കോയമ്പത്തൂർ: ദുരൂഹസാഹചര്യത്തിൽ മരിച്ച അധോലോക നേതാവ് അങ്കോട ലക്ക ഇന്ത്യയിലിരുന്നും ശ്രീലങ്കയിലെ അധോലോക പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നതായി റിപ്പോർട്ട്. കോയമ്പത്തൂരിൽ കഴിയുമ്പോൾ വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ഇന്റർനെറ്റ് ഫോൺവിളികളിലൂടെയും തന്റെ കൂട്ടാളികളുമായി അങ്കോട ലക്ക നിരന്തരം ബന്ധപ്പെട്ടിരുന്നു. കോയമ്പത്തൂരിലായിരുന്നെങ്കിലും ശ്രീലങ്കയിലെ തന്റെ സാമ്രാജ്യത്തിന്റെ നിയന്ത്രണം അങ്കോട ലക്ക കൈവിട്ടിരുന്നില്ല.

2019 സെപ്റ്റംബറിൽ ശ്രീലങ്കയിൽ കൊണ്ഡ തരക എന്നയാളെ വെടിവെച്ച് കൊന്ന കേസിന്റെ ആസൂത്രണത്തിന് പിന്നിൽ അങ്കോട ലക്കയാണെന്നാണ് ശ്രീലങ്കൻ പോലീസിന്റെ കണ്ടെത്തൽ. അങ്കോട ലക്കയുടെ സംഘമാണ് കൊണ്ഡ തരകയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കോയമ്പത്തൂരിൽനിന്ന് അങ്കോട ലക്ക വാട്സാപ്പിലൂടെയാണ് ഇതിനുള്ള നീക്കങ്ങൾ നടത്തിയതെന്നും കൂട്ടാളികൾക്ക് നിർദേശങ്ങൾ നൽകിയതെന്നും ശ്രീലങ്കൻ പോലീസ് പറയുന്നു.

2014-ലാണ് അങ്കോട ലക്ക കൊലക്കേസിൽ ശ്രീലങ്കൻ പോലീസിന്റെ പിടിയിലാകുന്നത്. പിന്നാലെ ജാമ്യത്തിലിറങ്ങി കൂടുതൽപേരെ കൊന്നൊടുക്കി. അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൊലപാതക പരമ്പര തന്നെ അരങ്ങേറി. ഒടുവിൽ പിടിക്കപ്പെടുമെന്ന് തോന്നിയ വേളയിലാണ് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടന്നത്.

ജൂലായ് മൂന്നിന് കോയമ്പത്തൂരിലെ ചേരമാൻനഗറിലാണ് ദുരൂഹസാഹചര്യത്തിൽ അങ്കോട ലക്ക മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ കാളപട്ടി ചേരൻമാനഗർ ഗ്രീൻഗാർഡനിൽ ശിവകാമി സുന്ദരി (36), അങ്കോട ലക്കയുടെ ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്ത് ശ്രീലങ്ക കൊളംബോ അമാനി താൻചി മുഖാരിയ (27), ഈറോഡ് ഇന്ദിരാനഗർ ധ്യാനേശ്വരൻ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലായ് മൂന്നാംവാരം ശ്രീലങ്കയിൽ അങ്കോട ലക്കയുടെ രണ്ട് സഹായികൾ പോലീസ് പിടിയിലായിരുന്നു. പെൺസുഹൃത്ത് അമാനി അങ്കോട ലക്കയെ മദ്യത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഇവർ ശ്രീലങ്കൻ പോലീസിന് നൽകിയ മൊഴി.

2017-ൽ എതിരാളിസംഘത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ലങ്കയിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോഴാണ് അങ്കോട ചെന്നൈയിലേക്ക് കടന്നത്. ഇവിടെ വ്യാജപാസ്പോർട്ട് കേസിൽ പിടിയിലായപ്പോൾ ജാമ്യത്തിലിറങ്ങി ബെംഗളൂരുവിലേക്ക് മുങ്ങി. ശ്രീലങ്കയിൽ കള്ളക്കടത്ത് നിയന്ത്രിച്ചിരുന്ന ഇയാളെ പിടികൂടാൻ ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരുന്നു. ഇതിനായി ശ്രീലങ്കൻ ഉദ്യോഗസ്ഥരും ബെംഗളൂരുവിലെത്തിയിരുന്നു.

