പാലക്കാട്: യുവതിയെ പത്ത് വർഷം ആരുമറിയാതെ വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യുവാവിന്റെ പിതാവ്. മകൻ പത്ത് വർഷം യുവതിയെ വീട്ടിൽ ഒളിപ്പിച്ചെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും തങ്ങളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും റഹ്‌മാന്റെ പിതാവ് മുഹമ്മദ് കനി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 'അവൻ എന്തൊക്കെയോ പറയുകയാണ്. ഒരു പെൺകുട്ടിയെ പത്ത് വർഷമൊക്കെ ചെറിയ മുറിയിൽ എങ്ങനെ ഒളിപ്പിക്കാനാണ്. ഒന്ന് ചെറുതായി തുമ്മിയാൽ പോലും ഞങ്ങൾ കേൾക്കില്ലേ, അവൻ പറയുന്നത് എന്തൊക്കെയോ കഥകളാണ്. പെൺകുട്ടിയെ മറ്റെവിടെയെങ്കിലും താമസിപ്പിച്ചെന്നാണ് ഞങ്ങളുടെ സംശയം''- മുഹമ്മദ് കനി പറഞ്ഞു.

''പെൺകുട്ടിയെ ഇവിടെ താമസിപ്പിച്ചെന്ന് ഞങ്ങൾക്ക് എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾ തന്നെ നാട്ടുകാരെയും ബന്ധപ്പെട്ടവരെയും അറിയിക്കുമായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമായിരുന്നു. റഹ്‌മാൻ ഇപ്പോൾ പറയുന്നതൊന്നും ഞങ്ങൾക്ക് അറിയില്ല. അന്ന് പെൺകുട്ടിയെ കാണാതായ സമയത്ത് പോലീസ് റഹ്‌മാനോടും വിവരങ്ങൾ തിരക്കിയിരുന്നു. എനിക്കൊന്നുമറിയില്ല, ഞാനൊന്നും കണ്ടിട്ടില്ല എന്നൊക്കെയാണ് അവൻ പോലീസിനോട് പറഞ്ഞത്.

"പെൺകുട്ടിയുടെ അമ്മയും അവനോട് ചോദിച്ചപ്പോൾ ഒന്നുമറിയില്ലെന്നും അവളുമായി ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. അവനും അവളും ഇഷ്ടത്തിലാണെന്ന് ആർക്കും സംശയവും ഇല്ലായിരുന്നു. അവന് എന്നും അസുഖമാണെന്നാണ് പറയാറുള്ളത്. കാലുവേദന, കൈവേദന എന്നൊക്കെ പറയും. പണിക്കൊന്നും പോകാറില്ല. ഒരിക്കൽ വർക്ക്ഷോപ്പിൽ പോയ സമയത്ത് കാലിൽ ജാക്കി വീണെന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു. പക്ഷേ, എന്നിട്ടും കാലുവേദനയെന്ന് പറയും എപ്പോഴും.

"പല ഡോക്ടമാരെ കാണിച്ചിട്ടും അവരെല്ലാം ഒരുകുഴപ്പവുമില്ലെന്നാണ് പറഞ്ഞത്. പിന്നീട് വേറെ ആശുപത്രിയിൽ പോകാൻ വിളിച്ചപ്പോൾ സമ്മതിച്ചില്ല. സുഹൃത്തിനോടൊപ്പം ആശുപത്രിയിൽ പോകാൻ പറഞ്ഞപ്പോൾ അവൻ ഓടിപ്പോയി. മാനസികപ്രശ്നങ്ങളാണെന്നാണ് ഞങ്ങൾ കരുതിയത്. അതിനും കുറേ ചികിത്സിക്കാൻ ശ്രമിച്ചു. പിന്നെ വണ്ടി വേണമെന്ന് പറഞ്ഞു. വണ്ടി കിട്ടിയാൽ പണിക്ക് പോകുമെന്ന് കരുതി വണ്ടി വാങ്ങിച്ചുനൽകി. അങ്ങനെ കുറച്ചുനാൾ പണിക്ക് പോയി. പക്ഷേ, വീണ്ടും പഴയ പോലെയായി.

Read Also:യുവതിയെ ഒളിപ്പിച്ച സംഭവം: വനിത കമ്മിഷൻ കേസെടുത്തു....

"രണ്ടു വർഷം മുമ്പ് വീട് പണി നടക്കുന്ന സമയത്ത് അവന്റെ മുറിയിൽ ഞങ്ങൾ കയറിയിരുന്നു. മുറിയിൽ അവന്റെ ടേപ്പ് റിക്കാർഡർ, ടിവി, തുണികൾ, ഇലക്ട്രോണിക് സാധനങ്ങളെല്ലാം ഉണ്ടായിരുന്നു. പിന്നെ ഒരു പെട്ടിയിൽ എന്തോ മൂടിവെച്ചിരുന്നു. അതൊന്നും ഞങ്ങൾ നോക്കിയില്ല. മകളുടെ മകൻ മുറിയിൽ കയറാതിരിക്കാനാണ് അവൻ വാതിലിൽ ഇലക്ട്രോണിക്ക് ലോക്ക് വെച്ചത്. തൊട്ടാൽ ഷോക്കടിക്കുമെന്നും പറഞ്ഞു.

