തൃശ്ശൂര്‍: സ്ത്രീകളെയും പെണ്‍കുട്ടികളെയും ഫോണില്‍ വിളിച്ച് ഭയപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ വ്യാപകമായതായി പോലീസിന്റെ മുന്നറിയിപ്പ്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിക്കുന്നവര്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇതിന്റെ അന്വേഷണത്തിനായി വിളിക്കുന്നതെന്നും പരിചയപ്പെടുത്തിയാണ് അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് സ്ത്രീകളുടെ നഗ്നചിത്രങ്ങളും യഥാര്‍ഥചിത്രങ്ങളും ആവശ്യപ്പെടും. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ശല്യംചെയ്യല്‍ തുടരുകയും ചെയ്യും. 
 
വിദേശത്ത് നിന്നുള്ള ഇത്തരം ഫോണ്‍വിളികളില്‍ ഒട്ടേറെപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഞരമ്പ് വിളികള്‍ വ്യാപകമായതോടെ പോലീസ് തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഒരിക്കലും ഫോണിലൂടെ വിളിക്കുന്നവര്‍ക്ക് നിങ്ങളുടെ വിവരങ്ങളും ഫോട്ടോകളും കൈമാറരുതെന്നും, പോലീസ് ഉദ്യോഗസ്ഥര്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടികളെ വലയില്‍വീഴ്്ത്താന്‍ വൈദഗ്ധ്യമുള്ളവര്‍ ഗാംഭീര്യമുള്ള ശബ്ദത്തിലാണ് സംസാരിക്കുക. ആരെങ്കിലും ഇത്തരം ചതിയില്‍പ്പെട്ടാല്‍ മടികൂടാതെ പരാതിനല്‍കണമെന്നും പോലീസ് അഭ്യര്‍ഥിക്കുന്നുണ്ട്.

Content Highlights: police warning about fake phone calls for seeking nude photos of girls