തിരുവനന്തപുരം: അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നു തെളിയിക്കാന്‍ സി.ബി.ഐ.യെ സഹായിച്ചത് ശാസ്ത്രീയ തെളിവുകള്‍.

സിസ്റ്റര്‍ സെഫിക്ക് കോണ്‍വെന്റിനു പുറത്തുള്ള ചിലരുമായി അടുത്തബന്ധമുണ്ടെന്ന് ബ്രെയിന്‍മാപ്പിങ്ങില്‍ വ്യക്തമായിരുന്നു. സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ചും അടുക്കളവാതില്‍ പുറത്തുനിന്ന് പൂട്ടിയതിനെക്കുറിച്ചും അടുക്കള അലങ്കോലമായി കിടന്നതിനെക്കുറിച്ചും എന്തു പറയണം, എന്തു പറയേണ്ട എന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നതായി പോളിഗ്രാഫ് ടെസ്റ്റിലൂടെ വ്യക്തമായി.

നാര്‍ക്കോ ടെസ്റ്റിലും കന്യാചര്‍മം ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചെന്ന സി.ബി.ഐ.യുടെ കണ്ടെത്തലിലും അഭയയുടെ കൊലപാതകത്തിലും തെളിവ് നശിപ്പിക്കലിലും സിസ്റ്റര്‍ സെഫിയുടെ പങ്ക് വ്യക്തമായിരുന്നു.

ഫാ. കോട്ടൂരിന്റെ ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിലും കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ.ക്കു വ്യക്തമായ തെളിവുലഭിച്ചിരുന്നു. സിസ്റ്റര്‍ സെഫിയുമായുള്ള ബന്ധവും അഭയ അതിരാവിലെ അടുക്കളയിലെത്തിയതും അഭയയെ തലയ്ക്കടിച്ചു കിണറ്റിലിട്ടതും കൊലപാതകവുമായി ബന്ധമുള്ളവരെക്കുറിച്ചും ഫാ. കോട്ടൂരിന് വ്യക്തതയുണ്ടായിരുന്നു. ഫാ. ജോസ് പൂതൃക്കയിലിന്റെ ബ്രെയിന്‍ മാപ്പിങ് പരിശോധനയില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതായും സി.ബി.ഐ. കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാര്‍ക്കോ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങളെ ഈ കേസില്‍ വിചാരണക്കോടതി തെളിവായി പരിഗണിച്ചിരുന്നില്ല. ഇതുസംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്.

നാല് ചുവരുകള്‍ക്കുള്ളിലാണ് കൊലപാതകിയും

കൊച്ചി: പോലീസിന്റെയും സി.ബി.ഐ.യുടെയുമൊക്കെ റിപ്പോര്‍ട്ട് തള്ളാന്‍ കോടതിയെ പ്രേരിപ്പിച്ചത് അടിസ്ഥാനപരമായ സംശയങ്ങളായിരുന്നു. നാല് മതില്‍ക്കെട്ടിനുള്ളിലെ കെട്ടിടത്തില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ പിടികൂടാനാകുന്നില്ലെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് കോടതിക്ക് അംഗീകരിക്കാനേ ആകുമായിരുന്നില്ലായിരുന്നു. ദുരൂഹതകളൊന്നും ചാര്‍ത്താന്‍ കഴിയാത്ത തികച്ചും സാധാരണമായ കൊലപാതകമായി മാത്രമേ ഇതിനെ കാണാനുമായിരുന്നുള്ളൂവെന്നും അന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായിരുന്ന, പിന്നീട് ജില്ലാ ജഡ്ജിയായി വിരമിച്ച പി.ഡി. ശാര്‍ങ്ധരന്‍ പറഞ്ഞു.

കാവല്‍ നായ്ക്കള്‍ കുരച്ചില്ല

കോണ്‍വെന്റിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കാവലായി നാല് നായ്ക്കളാണ് ഉണ്ടായിരുന്നത്. എല്ലാ ദിവസത്തെയും പോലെ അഭയ കൊല്ലപ്പെട്ട ദിവസം രാത്രിയിലും അവയെ അഴിച്ചുവിട്ടിരുന്നു. പക്ഷേ, കോടതിയില്‍ നല്‍കിയ രേഖയില്‍ അവ അഭയ കൊല്ലപ്പെട്ട രാത്രിയില്‍ അസ്വാഭാവികമായി കുരച്ചതായി രേഖപ്പെടുത്തിയിരുന്നില്ല. കോടതിയെ സംശയത്തിലാക്കിയ പ്രധാനഘടകങ്ങളിലൊന്നായിരുന്നു അത്.