"ഈ സമയത്തൊക്കെ ഒരു പെൺകുട്ടിയെ മുറിയിൽ ഒളിപ്പിച്ച് വെച്ചെങ്കിൽ ഒരു തുമ്മൽ പോലും ഞങ്ങൾ കേൾക്കാതിരിക്കുമോ. ഒരു പെണ്ണല്ലേ, അവൾക്ക് വേണ്ട ചില കാര്യങ്ങളില്ലേ, അതിന് ശരിയായ ആഹാരം വേണ്ടേ? ആ മുറിയിൽ ഒരു കട്ടിൽ പോലുമില്ല. നിലത്താണ് അവൻ കിടന്നിരുന്നത്. ഒരു പെട്ടിയിലൊക്കെ ആ പെൺകുട്ടി എത്ര സമയമിരിക്കും. ജനലിന്റെ അഴികൾ ചിതൽ പിടിച്ചിട്ട് മാറ്റിയെന്നാണ് അവൻ പറയുന്നത്. ജനലിന്റെ അഴി ചിതലൊന്നും പിടിച്ചിട്ടില്ല. വീട് പണി നടക്കുന്ന സമയത്ത് ആ മുറിയിലെ ജനലിന്റെ അഴി ഒന്നും മാറ്റിയിട്ടുമില്ല. ജനലിന്റെ അഴി മാറ്റിയിട്ട് വഴി ഉണ്ടാക്കിയത് എപ്പോഴാണെന്ന് അറിയില്ല.

Read Also:ഒളിച്ചിരിക്കാൻ പ്രത്യേക പെട്ടി; കാമുകിയെ 10 വർഷം ഒളിപ്പിച്ചതിൽ ദുരൂഹതയില്ലെന്ന് പോലീസ്...

"ഞങ്ങളുടെ വീട്ടിൽ ചോറൊന്നും അധികം വെയ്ക്കാറില്ല. അവൻ ഭക്ഷണം മുറിയിൽ കൊണ്ടുപോയി കഴിക്കുന്നത് കണ്ടിട്ടുമില്ല. അടുക്കളയുടെ ഭാഗത്തുനിന്ന് ഭക്ഷണം കഴിച്ച് പാത്രം കഴുകിവെച്ച് പോകാറാണുള്ളത്. മുറിയിൽ പോയി കഴിക്കുന്നത് കണ്ടാൽ ഞങ്ങൾ ചോദിക്കുമല്ലോ. ടിവി ഉറക്കെ ശബ്ദത്തിൽവെയ്ക്കുമെന്ന് പറയുന്നതും വെറുതെയാണ്. അധികം ഉച്ചത്തിലൊന്നുമല്ല ടി.വി. വെയ്ക്കാറുള്ളത്.

"റഹ്‌മാൻ രണ്ട് ദിവസം വീട്ടിൽനിന്ന് മാറി തമിഴ്നാട്ടിൽ പോയിരുന്നു. അന്ന് ഈ കുട്ടി എങ്ങനെയാണ് ഭക്ഷണം കഴിച്ചത്. ബ്രഡ് പൊടിച്ച് വെച്ചിരുന്നു എന്നാണ് അവൻ പറയുന്നത്. അവൻ ഇതുപോലെ എന്തൊക്കെയോ പറയുന്നു. ഞങ്ങൾക്ക് ഒന്നും അറിയില്ല. ദിവസങ്ങൾക്ക് മുമ്പ് ഇവനെ കണ്ടതിന് ശേഷമാണ് ഞങ്ങൾ ആ മുറിയുടെ വാതിൽ തുറക്കുന്നത്. അതുവരെ മുറി തുറന്നുനോക്കിയിരുന്നില്ല. ഞങ്ങൾക്ക് ബന്ധുക്കൾ ഒരുപാടുണ്ട്. അവിടെ എവിടെയെങ്കിലും താമസിപ്പിച്ചോ, അതോ മറ്റെവിടെയെങ്കിലും പെൺകുട്ടിയെ താമസിപ്പിച്ചോ എന്നതാണ് സംശയം.

"ഒന്നോ രണ്ടോ സുഹൃത്തുക്കൾ മാത്രമാണ് അവനുള്ളത്. ആരുമായും അധികം കൂട്ടുകെട്ടൊന്നുമില്ല. നാളെ വനിതാ കമ്മിഷൻ വരുമെന്ന് കേൾക്കുന്നു. ഞങ്ങൾക്ക് ഒന്നും അറിയില്ല. അവൻ പറഞ്ഞതെല്ലാം കേട്ട് ഞങ്ങളും ഞെട്ടിയിരിക്കുകയാണ്. പത്ത് വർഷം ഒക്കെ ഒരു കുട്ടി ഇങ്ങനെ ഇരിക്കണമെങ്കിൽ അതിൽ എന്തൊക്കെയോ ഉണ്ട്. ആരോടും പറയാതെയാണ് മാർച്ചിൽ അവൻ വീട് വിട്ടുപോയത്. അന്ന് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരി അടുത്തവീട്ടിലായിരുന്നു. ഇവർ പോകുന്നതൊന്നും ആരുടെയും കണ്ണിൽപ്പെട്ടിട്ടില്ല. പത്ത് വർഷത്തിനിടെ ഈ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്താകും അവസ്ഥ. ഞങ്ങളെല്ലാം ചേർന്ന് അപകടത്തിൽപ്പെടുത്തി എന്ന് എല്ലാവരും പറയില്ലേ''- കനി വിശദീകരിച്ചു.

Content Highlights:rahman sajitha story man hides lover in his home for ten years his father response about the incident