കോട്ടയം: നാടകീയതയും ദുരൂഹതയും നിറഞ്ഞതായിരുന്നു റിട്ട.എസ്.ഐ അടിച്ചിറ മുടിയൂര്‍ക്കര പറയകാവില്‍ സി.ആര്.ശശിധരന്റെ(62) കൊലപാതകം.
ഞായറാഴ്ച രാവിലെയാണ് ഗാന്ധിനഗര്‍ ഗുരുമന്ദിരം കവലയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മണിക്കൂറുകള്‍ക്കകം അയല്ക്കാരന് കണ്ണാമ്പടം ജോര്‍ജ് കുര്യനെ(സിജു-45) സംശയത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിചേര്‍ക്കാന്‍ തക്കവണ്ണമുള്ള തെളിവുകള്‍ ലഭിച്ചില്ല.
വീണ്ടും പിടിയിലായപ്പോള്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സിജുവിന് പിടിച്ചുനില്‍ക്കാനായില്ല. അടങ്ങാത്ത പകയായിരുന്നു കൊലപാതകത്തിന് വഴിവെച്ചതെന്ന് സിജു വെളിപ്പെടുത്തി.
കൊലപാതകത്തിലേക്ക് നയിച്ചത്
അയല്‍ക്കാരും സിജുവും തമ്മില്‍ വഴിതര്‍ക്കം നിലനിന്നിരുന്നു. കേസ് ജയിക്കാനായി അയല്‍വാസികള്‍ക്ക് എല്ലാതരത്തിലുമുള്ള നിയമസഹായം നല്‍കിയത് ശശിധരനാണെന്ന സംശയം.
വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് പലതവണ ശശിധരനും അയല്ക്കാര്ക്കുമെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും പരിശോധന നടത്തിയതല്ലാതെ നടപടിയെടുക്കാതിരുന്നത് മറ്റൊരു കാരണം.
ജീവനെപ്പോലെ ഇഷ്ടപ്പെടുന്ന എട്ടു നായ്ക്കളില്‍ നാലെണ്ണത്തിനെ ഒരുവര്‍ഷത്തിനിടെ വിഷം നല്കി കൊലപ്പെടുത്തിയത് ശശിധരനാണെന്ന സംശയം.
തെളിവെടുപ്പിന് വന്‍ പോലീസ് സന്നാഹം
കോട്ടയം: മുന്‍ എസ് ഐ. സി.ആര്.ശശിധരന് കൊല്ലപ്പെട്ട കേസില്‍ പ്രതി സിജുവിനെ തെളിവെടുപ്പിനായി എത്തിച്ചത് വന്‍ പോലീസ് സന്നാഹത്തോടെ. കോട്ടയം ഡിവൈ.എസ്.പി. ആര്.ശ്രീകുമാര്‍, എസ്.എച്ച്.ഒ.മാരായ നിര്‍മല്‍ ബോസ്, എം.ജെ.അരുണ്‍, എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം പോലീസ് ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിനായി എത്തിയത്.
ആളുകള്ക്കിടയില്നിന്നുള്ള പ്രതിഷേധം ഭയന്നാണ് ഇത്രയും പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചത്. ബോംബ്സ്ക്വാഡും ഫൊറന്‍സിക്-വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
എസ്.ഐ.മാരായ ടി.എസ്. റെനീഷ്, സജിമോന്‍, ഷിബുക്കുട്ടന്, എ.എസ്.ഐ.മാരായ പി.എന്‍. മനോജ്, ജോര്‍ജ് വി.ജോണ്‍, എ.ആര്. അരുണ്‍കുമാര്‍, പി.കെ. സജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം എസ്. നായര്‍, കെ.ആര്.ബൈജു, എ.കെ. അനീഷ്, കെ.എം. രാധാകൃഷ്ണന്, നിസാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Content Highlight: Retd S I C R Sasidharan murder case