കുന്നംകുളം: 'ബിസിനസ് തന്ത്രങ്ങള്‍ പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുന്നതില്‍ അവള് മിടുക്കിയായിരുന്നു. എല്ലാവര്ക്കും ജോലിയും വലിയ സ്വപ്നങ്ങളും വാഗ്ദാനം ചെയ്തു. പണം പോയാലും ഇനിയും ഇതുപോലെ തട്ടിപ്പിന് അവസരം കൊടുക്കരുത്'- തിരുവനന്തപുരം സ്വദേശിനിയായ പ്രിയയുടെ തട്ടിപ്പിനിരയായവര്‍ പോലീസിനോടു പറഞ്ഞു.
കൈയിലെ ഞരമ്പുമുറിക്കാനൊരുങ്ങിയ പ്രിയയുടെ വീഡിയോ കോളിലാണ് അനില്‍കുമാറിന്റെ മനസ്സലിഞ്ഞത്. വലിയ സമ്പത്തിന് ഉടമായാണെന്നും തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം താത്കാലികമായി ബുദ്ധിമുട്ടിലാണെന്നും വിശ്വസിപ്പിച്ചു. പ്രിയ ഗ്രൂപ്പിനെക്കുറിച്ചുള്ള വെബ്സൈറ്റിലൂടെ കാര്യങ്ങള്‍ വിശ്വസിപ്പിച്ചു. ചൂണ്ടലില്‍ സ്വര്‍ണക്കട തുടങ്ങിയപ്പോള്‍ അനില്‍കുമാറിലൂടെ ബന്ധുക്കളെ പങ്കാളികളാക്കി. ബന്ധുക്കള്‍ക്ക് അനില്കുമാറിനോടായിരുന്നു വിശ്വാസം. എന്നാല്‍ പണമെല്ലാം പ്രിയയുടെ കൈവശമാണെത്തിയത്.
ഉദ്ഘാടനദിവസം മാത്രമാണ് ഇവിടെ സ്വര്‍ണമുണ്ടായിരുന്നത്. ഹാള്‍മാര്‍ക്ക് മുദ്രയില്ലെന്ന പേരില്‍ സ്വര്‍ണാഭരണങ്ങളെല്ലാം ഇവര്‍ തിരിച്ചെടുത്തു. ലക്ഷങ്ങള്‍ പ്രിയയുടെ കൈയില്പ്പെട്ടതോടെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
മറ്റൊരുകേസില്‍, സ്വര്‍ണക്കടയില്‍ ഫര്‍ണീഷിങ് പണിക്കു വന്നവരെയും സുഹൃത്തുക്കളെയുമാണ് പണമിടപാടു സ്ഥാപനത്തിന്റെ പേരില്‍ കുരുക്കിയത്. ഇവരെ പരസ്പരം ബന്ധപ്പെടാന്‍ അവസരമൊരുക്കിയിരുന്നുമില്ല. ആര്‍ത്താറ്റ് കൂളിയാട്ട് വിബീഷിന്റെ വസ്ത്രശാല വാങ്ങുന്നതിന് കരാറുണ്ടാക്കിയതോടെയാണ് തട്ടിപ്പുകള്‍ പുറത്താകുന്നത്.
Also Read: ബിസിനസ് സംരംഭങ്ങള്‍ക്ക് സഹായം ആവശ്യപ്പെട്ട് 75 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍
ചൂണ്ടലിലെ വസ്ത്രശാല വാങ്ങുന്നതിന് കരാറുണ്ടാക്കിയതും പ്രിയയുടെ പേരിലായിരുന്നില്ല. സ്വര്‍ണക്കടയുടെ ഉടമകളായ അനില്‍കുമാറിന്റെയും സന്തോഷിന്റെയും പേരിലായിരുന്നു കരാര്‍. പണം ലഭിക്കാതെ വന്നതോടെ വിബീഷ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ചു. പ്രിയ തട്ടിപ്പുകാരിയാണെന്ന് സംശയം തോന്നിയതോടെ അനില്‍കുമാറും ബന്ധുക്കളും തിരുവനന്തപുരത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പണമിടപാടു സ്ഥാപനത്തില്‍ പണമിറക്കിയ ഡാനിയെ ഡ്രൈവറാക്കിയായിരുന്നു പ്രിയ സഞ്ചരിച്ചിരുന്നത്. ചൂണ്ടലിനു സമീപം വെട്ടുകാട് വാടകവീടെടുത്തായിരുന്നു താമസം. ഇവരുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതോടെ മക്കളെയുംകൂട്ടി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. ഡാനിയും സുഹൃത്തുക്കളും ചേര്‍ന്ന് ഇതു സമര്‍ത്ഥമായി തടഞ്ഞു. തനിക്കെതിരേ ഉണ്ടാകാന്‍ സാധ്യതയുള്ള കേസുകളെക്കുറിച്ച് കൃത്യമായ അറിവ് പ്രിയയ്ക്കുണ്ടെന്ന് പോലീസ് പറഞ്ഞു.