തിരൂര്‍(മലപ്പുറം): ഒമ്പത് വര്‍ഷത്തിനിടെ ദമ്പതിമാരുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍. കുട്ടികളുടെ മരണകാരണം അപസ്മാരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കബറടക്കിയ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 

തിരൂരിലെ റഫീഖ്-സബീന ദമ്പതിമാരുടെ ഒരു കുട്ടി നാലരവയസ്സുള്ളപ്പോഴും ബാക്കി അഞ്ച് കുട്ടികള്‍ ഒരു വയസ്സാകുന്നതിന് മുമ്പുമാണ് മരണപ്പെട്ടത്. ഇതില്‍ മൂന്നാമത്തെ കുട്ടിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമറിയാം. ഈ കുട്ടിയെ പലയിടത്തെ ആശുപത്രികളിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഈ കുട്ടിയും പിന്നീട് മരണപ്പെട്ടു. 

93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ കബറടക്കിയതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാല്‍ ആറാമത്തെ കുഞ്ഞിന്റെ മരണത്തിലും അസ്വാഭാവികതയൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. രാത്രി നിര്‍ത്താതെ കരയുകയും അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയും ചെയ്ത കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

Content Highlights: six children from a family died in tirur, relatives saying no mystery