കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റമീസിന്റെ അറസ്റ്റോടെ അന്വേഷണം തമിഴ്നാട്ടിലേക്കുംനീളുന്നു. കേരളത്തിലേക്കു കടത്തുന്ന സ്വർണം റമീസാണ് തമിഴ്നാട്ടിൽ എത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോയമ്പത്തൂരിൽനിന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

പത്തു വർഷം കൊണ്ടാണ് സ്വർണക്കടത്തിന്റെ ഹബ് ആയി ചെന്നൈ വിമാനത്താവളം മാറിയത്. രണ്ടു സാമ്പത്തികവർഷങ്ങളിലായി ചെന്നൈ കസ്റ്റംസ് വിമാനത്താവളത്തിൽനിന്ന് പിടിച്ചെടുത്തത് 600 കിലോ സ്വർണമാണ്. 2018-19-ൽ 271 കിലോ പിടിച്ചപ്പോൾ 2019-20 -ൽ 375 കിലോയായി 'വളർന്നു'. ചെന്നൈ കസ്റ്റംസ് 2019-20 സാമ്പത്തികവർഷം സ്വർണക്കടത്തിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 924 ആണ്. അറസ്റ്റിലായവർ 136. തൊട്ടുമുമ്പത്തെ വർഷം 461 കേസുകളിൽ അറസ്റ്റിലായത് 56 പേർ.

''പിടിക്കപ്പെടുന്നതിന്റെ പത്തിരട്ടി സ്വർണം ഓരോ വർഷവും പുറത്തെത്തുന്നുണ്ട്. വിമാനത്താവളത്തിൽ അഞ്ചു കിലോ പിടിച്ചാൽ ഒരു കിലോ എന്ന് രേഖപ്പെടുത്തി, കമ്മിഷനും വാങ്ങി വിടും''- പേരു വെളിപ്പെടുത്താത്ത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുമ്പ് ഒരു കിലോ കടത്തിയാൽ മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു കമ്മിഷൻ. അത് ആഭരണങ്ങളാക്കി മാറ്റിയാൽ അഞ്ചു ലക്ഷം രൂപവരെയാകും. ഇപ്പോൾ ഒരു കിലോ സ്വർണത്തിന് ആറു ലക്ഷംവരെയാണ് കമ്മിഷൻ. പത്തു വർഷത്തിനിടെ സ്വർണക്കടത്തിനു പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും രാമനാഥപുരം ജില്ലക്കാരാണ്. കടത്തുസ്വർണത്തിലെ നല്ലൊരുപങ്കും പോകുന്നത് രാമനാഥപുരത്തേക്കാണ്. അവിടെനിന്ന് സ്വർണപ്പണിക്കാരിലേക്കും. വെറും സ്വർണമായി കൊടുക്കുന്നതിനെക്കാൾ ആഭരണങ്ങളാക്കിയാലുള്ള കൂടുതൽ ലാഭമാണ് ഇതിനുപിന്നിൽ.

സ്വർണക്കടത്തിലെ രാഷ്ട്രീയം

തമിഴ്നാട്ടിലെ സ്വർണവ്യാപാരത്തിൽ ശ്രീലങ്കയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് വലിയ നിക്ഷേപവും സ്വാധീനവുമുണ്ട്. ലങ്കൻ വിമാനത്താവളംവഴിയും മീൻപിടിത്ത ബോട്ടുകളിലൂടെയും തമിഴ്നാട്ടിലേക്ക് സ്വർണമെത്താറുണ്ട്. ആഭരണനിർമാണം മാത്രമല്ല, മുൻപ് എൽ.ടി.ടി.ഇ. ഉണ്ടായിരുന്നപ്പോൾ ഈ പണം ആ വഴിക്കും ഉപയോഗിച്ചിട്ടുണ്ട്.

സ്വർണക്കടത്തിലെ രാഷ്ട്രീയം ഉറപ്പിച്ച സംഭവമുണ്ടായത് 2017-ൽ ആണ്. രാമനാഥപുരം ഡി.സി.സി. പ്രസിഡന്റ് ആയിരുന്ന 'ഗുഡ്ലക്ക് രാജേന്ദ്രൻ' എന്നറയിപ്പെടുന്ന എസ്. രാജേന്ദ്രനെയും ഡ്രൈവർ കെ. ഗാന്ധിയെയും 12 കിലോ ഗ്രാം സ്വർണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. ശ്രീലങ്കയിൽനിന്നു ചെന്നൈയിലേക്ക് കടത്തുകയായിരുന്നു നാലു കോടി രൂപ വിലവരുന്ന സ്വർണം.

രാജേന്ദ്രന്റെ വസതിയിൽ റെയ്‌ഡ് നടന്നു. ഇതിനുപിന്നാലെ രാജേന്ദ്രനെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. തൊട്ടടുത്ത വർഷം രണ്ടു കോടി യു.എസ്. ഡോളർ അനധികൃതമായി എത്തിച്ചതിന് രാജേന്ദ്രന്റെ 15 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

Content Highlights:srilankan relation with gold smuggling