മലപ്പുറം: കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തി (21) ന്റെ  മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം കണ്ടെത്തിയ വാളാഞ്ചേരി ചേറ്റൂരിലെ ചെങ്കല്‍ക്വാറിയിലാണ് തെളിവെടുപ്പ് നടത്തിയത്.മാര്‍ച്ച് 10-നാണ് സുബീറ ഫര്‍ഹത്തിനെ കാണാതായത്. 

മൃതദേഹത്തില്‍ നിന്ന് ലഭിച്ച വസ്ത്രങ്ങളിലൂടെ കൊല്ലപ്പെട്ടത് കാണാതായ പെണ്‍കുട്ടിയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി  മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതശരീരം അയയ്ക്കുകയാണെന്നും തെളിവെടുപ്പിന് ശേഷം പോലീസ് വ്യക്തമാക്കി.

സുബീറ ഫര്‍ഹത്തിനെ 42 ദിവസം മുമ്പാണ് കാണാതായത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്ന വഴി പെണ്‍കുട്ടിയെ കാണാതെയാവുകയായിരുന്നു. വീട്ടില്‍ നിന്ന്  50 മീറ്റര്‍ അകലെയുള്ള സിസിടിവിയില്‍ സുബീറയുടെ ദൃശ്യം പതിഞ്ഞിരുന്നു. അതിന് ശേഷം എങ്ങോട്ടുപോയി എന്നത് ദുരൂഹമായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ അയല്‍വാസി വാരിക്കോടന്‍ അന്‍വര്‍ എന്നയാളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ നാട്ടുകാരായ ചിലരാണ് ക്വാറിയില്‍ മണ്ണ് ഇളകിയനിലയില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സുബീറയുടെ തിരോധാനത്തിന് ഉത്തരം ലഭിച്ചത്.  

അന്‍വറിനെ ചോദ്യം ചെയ്തതില്‍ നിന്ന് വീട്ടില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ മാത്രം അകലെ ക്വാറിയോട് ചേര്‍ന്ന് മ‍ൃതദേഹം ഉപേക്ഷിച്ചുവെന്നാണ് മൊഴി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് മ‍ൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നര പവന്‍ സ്വര്‍ണത്തിന് വേണ്ടിയാണ്  21 കാരിയെ കൊലപ്പെടുത്തിയത് എന്നാണ് അന്‍വര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി  ഇത് പൂര്‍ണമായും പോലീസ് മുഖവിലയ്‌ക്കെടുത്തില്ല.  

ഫര്‍ഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

 

Content Highlight: Subheera farhath murder case: Police takes Anwar for evidence collection