കോഴിക്കോട്: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 1999-ല്‍ റിലീസ് ചെയ്ത മലയാള സിനിമയായിരുന്നു 'ക്രൈം ഫയല്‍'. കെ. മധു സംവിധാനം ചെയ്ത് സുരേഷ് ഗോപി, വിജയരാഘവന്‍, സംഗീത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം ത്രില്ലര്‍. ഏറെ പ്രമാദമായ കേസിന്റെ പശ്ചാത്തലത്തിലുള്ള സിനിമയായതിനാല്‍ അക്കാലത്ത് പലരും ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ക്രൈം ഫയല്‍. എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാലും ഏറെ സെന്‍സേഷണല്‍ വിഷയമായതിനാലും അതീവ ശ്രദ്ധയോടെയാണ് സിനിമ കൈകാര്യം ചെയ്തതെന്ന് സംവിധായകനായ കെ. മധു പറയുന്നു.

അഭയ കേസ് സിനിമയ്ക്ക് ഒരു പശ്ചാത്തലം ആയെന്നേയുള്ളൂ. ആ സംഭവം ഞങ്ങളുടെ മനസിലുണ്ടായിരുന്നു. പക്ഷേ, ക്രൈം ഫയല്‍ ഒരു കുറ്റാന്വേഷണ കഥ മറ്റൊരു രീതിയില്‍ തികച്ചും സിനിമാറ്റിക് രീതിയില്‍ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. ആരെയും പേരെടുത്ത് പറയാതെ ആരെയും കുറ്റപ്പെടുത്താതെ ഒരു കഥ തിരക്കഥാകൃത്തുകളായ എ.കെ. സാജനും എ.കെ. സന്തോഷും തയ്യാറാക്കി. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസായതിനാലും സെന്‍സേഷണല്‍ സംഭവമായതിനാലും അതീവ ശ്രദ്ധയോടാണ് സിനിമ ചെയ്തത്. ഓരോ ഷോട്ടും കൃത്യതയോടെയാണ് പകര്‍ത്തിയത്. പൊതുസമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ പ്രായം കുറവായിരുന്ന സംവിധായകനായിട്ടും ഓരോ ഷോട്ടിലും അത്രയേറെ ശ്രദ്ധിച്ചിരുന്നു.

ഒരു സംവിധായകന് ചെയ്യാവുന്ന പരമാവധി നീതി പുലര്‍ത്തിയാണ് ആ കഥ സിനിമയാക്കിയത്. റിലീസിന് മുമ്പ് വരെ പലരുടെയും മനസില്‍ സിനിമയെക്കുറിച്ച് ചില കറുത്ത പാടുകളുണ്ടായിരുന്നു. എന്താണ് ഇവര്‍ സിനിമയിലൂടെ ഉദ്ദേശിക്കുന്നതായിരുന്നു അവരെല്ലാം ചിന്തിച്ചത്. മാറ്റിനി കഴിഞ്ഞതോടെ ആ കറുത്ത പാടുകളെല്ലാം മാഞ്ഞു. ഇത് അഭയ കൊലക്കേസല്ലെന്നും വെറും സിനിമ കേസാണെന്നും അവര്‍ക്ക് മനസിലായി- കെ. മധു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

crime file movie

ക്രൈംഫയല്‍ സിനിമയിലെ രംഗം | Photo: Surya Sunny/ Mathrubhumi Archives

പക്ഷേ, തന്റെ കരിയറില്‍ ഇത്രയേറെ ഷെഡ്യൂളുകള്‍ നീണ്ട ഒരു സിനിമ ഇതുവരെ ചിത്രീകരിച്ചിട്ടില്ലെന്നും കെ. മധു വെളിപ്പെടുത്തി. ' ക്രൈം ഫയല്‍ നാലോ അഞ്ചോ ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിനിടയില്‍ ഇത്രയേറെ വിഘ്നങ്ങളുണ്ടായ മറ്റൊരു സിനിമയില്ല. സേതുരാമയ്യര്‍ സി.ബി.ഐ. പോലും ഷൂട്ടിങ് തുടങ്ങി 88-ാം ദിവസം തിയേറ്ററിലെത്തിയിരുന്നു. എന്നാല്‍ ക്രൈം ഫയലിന്റെ ചിത്രീകരണം പലകാരണങ്ങള്‍ കൊണ്ടുംനീണ്ടുപോയി. പലപ്പോഴും ഷൂട്ടിങ് നിന്നുപോയി. ഒടുവില്‍ ആറ് ഷെഡ്യൂളുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്- കെ. മധു പറഞ്ഞുനിര്‍ത്തി.

സിസ്റ്റര്‍ അമലയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നതും അതിനുപിന്നാലെയുള്ള പോലീസ് അന്വേഷണവുമാണ് ക്രൈം ഫയല്‍ എന്ന സിനിമയിലെ കഥ. സംഗീതയാണ് സിസ്റ്റര്‍ അമലയായി വേഷമിട്ടത്. ഡി.ഐ.ജി. ഈശോ പണിക്കര്‍ ഐ.പി.എസ്. ആയി സുരേഷ് ഗോപിയും എസ്.പി. അന്‍വര്‍ സാദത്തായി സിദ്ദീഖും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫാ. ക്ലെമന്റ് കത്തനാരായി വിജയരാഘവന്‍, കാളിയാര്‍ പത്രോസ് വൈദ്യനായി ജനാര്‍ദനന്‍, മാമല മാമച്ചനായി രാജന്‍ പി.ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കള്‍. എ.കെ. സാജന്‍, എ.കെ. സന്തോഷ് തുടങ്ങിയവരാണ് തിരക്കഥ രചിച്ചത്. സാലൂ ജോര്‍ജായിരുന്നു ഛായാഗ്രഹണം. എ. രാമകൃഷ്ണനും സാജന്‍ വര്‍ഗീസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: sister abhaya movie crime file directed by k madhu