ന്യൂഡല്‍ഹി: ഗുണ്ടാസംഘാംഗങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസ് സംഘത്തില്‍ ആദ്യമായി ഒരു വനിതാ ഉദ്യോഗസ്ഥയും. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടറായ പ്രിയങ്കയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഓപ്പറേഷനില്‍ പങ്കാളിയായത്. ഏറ്റുമുട്ടലിനൊടുവില്‍ പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെ പോലീസ് സംഘം കീഴ്പ്പെടുത്തി.
മക്കോക്ക കേസിലും ഒട്ടേറെ കൊലപാതക, കവര്‍ച്ചാക്കേസുകളിലും പ്രതികളായ രോഹിത് ചൗധരി, ടിറ്റു എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹി പ്രഗതിമൈതാനിന് സമീപമാണ് പോലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടലുണ്ടായത്.
ഒളിവില്‍കഴിയുന്ന രോഹിതും ടിറ്റുവും ഡല്‍ഹിയിലെ ബൈരോണ്‍ റോഡില്‍ വരുന്നുണ്ടെന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് ഡി.സി.പിയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രത്യേകദൗത്യസംഘത്തിലെ എ.സി.പി. പങ്കജിനെ ഇരുവരെയും പിടികൂടാനായി നിയോഗിച്ചു. വനിതാ എസ്.ഐ.യായ പ്രിയങ്കയും സംഘത്തിലുണ്ടായിരുന്നു.
ആദ്യമായിട്ടായിരുന്നു ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഇത്തരമൊരു ഓപ്പറേഷനുള്ള പോലീസ് സംഘത്തില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ പ്രിയങ്കയുടെ കഴിവില്‍ പരിപൂര്ണവിശ്വാസമുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ തീരുമാനത്തില്‍ മറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.
പുലര്‍ച്ചെ, നാടകീയ രംഗങ്ങള്‍...
രോഹിതും ടിറ്റുവും കാറില്‍ വരുന്നുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇവരെ റോഡില്‍ തടഞ്ഞുനിര്‍ത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. എന്നാല്‍ പോലീസിന്റെ കണ്ടതോടെ പ്രതികള്‍ ബാരിക്കേഡുകള്‍ ഇടിച്ചുതെറിപ്പിച്ച് കാറില്‍ കുതിച്ചു. പിന്നാലെ പോലീസിന് നേരേ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് സംഘം തിരിച്ച് വെടിവെപ്പ് നടത്തിയതെന്ന് ഡിസിപി ഭിഷംസിങ് പറഞ്ഞു.
വെടിയേറ്റു
ഏറ്റുമുട്ടലിനിടെ പ്രിയങ്കയ്ക്ക് വെടിയേറ്റെങ്കിലും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചതിനാല്‍ രക്ഷപ്പെട്ടു. എ.സി.പി. പങ്കജും തലനാരിഴയ്ക്കാണ് അക്രമികളുടെ വെടിയുണ്ടകളില്‍നിന്ന് രക്ഷപ്പെട്ടത്. ഇതിനിടെ, പോലീസ് സംഘം പ്രതികളായ രണ്ടുപേരെയും വെടിവെച്ച് കീഴ്പ്പെടുത്തിയിരുന്നു. കാലില്‍ പരിക്കേറ്റ ഇരുവരെയും പിന്നീട് ആര്.എം.എല്‍. ആശുപത്രിയിലെത്തിച്ചു.
മക്കോക്ക കേസിലും ഒട്ടേറെ കൊലപാതക, കവര്‍ച്ചാക്കേസുകളിലും ഉള്‍പ്പെട്ട രോഹിതിനും ടിറ്റുവിനുമായി ഡല്‍ഹി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച ഇരുവരെയും ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തിയത്. നേരത്തെ രോഹിതിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നാല് ലക്ഷം രൂപയും ടിറ്റുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പിടികിട്ടാപ്പുള്ളികളായ ഗുണ്ടാസംഘാംഗങ്ങളുമായ രണ്ടുപേരെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രഗതിമൈതാനിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് രോഹിത് ചൗധരി, ടിറ്റു എന്നിവരെ പോലീസ് നാടകീയമായി പിടികൂടിയത്. മക്കോക്ക കേസിലും ഒട്ടേറെ കൊലപാതക, കവര്‍ച്ചാക്കേസുകളിലും പ്രതികളാണ് ഇരുവരും.
Content Highlights: si priyanka first woman si participated in encounter delhi police arrested two criminals