തൃശ്ശൂർ: അതീവ സാഹസിക നീക്കങ്ങള്‍ക്ക് ഒടുവിലാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിനെ പോലീസ് പിടികൂടുന്നത്. പോലീസ് തിരച്ചില്‍  വ്യാപകമാക്കിയതോടെ ചതുപ്പിലൊളിച്ച മാര്‍ട്ടിനെ പിടികൂടാന്‍ നാട്ടുകാരും ഒപ്പം കൂടി. ഡ്രോണ്‍ ഉപയോഗിച്ചുള്ള പോലീസിന്റെ സ്മാര്‍ട്ട് തിരച്ചിലില്‍ വൈകാതെ മാര്‍ട്ടില്‍ വലയിലുമായി. പരാതി കിട്ടിയിട്ടും പരിഗണിക്കാതെ മൂക്കിന്‍ തുമ്പത്തുണ്ടായിരുന്നിട്ടും പിടികൂടാതെ മാര്‍ട്ടിനെ വിട്ടുകളഞ്ഞ പോലീസിന് ഒടുവില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. രക്ഷപ്പെട്ട് ഓടിയ മാര്‍ട്ടിനെ പിടികൂടാന്‍ ആദ്യം ഇരുട്ടില്‍ തപ്പിയ പോലീസിന് ഒടുവില്‍ തുണയായത്  സൃഹൃത്തുക്കളുടെ മൊഴിയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്. 

കൂട്ടാളികളായ തൃശ്ശൂര്‍ പാവറട്ടി സ്വദേശി പറക്കാട്ടുവീട്ടില്‍ ധനീഷ്(29), പുത്തൂര്‍ സ്വദേശി കണ്ടിരുത്തി വീട്ടി ശ്രീരാഗ്(27), മുണ്ടൂര്‍ സ്വദേശി പരിയാടന്‍ വീട്ടില്‍ ജോണ്‍ ജോയ്(28) എന്നിവര്‍ വ്യാഴാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. മാര്‍ട്ടിന്റെ വീടിന് അടുത്തുള്ള തൃശ്ശൂര്‍ മുണ്ടൂരിലെ ചതുപ്പ് പ്രദേശത്താണ് പോലീസ് തിരച്ചില്‍ തുടങ്ങിയത്. ആദ്യം ഉച്ചയ്ക്ക് ഒരു ഒളിസങ്കേതത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവിടെനിന്ന് പ്രതി കടന്നിരുന്നു. രാത്രിയോടെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ മാര്‍ട്ടിന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ജൂണ്‍ എട്ടിന് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് മുങ്ങിയ പ്രതി ചതുപ്പ് പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മാര്‍ട്ടിനെ കൊച്ചിയില്‍നിന്ന് തൃശ്ശൂരിലേക്ക് പോകാന്‍ സഹായിച്ചത് രണ്ടാം പ്രതി ധനീഷാണ്. തൃശ്ശൂരില്‍ ഇയാള്‍ക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കികൊടുത്തത് ശ്രീരാഗും ജോണും ചേര്‍ന്നായിരുന്നു. മാര്‍ട്ടിന്‍ കൊച്ചിയില്‍നിന്ന് തൃശ്ശൂരിലേക്ക് കടക്കാന്‍ ഉപയോഗിച്ച ബി.എം.ഡബ്ല്യു. കാറടക്കം നാല് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27-കാരിയെ തടങ്കലില്‍ വെച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു മാര്‍ട്ടിന്‍. ഫെബ്രുവരി 15- മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചുവരുകയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു.

യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ടു.

യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകി. തുടര്‍ന്ന് യുവതി ജൂണ്‍ ഏഴിന് പോലീസിനെതിരേ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും വനിതാകമ്മിഷന്‍ അടക്കം പോലീസിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

മാര്‍ട്ടിന്‍ ജോസഫ് എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അടുത്ത് താമസിച്ചിരുന്നവര്‍ക്ക് പോലും അറിയില്ല. കടവന്ത്രയിലെയും മറൈന്‍ഡ്രൈവിലെയും ഫ്‌ളാറ്റുകളില്‍ മാറി മാറി താമസിച്ചപ്പോഴും അയല്‍ക്കാരോട് അകലം പാലിച്ചിരുന്നു. മറൈന്‍ഡ്രൈവില്‍ യുവതിയെ തടങ്കലില്‍ വെച്ച് നടത്തിയ പീഡനം പുറത്തറിയാതെ പോയതും ഇതുകൊണ്ടുതന്നെ.

എറണാകുളത്ത് താമസിച്ച ഫ്‌ലാറ്റുകളിലെല്ലാം ആഡംബര സൗകര്യങ്ങളോടെയാണ് മാര്‍ട്ടിന്‍ ജീവിതം നയിച്ചിരുന്നത്. മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിന് മാസവാടക അര ലക്ഷം രൂപയാണ്. വമ്പന്‍ കാറുകളിലായിരുന്നു കറക്കവും. തൃശ്ശൂരിലെ വീട്ടുകാരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളില്‍ വീട്ടില്‍ വരുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ക്കും മാര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നു മാത്രമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്ത് ബിസിനസെന്ന് ആര്‍ക്കുമറിയില്ല. ക്രിപ്‌റ്റോ കറന്‍സി, മണി ചെയിന്‍ ഇടപാടുകളിലൂടെ പണം സമ്പാദിച്ചിരുന്നതായി വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കുടുക്കിയത് ഡ്രോണും കൂട്ടുകാരുടെ ഫോണും

