തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒടുവില്‍ വിചാരണ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കേസിന്റെ വിധി. ഏഴ് അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് 1993-ലാണ് സിബിഐ ഏറ്റെടുത്തത്. സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും 2008-ല്‍ ആരോപണ വിധേയരായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഫാ. പൂതൃക്കയിലെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ഏറെ വിവാദമായ കേസില്‍ നിരവധി സാക്ഷികള്‍ പ്രതിഭാഗത്തിന് അനുസൃതമായി കൂറുമാറിയതും വാര്‍ത്തകളായിരുന്നു. വിചാരണ വേളകള്‍ പലപ്പോഴും നാടകീയത നിറഞ്ഞതായിരുന്നു. നിരവധി നിയമ യുദ്ധത്തിന് ശേഷമാണ് കേസില്‍ കൃത്യമായ അന്വേഷണം നടന്നത്. 28 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കാണ് ഇതോടെ തീരുമാനമായത്. വിചാരണകോടതി വിധിക്കെതിരെ മേല്‍ കോടതികളിലെ അപ്പീലുകളുമായി നിയമ പോരാട്ടം ഇനിയും നീളാനാണ് സാധ്യത.

കേസിന്റെ നാള്‍വഴി ഇങ്ങനെ

* 1992 മാര്‍ച്ച് 27 കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തി.

*1992 മാര്‍ച്ച് 31 ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.

*1993 ജനുവരി 30 സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

*1993 ഏപ്രില്‍ 30 ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റു.

*1993 ഡിസംബര്‍ 30 വര്‍ഗീസ് പി.തോമസ് രാജിവെച്ചു.

*1994 മാര്‍ച്ച് 27 സി.ബി.ഐ. എസ്.പി. കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി.തോമസ് വെളിപ്പെടുത്തി.

*1994 ജൂണ്‍ 2 സി.ബി.ഐ. പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല.

*1996 ഡിസംബര്‍ 6 തുമ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

*1997 ജനുവരി 18 സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.

*1997 മാര്‍ച്ച് 20 പുനരന്വേഷിക്കാന്‍ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു.

*1999 ജൂലായ് 12 അഭയയെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ.

*2000 ജൂണ്‍ 23 സി.ബി.ഐ. ഹര്‍ജി എറണാകുളം സി.ജെ.എം. കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സി.ബി.ഐ. അന്വേഷണമെന്നും കോടതി.

*2001 മേയ് 18 കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.

*2005 ഓഗസ്റ്റ് 21 കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ. മൂന്നാം തവണയും അപേക്ഷ നല്‍കി.

*2006 ഓഗസ്റ്റ് 30 സി.ബി.ഐ. ആവശ്യം കോടതി നിരസിച്ചു.

* 2007 ഏപ്രില്‍: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്.

* 2007 മേയ് 22: ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.

*2007 ജൂണ്‍ 11 കേസ് അന്വേഷണം പുതിയ സി.ബി.ഐ. സംഘത്തിന്.

*2007 ജൂലായ് 6 കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എ.എസ്.ഐ.യെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.

*2007 ഓഗസ്റ്റ് 3 നാര്‍കോ പരിശോധന.

*2007 ഡിസംബര്‍ 11 സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.


*2008 ജനുവരി 21 പരിശോധനാ റിപ്പോര്‍ട്ട് സി.ബി.ഐ. സമര്‍പ്പിച്ചു.

*2008 നവംബര്‍ 18 ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.

* 2008 നവംബര്‍ 24: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സി.ബി.ഐ. മര്‍ദ്ദിച്ചതായുള്ള ആരോപണം.

* 2008 ഡിസംബര്‍ 29: പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കളയുന്നു.

* 2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു.

* 2009 ജനുവരി 14: കേസിന്റെ മേല്‍നോട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഏറ്റെടുക്കുന്നു.

*2018 ജനുവരി 22: കേസിലെ നിര്‍ണായക തെളിവുകളായിരുന്ന അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിളിനെ കോടതി നാലാം പ്രതിയാക്കി

*2018 മാര്‍ച്ച് 7:  ഫാ. ജോസ് പൂതൃക്കയിലെ കേസിലെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കി.

* 2019 ഓഗസ്റ്റ് 26: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിചാരണ ആരംഭിച്ചു

* 2020 ഡിസംബര്‍ 22: കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിക്കുന്നു

Content Highligts: sister abhaya murder case timeline