ചേരമാൻ നഗറിൽ മരിച്ച അങ്കോട ലക്കയുടെ പേര് പ്രദീപ് സിങ് എന്നാണെന്നും പോസ്റ്റുമോർട്ടം നടത്തണമെന്നുമാവശ്യപ്പെട്ട് ശിവകാമി സുന്ദരി പീളമേട് പോലീസിനെ സമീപിച്ചിരുന്നു. ഇതിനായി വ്യാജ ആധാർകാർഡും നൽകി. ജൂലായ് നാലിന് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹവുമായി ഇവർ കോയമ്പത്തൂർ വിട്ടു. പോലീസിന്റെ കുറ്റാന്വേഷണവിഭാഗം ആധാർകാർഡും വിലാസവും പരിശോധിച്ചപ്പോഴാണ് മരിച്ച ആൾ ശ്രീലങ്ക അന്വേഷിക്കുന്ന അങ്കോട ലക്ക ആണെന്നറിഞ്ഞത്.

മധുര സ്വദേശിനിയായ ശിവകാമി മൃതദേഹം അവിടെയെത്തിച്ച് ദഹിപ്പിച്ചെന്നാണ് പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. പെൺസുഹൃത്തിനും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അമാനിയും അറസ്റ്റിലായി. അമാനിയെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. തിരുപ്പൂരിൽ താമസിക്കുന്ന ധ്യാനേശ്വരന്റെ സഹായത്തോടെയാണ് അങ്കട ലക്കയ്ക്കും അമാനിക്കും ഇന്ത്യൻ വിലാസവും വ്യാജ ആധാർകാർഡുകളും ശിവകാമി സംഘടിപ്പിച്ചുകൊടുത്തത്.

അങ്കോടയുടെ മരണം കൊലപാതകമാണെന്ന് തമിഴ്നാട് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദുരൂഹമരണത്തെക്കുറിച്ചും ഇന്ത്യയിലെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷിക്കാൻ തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി.യുടെ ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കേസിന്റെ മേൽനോട്ടം ഐ.ജിക്കായിരിക്കും. അറസ്റ്റിലായ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് അണിയറയിലെ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്തൽ സംഘങ്ങളുടെ കുടിപ്പക മരണത്തിന് പിന്നിലുണ്ടോയെന്ന കാര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തും. അങ്കോട ലക്കയുടെ കൂട്ടാളിയായിരുന്ന ലടിയായെന്ന ആളെയും പോലീസ് തിരയുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹമരണത്തിനും വ്യാജരേഖകൾ നിർമിച്ചതിനും രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അങ്കോട ലക്കയും മറ്റും താമസിച്ചിരുന്ന ചേരന്മാ നഗറിലെ വീട്ടിൽ തിരച്ചിൽ നടത്തി വീടിന്റെ ഉടമയെയും അയൽക്കാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

തമിഴ് സംസാരിക്കാത്ത ശാന്തസ്വഭാവിയായിരുന്നു അങ്കോട ലക്കയെന്നാണ് അയൽക്കാർ പറഞ്ഞത്. ഒട്ടേറെ മലയാളികൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. ശ്രീലങ്കൻ തമിഴ്, മലയാളത്തോട് സാമ്യമുള്ളതാണ്. അതുകാരണം മലയാളിയാണെന്നാണ് മിക്കവരും കരുതിയിരുന്നത്. അടച്ചിടൽ കാലം കഴിഞ്ഞാൽ ഉടൻ ദുബായിലേക്ക് പോകുമെന്ന് അങ്കോട ലക്ക പറഞ്ഞതായും വീട്ടുടമ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, അങ്കോട ലക്കയെ തമിഴ്നാട്ടിൽ സഹായിച്ച അഡ്വ. ശിവകാമി സുന്ദരിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ശിവകാമിയുടെ അച്ഛനും അമ്മയും മകനും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ മധുരയിലെ റയിലാർ നഗറിൽനിന്ന് ഒളിവിൽ പോയി. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന ഇവർ മധുരയിലാണ് ആദ്യം അങ്കോടയ്ക്ക് അഭയം നൽകിയത്. പിന്നീടാണ് കോയമ്പത്തൂരിൽ വെവ്വേറെ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്ക് കണ്ടെത്തി നൽകിയത്.

Content Highlights:srilankan gangster ankoda laka operated his gang from coimbatore via whatsapp