കോട്ടയം: കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ പോയ ഏകമകളെയാണ് കോട്ടയം അരീക്കരയിലെ അയിക്കരക്കുന്നേല്‍ തോമസിനും ലീലാമ്മയ്ക്കും നഷ്ടമായത്. കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ 1992 മാര്‍ച്ച് 27-ന് മകളുടെ മൃതദേഹം പൊങ്ങിയപ്പോള്‍ ഇരുവരും അലമുറയിട്ട് കരഞ്ഞു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസും പുരോഹിതരും പിടിപ്പത് പാടുപെട്ടപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ തീര്‍ത്തുപറഞ്ഞു. നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും മുന്നിട്ടിറങ്ങി. ഒടുവില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍ ആ വിധി കേള്‍ക്കാന്‍ തോമസും ലീലാമ്മയും ഈ ലോകത്തില്ല.

മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആയുസ്സിന്റെ ഏറെകാലവും നീക്കിവെച്ചവരായിരുന്നു ഈ ദമ്പതിമാര്‍. എന്നാല്‍ നാല് വര്‍ഷം മുമ്പ് ഇരുവരും ഈ ലോകത്തോട് വിടപറഞ്ഞു. 2016 ജൂലായിലാണ് തോമസ് മരിച്ചത്. നാല് മാസങ്ങള്‍ക്ക് ശേഷം ലീലാമ്മയും യാത്രയായി.  

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ മകള്‍ ഒരിക്കലും അത് ചെയ്യില്ലെന്നായിരുന്നു തോമസിന്റെയും ലീലാമ്മയുടെയും വാക്കുകള്‍. മകളുടെ ഘാതകരെ എന്നെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ മാതാപിതാക്കളുടെ വിശ്വാസം ശരിയായി. മകളെ കൊന്ന് തള്ളിയവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.

കോട്ടയം ബി.സി.എം. കോളേജിലെ രണ്ടാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27-നാണ് കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ് കൊലപാതകമാണെന്ന് സി.ബി.ഐ. സംഘമാണ് കണ്ടെത്തിയത്. പ്രതികള്‍ തമ്മിലുള്ള രഹസ്യബന്ധം അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍.

Content Highlights: sister abhaya case verdict abhaya parents