പോലീസ് തിരച്ചില്‍ തുടങ്ങിയതോടെ മാര്‍ട്ടിന്‍ ജോസഫ് ഫോണ്‍ സ്വിച്ച് ഓഫാക്കി. അടുത്ത സുഹൃത്തുക്കളുടെ ഫോണ്‍ ആണ് ഉപയോഗിച്ചത്. ഇതിനാല്‍ത്തന്നെ പിടിയിലാകില്ലെന്ന് മാര്‍ട്ടിന്‍ വിശ്വസിച്ചു. പക്ഷേ, സൈബര്‍ വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിന്റെ സുഹൃത്തുക്കളുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നു. ചതുപ്പ് പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞാല്‍ പോലീസിന്റെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാര്‍ട്ടിന്‍ കരുതി. പക്ഷേ ഡ്രോണ്‍ ഉപയോഗിച്ച് ചതുപ്പ് പ്രദേശമാകെ പോലീസ് തിരഞ്ഞു. സംശയമുള്ളിടത്ത് മാത്രമാണ് പോലീസ് സംഘം നേരിട്ടെത്തിയത്. ഇത് കൂടുതല്‍ മേഖലയില്‍ വേഗത്തില്‍ തിരച്ചില്‍ നടത്താന്‍ സഹായകരമായി. മാര്‍ട്ടിന്‍ വേഗം പിടിയിലുമായി.

ഫോണ്‍ കണ്ടെത്താന്‍ പോലീസ്

കണ്ണൂര്‍ സ്വദേശിനിയുടെ നഗ്‌ന വീഡിയോ മാര്‍ട്ടിന്റെ കൈയില്‍നിന്ന് കണ്ടെത്തി നശിപ്പിക്കുകയാണ് പോലീസിന്റെ അടുത്ത കടമ്പ. ഇതിനായി മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു പരിശോധിക്കും. മറ്റു യുവതികളുടെയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

ഒളിത്താവളം മാറി മാറി, മാര്‍ട്ടിന്‍

കൊച്ചിയില്‍നിന്ന് തൃശ്ശൂരിലെത്തിയശേഷം മാര്‍ട്ടിന്‍ ജോസഫ് മാറി മാറി, ഒളിവില്‍ താമസിക്കുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ താവളങ്ങള്‍ കണ്ടെത്തിയിരുന്നത്. ആശയവിനിമയത്തിന് സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയതറിഞ്ഞതോടെ മുണ്ടൂരിനടുത്ത് വയലുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലത്തേക്ക് മാറി. ചതുപ്പുനിലത്തോട് ചേര്‍ന്നുള്ള ഇവിടെയിരുന്നാല്‍, ദൂരെനിന്ന് ആളുകള്‍ എത്തുന്നത് കാണാമെന്നതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ കാരണം.

മുണ്ടൂരിന് സമീപമുള്ള മേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തി, ചതുപ്പിലും വെള്ളത്തിലും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പോലീസ് തിരച്ചില്‍ നടത്തി. സഹകരണം തേടി പോലീസ് നാട്ടുകാരെ സമീപിച്ചതോടെ അവരും കൂടി.

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കാട്ടിലേക്ക് ഓടിമറയുന്ന യുവാവിന്റെ ദൃശ്യം കണ്ടതോടെ അന്വേഷണം ആ പ്രദേശം കേന്ദ്രീകരിച്ചായി. രക്ഷയില്ലാതെ മാര്‍ട്ടിന്‍ സമീപത്തെ ഇന്‍ഡസ്ട്രിയല്‍ മേഖയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇവിടെ കെട്ടിടത്തിന് മുകളില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും ഒരു കൂസലുമില്ലാത്ത സ്ഥിതിയിലായിരുന്നു മാര്‍ട്ടിന്‍.

പിടികൂടാന്‍ തുണയായി നാട്ടുകാരും

മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ പോലീസിനു തുണയായത് ആര്‍.ആര്‍.ടി. പ്രവര്‍ത്തകരുള്‍പ്പെടെയുള്ള നാട്ടുകാര്‍. കൊച്ചി സിറ്റി പോലീസ്, ഷാഡോ പോലീസ്, തൃശ്ശൂര്‍ സിറ്റി പോലീസ്, തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസ്, പേരാമംഗലം - മുളങ്കുന്നത്തുകാവ് പോലീസ് സ്റ്റേഷനുകളിലെ സംഘം എന്നിവര്‍ക്കൊപ്പം രാഷ്ട്രീയഭേദമില്ലാതെ സംഘടനകളും പ്രതിയെ പിടികൂടാന്‍ ഒന്നിച്ചു.

മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണം പ്രതിസന്ധിയിലായിരിക്കെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പര്‍ േകന്ദ്രീകരിച്ച അന്വേഷണമായിരുന്നു ഒടുവില്‍ കുരുക്കിയത്.

കൊച്ചിയില്‍നിന്നു മുങ്ങിയ മാര്‍ട്ടിന്‍ ജോസഫ് തൃശ്ശൂരിലെത്തിയ വിവരം കിട്ടിയതോടെ കൊച്ചി സെന്‍ട്രല്‍ സി.ഐ. നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്നുതന്നെ തൃശ്ശൂരിലെത്തി അന്വേഷണം തുടങ്ങി.

തൃശ്ശൂര്‍ സിറ്റി പോലീസിലെയും ഷാഡോ പോലീസിലെയും അംഗങ്ങള്‍ നിരീക്ഷണത്തിനായി ഇറങ്ങി. പേരാമംഗലം, മുളങ്കുന്നത്തുകാവ് പോലീസും രംഗത്തെത്തിയതോടെ അന്വേഷണം അതിവേഗത്തിലായി.

Content Highlight: Rape accused martin nabbed from Wetland, Thrissur