെളിമുക്ക് ആസ്പത്രിയില്‍ പ്രസവത്തോടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരുന്നു അത്. പ്രസവിച്ച അമ്മ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയ കല്യാണി അമ്മ അഞ്ച് പെണ്‍മക്കളുള്ള സ്വന്തം മകള്‍ക്ക് വളര്‍ത്താന്‍ ഒരു ആണ്‍കുഞ്ഞിനെ നല്‍കുകയായിരുന്നു.

"ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ ആ സ്ത്രീ കുഞ്ഞിനെ നശിപ്പിക്കാന്‍ മരുന്നുകള്‍ കഴിച്ചിരുന്നു. അതുകൊണ്ടു തന്നെ ബുദ്ധിക്ക് ചെറിയ തകരാറുള്ള കുട്ടിയായിരുന്നു അവന്‍. ദയയും സഹതാപവുമുള്ള കുട്ടിയായിരുന്നു അവന്‍. അല്ലറ ചില്ലറ കളവുകള്‍ നടത്തിയിരുന്നുവെന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് അവന്‍ കൊലയാളിയാണെന്ന് ഒരിക്കലും അര്‍ഥമില്ല. താന്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി അവനില്ലായിരുന്നു. എന്തെങ്കിലും പശ്നമുണ്ടാക്കിയാല്‍ ഞാന്‍ വഴക്കു പറഞ്ഞാല്‍ അടുത്ത നിമിഷം പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ സമീപിക്കും. അവന്‍ ഒരിക്കലും ഒരു കൊലപാതകം ചെയ്യില്ല. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യവുമല്ല അത്. ഏതോ വലിയ ആള്‍ക്കാര്‍ ഇതിന്റെ പിന്നിലുണ്ട്. അവന്റെ നന്മയ്ക്ക് ഞാന്‍ എന്നും പ്രാര്‍ഥിച്ചിട്ടേ ഉള്ളു. എവിടെയെങ്കിലും സന്തോഷത്തോടെ അവന്‍ ജീവിക്കട്ടെ." സുമതിയമ്മയുടെ വാക്കുകളില്‍ കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും ഒരു വലിയ ചിത്രമുണ്ട്. 

കുഞ്ഞായിരുന്നപ്പോള്‍ തന്നെ ബുദ്ധിക്കുറവ് തിരിച്ചറിഞ്ഞിരുന്നതുകൊണ്ട് കുറേ ചികിത്സകള്‍ നടത്തിയതായും ഡോക്ടറുടെ രേഖകള്‍ അവര്‍ സൂക്ഷിച്ചുവെച്ചതായും പറയുന്നു. അപസ്മാര രോഗവും അവനുണ്ടായിരുന്നെന്ന് സുമതിയമ്മ പറയുന്നു. അച്ഛന്റെ വിലപിടിപ്പുള്ള പുതിയ വാച്ച് മിഠായി വാങ്ങാന്‍ വേണ്ടി വെറും നൂറു രൂപയ്ക്ക് ആര്‍ക്കോ അവന്‍ വിറ്റിരുന്നു. ക്രൂരമായ ഒരു കൊലപാതകം ചെയ്യാനുള്ള മനക്കരുത്തൊന്നും ജയേഷിനില്ലെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.

ജയേഷ് ഒരിക്കലും വീട്ടില്‍ ആരെയും ദേഹോപദ്രവം എല്‍പ്പിച്ചിട്ടില്ല. കഷ്ടപ്പെട്ട് ജീവിച്ചാലെങ്കിലും നന്നാവട്ടെ എന്നു കരുതിയാണ് ജയേഷിനെ ഹൈദരാബാദില്‍ ജോലി ചെയ്യാന്‍ പറഞ്ഞയച്ചതെന്ന് സുമതിയമ്മ പറയുന്നു. ജയില്‍ മോചിതനായ ശേഷം തന്നെക്കാണാന്‍ വന്ന ജയേഷിനെക്കുറിച്ച് സുമതിയമ്മ ഓര്‍ക്കുന്നു: ' ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ പോയതല്ലേ. നിനക്ക് 18 വയസ്സായല്ലോ. ഇനി സ്വന്തമായി പണിയെടുത്ത് എവിടെയെങ്കിലും പോയി ജീവിച്ചോളു' . ഇതായിരുന്നു സുമതിയമ്മ ജയേഷിനോട് അവസാനമായി പറഞ്ഞത്.

പൊന്നുപോലെ നോക്കി; പോലീസ് തല്ലിച്ചതച്ചു: ശാന്തിനി

"12 വര്‍ഷം മുമ്പ് ജയേഷ് ഞങ്ങളെ വിട്ടുപോയി. അവന്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. കൊടുക്കാവുന്ന സ്നേഹം മുഴുവന്‍ കൊടുത്താണ് അവനെ വളര്‍ത്തിയത്. നല്ല വിദ്യാഭ്യാസം  നല്‍കാന്‍ ഇംഗ്ളീഷ് മീഡിയത്തില്‍ തന്നെ ചേര്‍ത്തു. സാധാരണ കുട്ടികളുടെ ബുദ്ധി അവന് ഇല്ലായിരുന്നു. പ്രായത്തിനനുസരിച്ച് ചിന്തിക്കാന്‍ അവന് കഴിയില്ലായിരുന്നു. മോനേ, നിന്നെ ഞാന്‍ രക്ഷപ്പെടുത്താം.നീ ഇങ്ങനെ ചെയ്താല്‍ മതിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അതേ പടി സ്വീകരിക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. ബുദ്ധിപരമായി ഉണര്‍വുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ജയേഷിനെ അമ്മ തന്നെ കുറച്ചുകാലം ജുവനൈല്‍ ഹോമില്‍ കൊണ്ടുപോയി താമസിപ്പിച്ചിരുന്നു. പിന്നീട് ജുവനൈല്‍ ഹോമില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അവന്‍ അധികകാലം ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല." ജയേഷിനെ സ്വന്തം അനുജനായി സ്നേഹിച്ച  സുമതിയമ്മയുടെ മകള്‍ ശാന്തിനിക്ക് കണ്ണീരോടെയല്ലാതെ അക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ല. 