133 സാക്ഷികള്‍, വിസ്തരിച്ചത് 49 പേരെ

തിരുവനന്തപുരം: അഭയ കേസില്‍ ആകെയുണ്ടായിരുന്നത് 133 സാക്ഷികള്‍. ഇതില്‍ പലരും കൂട്ടത്തോടെ കൂറുമാറിയതോടെ അന്വേഷണ ഉദ്യോഗസ്ഥനടക്കം 49 പേരെ മാത്രമാണ് സി.ബി.ഐ. വിസ്തരിച്ചത്. സ്വന്തം വാക്കില്‍ ഉറച്ചുനിന്ന അടയ്ക്കാ രാജുവെന്ന മോഷ്ടാവിന്റെ മൊഴി കേസില്‍ നിര്‍ണായകമാവുകയും ചെയ്തു. സംഭവദിവസം കോണ്‍വെന്റില്‍ വെച്ച് ഫാ. തോമസ് കോട്ടൂരിനെ കണ്ടുവെന്നാണ് രാജു സി.ബി.ഐ. ഉദ്യോഗസ്ഥരോടും പിന്നീട് മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും പറഞ്ഞിരുന്നത്. ഏറെ സമ്മര്‍ദമുണ്ടായെങ്കിലും മൊഴി മാറ്റാന്‍ രാജു തയ്യാറായില്ല. കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുകയും കടുത്ത ശാരീരിക പീഡനം ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, രാജു ഇളകിയില്ല.

മിന്നല്‍ രക്ഷാജാലകത്തിന്റെ ചെമ്പുതകിട് മോഷ്ടിക്കാനാണ് അടയ്ക്കാ രാജു സംഭവദിവസം അവിടെയെത്തിയത്. മുകള്‍ നിലയിലേക്ക് രണ്ടുപേര്‍ കയറിപ്പോയതില്‍ ഒരാള്‍ ഫാ. തോമസ് കോട്ടൂരായിരുന്നുവെന്ന് ആദ്യംമുതലേ അടയ്ക്കാ രാജു പറഞ്ഞിരുന്നു. ഈ മൊഴി വിചാരണക്കോടതിയിലും ആവര്‍ത്തിച്ചു. ഇതാണ് തോമസ് കോട്ടൂരിന്റെ പങ്ക് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് ഏറെ സഹായകമായത്.

പ്രതികള്‍ക്കനുകൂലമായി പ്രചാരണം നടത്താന്‍ ആവശ്യപ്പെടുകയും അതിന് ഫാ. കോട്ടൂര്‍ പണം വാഗ്ദാനം ചെയ്‌തെന്നും പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാല്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇയാളോട് ഫാ. കോട്ടൂര്‍ നടത്തിയ കുറ്റസമ്മതത്തെക്കുറിച്ചായിരുന്നു വേണുഗോപാലിന്റെ മൊഴി. ഇതും കേസില്‍ നിര്‍ണായകമായി.സിസ്റ്റര്‍ അഭയക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി, കോണ്‍വെന്റിലെ അടുക്കളജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ എന്നിവര്‍ വിചാരണക്കോടതിയില്‍ കൂറുമാറി. ഇവരെ നാര്‍ക്കോ പരിശോധനയ്ക്കു വിധേയരാക്കാന്‍ കഴിയാത്തതു സംബന്ധിച്ച് സി.ബി.ഐ. തന്നെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയ സഞ്ജു പി. മാത്യുവാണ് വിചാരണവേളയില്‍ കൂറുമാറി പ്രതികള്‍ക്കനുകൂലമായി മൊഴിനല്‍കിയ മറ്റൊരാള്‍. പലപ്പോഴും ഫാ. കോട്ടൂര്‍ സ്‌കൂട്ടര്‍ തന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടാണ് കോണ്‍വെന്റിലേക്കു പോകുന്നതെന്ന് സഞ്ജു പി. മാത്യു തുടക്കത്തില്‍ മൊഴിനല്‍കിയിരുന്നു. ഇത് വിചാരണക്കോടതിയില്‍ മാറ്റിപ്പറഞ്ഞു. ഇയാള്‍ക്കെതിരേ സി.ബി.ഐ. നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

Content Highlights: sister abhaya case