കോയമ്പത്തൂർ: ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലക്കയുടെ ദുരൂഹമരണത്തെപ്പറ്റിയും ഇന്ത്യയിലെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷിക്കാൻ തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി.യുടെ ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

കോയമ്പത്തൂർ ഡിവൈ.എസ്.പി. രാജുവായിരിക്കും അന്വേഷണോദ്യോഗസ്ഥനെന്ന് ഐ.ജി. ശങ്കർ അറിയിച്ചു. കേസിന്റെ മേൽനോട്ടം ഐ.ജിക്കായിരിക്കും. അറസ്റ്റിലായ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് അണിയറയിലെ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്തൽ സംഘങ്ങളുടെ കുടിപ്പക മരണത്തിന് പിന്നിലുണ്ടോയെന്ന കാര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തും. അങ്കോട ലക്കയുടെ കൂട്ടാളിയായിരുന്ന ലടിയായെന്ന ആളെയും പോലീസ് തിരയുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹമരണത്തിനും വ്യാജരേഖകൾ നിർമിച്ചതിനും രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അങ്കോട ലക്കയും മറ്റും താമസിച്ചിരുന്ന ചേരന്മാ നഗറിലെ വീട്ടിൽ തിരച്ചിൽ നടത്തി. വീടിന്റെ ഉടമയെയും അയൽക്കാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

തമിഴ് സംസാരിക്കാത്ത ശാന്തസ്വഭാവിയായിരുന്നു അങ്കോട ലക്കയെന്ന് അയൽക്കാർ പറയുന്നു. ഒട്ടേറെ മലയാളികൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. ശ്രീലങ്കൻ തമിഴ്, മലയാളത്തോട് സാമ്യമുള്ളതാണ്. അതുകാരണം മലയാളിയാണെന്നാണ് മിക്കവരും കരുതിയിരുന്നത്. അടച്ചിടൽ കാലം കഴിഞ്ഞാൽ ഉടൻ ദുബായിലേക്ക് പോകുമെന്ന് അങ്കോട ലക്ക വീട്ടുടമയോട് പറഞ്ഞിരുന്നു.

ഇതിനിടെ, അങ്കോട ലക്കയെ തമിഴ്നാട്ടിൽ സഹായിച്ച അഡ്വ. ശിവകാമി സുന്ദരിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ശിവകാമിയുടെ അച്ഛനും അമ്മയും മകനും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ മധുരയിലെ റയിലാർ നഗറിൽനിന്ന് ഒളിവിൽ പോയി. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന ഇവർ മധുരയിലാണ് ആദ്യം അങ്കോടയ്ക്ക് അഭയം നൽകിയത്. പിന്നീടാണ് കോയമ്പത്തൂരിൽ വെവ്വേറെ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്ക് കണ്ടെത്തി നൽകിയത്.

ജൂൺ മൂന്നിന് രാത്രി സ്വകാര്യാശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് അങ്കോട ലക്ക മരിച്ചത്.

Content Highlights:srilankan gangster angoda lakha died in coimbatore