പാലക്കാട്: തൃത്താലയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. തൃത്താല പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിലാണ് അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. 

കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും ചങ്ങരംകുളം സ്വദേശിയുമായ അജ്മലിനെ(21) കഴിഞ്ഞദിവസം വൈകിട്ട് മുതലാണ് കാണാതായത്. പരീക്ഷ നടക്കുന്നതിനാല്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മല്‍ ചങ്ങരംകുളത്തെ വീട്ടില്‍നിന്ന് കോളേജിലേക്ക് തിരിച്ചത്. തുടര്‍ന്ന് പരീക്ഷയ്ക്ക് കയറിയ അജ്മല്‍ മൂന്നരമണിയോടെ പരീക്ഷാഹാള്‍ വിട്ടു. ഇതിനുശേഷം വിദ്യാര്‍ഥിയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. 

സാധാരണ വൈകിട്ട് ആറു മണിയോടെ വീട്ടിലെത്താറുള്ള അജ്മലിനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളോടും സഹപാഠികളോടും അന്വേഷിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഇതിനിടെയാണ് പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി സൂചന കിട്ടിയത്. തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളേജ് അധികൃതരും രാത്രിയില്‍ കോളേജിലെത്തി പരിശോധന നടത്തിയപ്പോള്‍ പരിക്കേറ്റനിലയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

കോളേജ് കെട്ടിടത്തിന്റെ മുകളില്‍ അജ്മലിനെ കണ്ടെത്തുമ്പോള്‍ കഴുത്തില്‍ തുണികഷ്ണം കെട്ടിയനിലയില്‍ കിടക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് വലിയുമ്മ മരണപ്പെട്ടതിന് ശേഷം അജ്മലിനെ നിരാശനായനിലയിലാണ് കണ്ടെതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ചിത്രം വ്യക്തമാകൂവെന്നും തൃത്താല പോലീസ് അറിയിച്ചു. അജ്മലിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

Content Highlights: student found dead at minority arts college building in padinjarangadi trithala