വാഗമൺ: രാജ്കുമാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ 38 ദിവസങ്ങൾക്കുശേഷമാണ്, സംസ്കരിച്ച മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തത്. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചിരുന്ന രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11.45-ഓടെ കല്ലറ തുറന്ന് പുറത്തെടുത്തു.

തിങ്കളാഴ്ച പുലർച്ചെ മുതൽ പള്ളിമുറ്റത്തും സെമിത്തേരിയിലും വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സെമിത്തേരിയും പരിസരവും പോലീസ് വടംകെട്ടിതിരിച്ചു. സെമിത്തേരിയുടെ ഉള്ളിലേക്ക് പൊതുജനങ്ങളും മാധ്യമങ്ങളും പ്രവേശിക്കരുതെന്ന് പോലീസിന് ആർ.ഡി.ഒ. കർശന നിർദേശം നൽകിയിരുന്നു.

രാവിലെ പത്തോടെ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു. മൃതദേഹം പുറത്തെടുക്കുന്നതിനായി ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർ.ഡി.ഒ. അതുൽ എസ്.നാഥ്, മുൻ ആർ.ഡി.ഒ. എൻ.വിനോദ്, െെക്രംബ്രാഞ്ച് ഡിവൈ.എസ്.പി. ജോൺസൺ ജോസഫ്, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ് മോഹൻ എന്നിവർ വാഗമണ്ണിലെ പള്ളിയിൽ എത്തി.

മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്ത സീനിയർ പോലീസ് സർജന്മാരായ ഡോ. പി.ബി. ഗുജ്‌റാൾ, ഡോ.കെ. പ്രസന്നൻ, ഡോ. ഉൻമേഷ്് എന്നിവരുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. രാജ്കുമാറിന്റെ ഭാര്യ വിജയ, മകൻ ജോഷി, സഹോദരിയുടെ ഭർത്താവ് ആന്റണി എന്നിവർ പള്ളിയിലെത്തിയിരുന്നു. മൃതദേഹം മറവുചെയ്ത സെമിത്തേരിയിലെ സ്ഥലം ഭാര്യ വിജയയാണ് ജുഡീഷ്യൽ കമ്മിഷന് കാട്ടിക്കൊടുത്തത്.

കല്ലറ തുറന്നതിനുശേഷം മൃതദേഹം രാജ്കുമാറിന്റെ തന്നെയാണെന്ന് മകൻ തരിച്ചറിഞ്ഞു. തുടർന്ന് ഡോക്ടമാരുടെ നിർദേശം പ്രകാരം മൃതദേഹം പെട്ടിയോടെ പുറത്തെടുത്ത് ആംബുലൻസിൽ കയറ്റി. ഇൻക്വസ്റ്റും മഹസറും തയാറാക്കിയശേഷം മൃതദേഹം 2.45-ഓടെ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. റീപോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ തിരിച്ചെത്തിച്ച് വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അതേ കല്ലറയിൽ തന്നെ വീണ്ടും മറവുചെയ്തു.

rajkumar custodial death
മൃതദേഹം സംസ്‌കരിച്ച പള്ളി സെമിത്തേരി പോലിസ് വടംകെട്ടി തിരിച്ചിരിക്കുന്നു

തെളിവുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു-വിജയ

റീപോസ്റ്റുമോർട്ടത്തിലൂടെ രാജ്കുമാറിന്റെ മരണത്തിന് കാരണക്കായവർക്കെതിരേ തെളിവു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജ്കുമാറിന്റെ ഭാര്യ വിജയ പറഞ്ഞു. മറവുചെയ്ത മൃതദേഹം വീണ്ടും പുറത്തെടുക്കുന്നതിൽ വിഷമമുണ്ട്. വിജയ പറഞ്ഞു.

അവ്യക്തത നീങ്ങും-നാരായണക്കുറുപ്പ്

മൃതദേഹം മറവുചെയ്തിട്ട് 38 ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ട്. ഇതിന്റേതായ അഴുകൽ മൃതദേഹത്തിലുണ്ടായിട്ടുണ്ട്. എങ്കിലും ആവശ്യമായ വിവരങ്ങൾ റീപോസ്റ്റുമോർട്ടത്തിലൂടെ ലഭിക്കുന്ന സാഹചര്യമുണ്ടെന്ന്‌ ഡോക്ടർമാരോട് സംസാരിച്ചതിൽനിന്നു മനസ്സിലായി. ആദ്യ പോസ്റ്റുമോർട്ടം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കുകളുടെ കാലാപ്പഴക്കം നിർണയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം ആശങ്ക...പിന്നീട് ആശ്വാസം

മതപരമായ ആചാരങ്ങളോടെ മറവുചെയ്ത മൃതദേഹം വീണ്ടും പുറത്തെടുക്കുന്നത് വാഗമൺ പോലെയൊരു തോട്ടം മേഖലയിൽ കേട്ടുകേൾവി മാത്രമുള്ള കാര്യമാണ്. ഇതിനാൽ തന്നെ വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോർജ് തെരുവിലും കൈക്കാരൻമാരും ആശങ്കയിലായിരുന്നു. ജുഡീഷ്യൽ കമ്മിഷന്റെ ഉത്തരവു പ്രകാരം മൃതദേഹം പുറത്തെടുക്കുന്നതിന് തടസമില്ലെങ്കിലും മൃതദേഹം പുറത്തെടുക്കുന്നവർ തന്നെ അത് യഥാസ്ഥാനത്ത് മറവുചെയ്ത് തരണമെന്നായിരുന്നു പള്ളി അധികൃതരുടെ ആവശ്യം. എന്നാൽ പള്ളിയിലെത്തിയ ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പള്ളി അധികൃതരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെയാണ് ആശങ്ക അകന്നത്. നടപടിക്രമങ്ങളെക്കുറിച്ച് പള്ളി വികാരിക്ക് കമ്മിഷൻ വിവരിച്ച് നൽകി. മൃതദേഹം പുറത്തെടുക്കുന്നതിന് മുമ്പ് മതപരമായ എന്തെങ്കിലും ചടങ്ങുകൾ നടത്തേണ്ടതുണ്ടോയെന്ന് കമ്മിഷൻ പള്ളി വികാരിയോടും ബന്ധുക്കളോടും ചോദിച്ചു. മൃതദേഹം തിരികെയെത്തിച്ച് മറവു ചെയ്യുമ്പോൾ മതപരമായ പ്രാർഥനകൾ നടത്തികൊള്ളാമെന്നാണ് പള്ളി വികാരി അറിയിച്ചത്. മൃതദേഹം തിരികെയെത്തിക്കുന്നതുവരെ സെമിത്തേരിയിൽ പ്രത്യേക പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. 

Content Highlights: Rajkumar custodial death re- postmortem