10 രൂപ കിട്ടിയാലും നൂറു രൂപ കിട്ടിയാലും ജയേഷിന് ഒരു പോലെയാണ്. പണത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനും മോശമായിരുന്നു. അവന് കൃത്യമായ ശമ്പളം കിട്ടിയിരുന്നോയെന്നു പോലും സംശയമുണ്ടെന്നാണ് ശാന്തിനി പറയുന്നത്.

"മോന്‍ ജോലി ചെയ്ത് കിട്ടുന്ന പൈസയൊക്കെ ബാങ്കിലിട്ടോളു. നിനക്ക് നന്നായി ജീവിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ പണം സൂക്ഷിക്കാന്‍ അവന് അറിയില്ല. കിട്ടുന്ന പൈസ ദുരുപയോഗം ചെയ്തു കളയും. ജയില്‍മോചിതനായ ശേഷം ജയേഷ് അമ്മയെക്കാണാന്‍ വന്നിരുന്നു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. പോലീസുകാര്‍ അടിച്ചുസമ്മതിപ്പിച്ചതാണെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. വളരെ സ്നേഹത്തോടെയാണ് അവന്‍ ഞങ്ങളോടൊപ്പം വളര്‍ന്നത്. ഒരിക്കലും ഒരു കൊലപാതകം ചെയ്യാന്‍ അവന് കഴിയില്ല." ശാന്തിനി പറയുന്നു.

കൈക്കുഞ്ഞായിരിക്കുമ്പോള്‍ വളര്‍ത്തി വലുതാക്കിയ കുട്ടിയെ കണ്ണില്‍ മുളകു തേച്ച് തല്ലിച്ചതച്ചുവെന്ന് കേട്ടാല്‍ സങ്കടം കൊണ്ടു കരയുകയല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ലെന്ന് പറയുമ്പോള്‍ ജയേഷ് ഇവര്‍ക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കാം. ജയില്‍ മോചിതനായ ശേഷം കാണാനെത്തിയ ജയേഷിന് ശാന്തിനി ഭക്ഷണം കൊടുത്തിരുന്നു. പക്ഷേ കുടുംബത്തില്‍ എല്ലാവരും അവരുടെ ഈ പ്രവൃത്തിയെ അനുകൂലിക്കണമെന്നില്ലെന്ന് അവര്‍ തന്നെ പറയുന്നു.

ജയില്‍മോചിതനായ ശേഷവും വേട്ടയാടപ്പെട്ട ജയേഷ് 

സിനിമയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങള്‍ ജയേഷിന്റെ കഥയിലുണ്ട്. ജയില്‍മോചിതനായ ശേഷം പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ ഐ.പി.സി 457,380 പ്രകാരം രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ജയേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2015 മെയില്‍ പരാതിക്കാരന്റെ സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് പയ്യാനക്കലിലെ വീട്ടില്‍ക്കയറി 19,000 രൂപ മോഷ്ടിച്ചുവെന്നതാണ് കേസ്. 2016 ഏപ്രില്‍ 18 ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിജു മേനോന്‍ ഈ കേസിലും ജയേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ 11 മാസം ജയിലില്‍ കഴിഞ്ഞു. 

സ്വന്തമെന്നു പറയാന്‍ ആരുമില്ലാതായിപ്പോയ ചിലര്‍ക്കു സംഭവിച്ച ദുരന്തമാണ് ഈ കഥ. ജീവിക്കാന്‍ വേണ്ടി ഏകാന്തസമരം നടത്തുന്നവരായിരുന്നു സുന്ദരിയമ്മയും ജയേഷും. ഒറ്റപ്പെട്ടവരെ ശാരീരികമായും മാനസികമായും മുറിവേല്‍പ്പിക്കാന്‍ വളരെ എളുപ്പം കഴിയുമെന്ന മുന്നറിയിപ്പുകൂടിയാണോ ഇത്? മക്കളും കുടുംബാംഗങ്ങളും ജീവിച്ചിരിക്കുമ്പോള്‍, സുന്ദരിയമ്മയ്ക്ക് നീതി കിട്ടിയില്ലെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ആരും മുന്നോട്ട് വരാത്തത് എന്താണ്? 29 പ്രാവശ്യം അതിക്രൂരമായി വെട്ടേറ്റ് പിടഞ്ഞുമരിച്ച ആ അമ്മയ്ക്കു വേണ്ടി പിന്നീട് ആരും ശബ്ദമുയര്‍ത്തിയതായി കണ്ടില്ല. മരണത്തില്‍പ്പോലും അനാഥയായവളാണ് സുന്ദരിയമ്മ. നീതി നിഷേധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മറ്റൊരു മുഖം. 

Content highlights: Sundariyamma murder, Oru Kuprasidda Payyan, Crime special