ന്യൂഡല്‍ഹി: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ സുരക്ഷാസേന വധിച്ചത് 36 മണിക്കൂര്‍ നീണ്ടുനിന്ന ദൗത്യത്തിലൂടെ. നിരവധി തവണ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നായികൂവിനെ ഒളിസങ്കേതം വളഞ്ഞ് രക്ഷപ്പെടാനുള്ള വഴികളടച്ചാണ് കഴിഞ്ഞദിവസം സുരക്ഷാസേന വധിച്ചത്. 

കഴിഞ്ഞ ആറുമാസമായി നായികൂവിന്റെ ഓരോനീക്കങ്ങളും സുരക്ഷാസേന സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. പലതവണ കൈയില്‍നിന്ന് വഴുതിപോയെങ്കിലും ഇത്തവണ വിജയംകണ്ടേ മടങ്ങൂവെന്ന് ഓരോ ഉദ്യോഗസ്ഥരും ഉറപ്പിച്ചിരുന്നു. 

ബെയ്ഗ്‌പോരയിലെ വീട്ടില്‍ റിയാസ് നായികൂ ഒളിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ക്ക് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു. 15 ദിവസം ഞങ്ങള്‍ രാവുംപകലും അതിനുവേണ്ടി പ്രവര്‍ത്തിച്ചു. കഴിഞ്ഞ മൂന്ന് ദിവസം ഓരോ മിനിറ്റും ഓരോ സെക്കന്‍ഡും അതിനുമാത്രമായിരുന്നു- ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് എന്‍ഡിടിവിയോട് പറഞ്ഞു.

ഏറെ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണിത്. പലതവണ ഞങ്ങള്‍ നായികൂവിന്റെ അരികിലെത്തിയിരുന്നു. പക്ഷേ, അപ്പോഴെല്ലാം അയാള്‍ രക്ഷപ്പെട്ടു. അയാളുടെ പല ഒളിസങ്കേതങ്ങളിലും ഞങ്ങള്‍ ഇരച്ചുകയറി പരിശോധന നടത്തിയെങ്കിലും വെറുംകൈയോടെ മടങ്ങുകയായിരുന്നു- ദില്‍ബാഗ് സിങ് കൂട്ടിച്ചേര്‍ത്തു. 

ഏകദേശം ഒരു ഡസനിലേറെ ഒളിസങ്കേതങ്ങളാണ് നായികൂവിനായി തെക്കന്‍ കശ്മീരില്‍ മാത്രം ഒരുക്കിയിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഓരോ വീടും കയറിയിറങ്ങി സുരക്ഷാസംഘം പരിശോധന നടത്തി. ഒടുവില്‍ നായികൂ ഒളിച്ചിരിക്കാനിടയുള്ള രണ്ട് കേന്ദ്രങ്ങള്‍ മാത്രം ബാക്കിയായി. 

ബെയ്ഗ്‌പോരയിലെ വീട്ടില്‍ നായികൂ ഉണ്ടെന്ന് പോലീസും സുരക്ഷാ ഏജന്‍സികളും ഉറപ്പിച്ചു. എന്തുവന്നാലും അയാളെ കിട്ടാതെ തിരികെവരില്ലെന്ന് ഉറപ്പിച്ചാണ് ഓരോരുത്തരും ദൗത്യത്തിനിറങ്ങിയത്. 

ഞങ്ങളുടെ ഓഫീസര്‍മാരില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ സുരക്ഷാ ഏജന്‍സികള്‍ ആ ഒളിസങ്കേതത്തിന് ചുറ്റുംനിന്നു. ആ വീട്ടിനുള്ളില്‍ അയാളുണ്ടെന്ന് ഞങ്ങള്‍ക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു- ദില്‍ബാഗ് സിങ് വിശദീകരിച്ചു. ഏറ്റുമുട്ടലുണ്ടായെങ്കിലും കാര്യമായി വെടിയുതിര്‍ക്കാതെ വീട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കാനാണ് നായികൂ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്തെ വീടുകളില്‍നിന്നുള്ളവരെയെല്ലാം പോലീസ് സംഘം നേരത്തെ ഒഴിപ്പിച്ചിരുന്നു. അതിനിടെ, ഒളിസങ്കേതത്തില്‍ വല്ല ടണലും നിര്‍മിച്ചിട്ടുണ്ടെങ്കില്‍ നായികൂ അതുവഴി രക്ഷപ്പെടാനുള്ള സാധ്യതയും സുരക്ഷാസേന മുന്‍കൂട്ടി കണ്ടിരുന്നു. ഇതിനായി പ്രത്യേക മുന്‍കരുതലുകളും സ്വീകരിച്ചു. 

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നായികൂവിനെ ഏറ്റുമുട്ടലില്‍ വധിച്ചത്. എന്നാല്‍ ഇതിനിടെ പോലീസിന് നേരേ രൂക്ഷമായ കല്ലേറുണ്ടായെന്നും ദില്‍ബാഗ് സിങ് പറഞ്ഞു. ജനങ്ങള്‍ ഞങ്ങള്‍ക്ക് നേരേ കല്ലെറിഞ്ഞു. ഞങ്ങളില്‍ ചിലര്‍ക്കും അവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാസേനയുടെ വാഹനങ്ങള്‍ തകര്‍ന്നതായും ദില്‍ബാഗ് സിങ് പറഞ്ഞു. 

'ആ കൊലയാളി പോയി' എന്ന് പറഞ്ഞാണ് ദില്‍ബാഗ് സിങ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖം അവസാനിപ്പിച്ചത്. ആ കൊലയാളി പോയി. നിരവധി സാധാരണക്കാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും മരണങ്ങള്‍ക്ക് ഉത്തരവാദിയായിരുന്നു അയാള്‍. പോലീസുകാരെ തട്ടിക്കൊണ്ടുപോയവന്‍, കൊലപ്പെടുത്തിയവന്‍. അയാള്‍ മരിച്ചു, ദില്‍ബാഗ് സിങ് പറഞ്ഞു. 

Content Highlights: security force operation for killing terrorist riyas naikoo