വണ്ടിപ്പെരിയാര്‍: റാഗിങ്ങിനിരയായ വിദ്യാര്‍ഥിനി ഭീഷണികളെത്തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ പഠനം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡിന് മൊഴി നല്‍കാനെത്തിയ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെയും പിതാവിനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ജീവന് ഭീഷണിയുള്ളതുമൂലമാണ് പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജോണ്‍സണ്‍ പറയുന്നു. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി സ്പോട്ട് അഡ്മിഷനിലൂടെയാണ് 62-ാം മൈലിലെ പോളിടെക്നിക്ക് കോളേജില്‍ പ്രവേശനം നേടിയത്.

ഡിഗ്രി പഠനത്തിനുശേഷമാണ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കോഴ്സിനായി പോളിടെക്നിക്ക് കോളേജില്‍ ചേര്‍ന്നത്. പ്രളയക്കെടുതിമൂലം തുടക്കത്തില്‍ കോളേജില്‍ ചേരാന്‍ കഴിയാതെ വന്നു. കഴിഞ്ഞ മൂന്നാംതീയതി മുതലാണ് കോളേജില്‍ പോയി തുടങ്ങിയത്. ആദ്യദിവസത്തെ ക്ലാസിനുശേഷം വൈകുന്നേരം ഹോസ്റ്റലിലെത്തിയപ്പോള്‍മുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്.

സംഘമായെത്തി പേരുചോദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ശാരീരികവും മാനസികവുമായി ക്രൂരമായ റാഗിങ്ങിനിരയായിയെന്ന പരാതി കോളേജ് ആധികൃതര്‍ക്കും പോലീസിലും രേഖാമൂലം നല്‍കി. കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കുകയും ചെയ്തു.

ഇതിനുശേഷമാണ് ബുധനാഴ്ച വീണ്ടും മൊഴിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ഇവരെ ആലപ്പുഴയില്‍നിന്ന് വിളിച്ചുവരുത്തുകയും ചെയ്തത്. ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടി പോലീസിലും കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡിലും മൊഴി നല്‍കിയിരുന്നു. ഇതേ മൊഴിയില്‍ ഉറച്ചുനിന്നതോടെയാണ് കോളേജിനു പുറത്തുനിന്നിരുന്ന ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഓഫീസ് മുറിയിലേക്ക് ഇരച്ചുകയറി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജോണ്‍സണ്‍ പറഞ്ഞു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെയും അലക്സ് എന്നയാള്‍ക്കെതിരേയും ജോണ്‍സണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതര ജില്ലയില്‍നിന്നെത്തി ഇനിയും തുടര്‍പഠനം അസാധ്യമാണെന്നാണ് പെണ്‍കുട്ടിയും പറയുന്നത്. ഇതോടെയാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഇതിനിടയില്‍ കോളേജ് ആധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയെങ്കിലും ടി.സി. തിരികെ നല്‍കിയില്ലെന്നും ആരോപണമുണ്ട്. ഇത് പെണ്‍കുട്ടിയുടെ ഭാവി വിദ്യാഭ്യാസത്തിനു തടസ്സമാവാനും സാധ്യതയുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ഥിനികളായ ഗ്രീഷ്മ (22), ശ്രീലക്ഷ്മി (22), ഹരിക്കുട്ടി (21), ഹോസ്റ്റല്‍ വാര്‍ഡന്‍ ഗിരിജ (40) എന്നിവരെ പ്രതികളാക്കി ആന്റി റാഗിങ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പീരുമേട് സി.ഐ.ക്കാണ് അന്വേഷണച്ചുമതല.