കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് പത്തുപേര്‍ ചേര്‍ന്നാണെന്നും കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ. കുറ്റപത്രം. ഗൂഢാലോചനയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുണ്ട്. കൊല നടന്നതിനുശേഷം പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായംനല്‍കാനും പാര്‍ട്ടി ലോക്കല്‍-ജില്ലാ നേതാക്കളെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞതും സി.ബി.ഐ. കൂടുതലായി കണ്ടെത്തിയതും ഉള്‍പ്പെടുത്തി ആയിരത്തിലധികം പേജുള്ള കുറ്റപത്രം എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചു.

325 സാക്ഷികളാണ് ഉള്ളത്. 200-ലധികം രേഖകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കി. സി. പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനുള്‍പ്പെടെ എട്ടുപേര്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നും ഏച്ചിലടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഗൂഢാലോചന നടന്നതെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ടായിരുന്നത്. പീതാംബരനുംശരത്ത് ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലയിലേക്കെത്തിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സി.ബി.ഐ. ഈ എട്ടുപേര്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ സുരേന്ദ്രന്‍, ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലെ പത്താമതായിരുന്ന കല്യോട്ട് കണ്ണോത്തെ രഞ്ജിത്ത് എന്നിവരെയും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണിതെന്ന് കുറ്റപത്രത്തില്‍ എടുത്തുപറയുന്നു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഗൂഢാലോചന സി.ബി.ഐ. ശരിവെച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ മാത്രമല്ല പെരിയയിലെ സി.ഐ.ടി.യു. പ്രവര്‍ത്തകരുടെ വിശ്രമകേന്ദ്രത്തില്‍കൂടി ഗൂഢാലോചന നടത്തി. മൂന്നു വട്ടമാണ് ഗൂഢാലോചന നടന്നത്.

ശരത് ലാലിന് പണികൊടുക്കണം, സി.പി.എം. യോഗത്തിലെ സംസാരം

കാഞ്ഞങ്ങാട്: 2019 ഫെബ്രുവരി 17-ന് രാത്രി 7.36-നാണ് കല്യോട്ട് ശരത്ത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഫെബ്രുവരി 11-നായിരുന്നു പെരിയയിലെ സി.ഐ.ടി.യു. കേന്ദ്രത്തിലെ ഗൂഢാലോചനയെന്നാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നത്. 14-ന് ഉച്ചയ്ക്ക് ഏച്ചിലടുക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ഗൂഢാലോചന നടന്നു. കൊലനടത്തിയ ദിവസം വൈകീട്ട് സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം നടന്നിരുന്നു. ഇതില്‍ ശരത്ലാലിനു 'പണി'കൊടുക്കണമെന്നരീതിയില്‍ സംസാരമുണ്ടായി. വൈകീട്ട് 5.30-ന് യോഗം അവസാനിച്ചു.

തുടര്‍ന്ന് പീതാംബരനും കൊലയില്‍ നേരിട്ടുപങ്കെടുത്ത മറ്റുള്ളവരും ഏച്ചിലടുക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തി. അന്ന് കല്യോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട സ്വാഗതസംഘം ചേര്‍ന്ന ദിവസമായിരുന്നു. വൊളന്റിയറായിരുന്ന ശരത്ലാല്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ കൃത്യം നിര്‍വഹിക്കാന്‍ തീരുമാനിച്ചു. രഞ്ജിത്തിനെയും സുരേന്ദ്രനെയും റോഡ് ജങ്ഷനില്‍ നിര്‍ത്തി. മറ്റുള്ളവര്‍ ശരത്ലാല്‍ വരുന്ന വഴിയില്‍ കൂരാങ്കര റോഡരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. 

ശരത്ലാലും കൃപേഷും അമ്പലത്തില്‍നിന്നു മടങ്ങുമ്പോള്‍ കൃപേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും റോഡ് ജങ്ഷന്‍ കഴിഞ്ഞപ്പോള്‍ സുരേന്ദ്രന്‍ പീതാംബരനെയും രഞ്ജിത്ത് ശ്രീരാഗിനെയും വിളിച്ചു വിവരം ധരിപ്പിച്ചു. മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍കുമാര്‍, ഏഴാം പ്രതി അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് ശരത്ലാലിനെ വെട്ടി. ശരത്ലാല്‍ നിലത്തുവീണപ്പോള്‍ അനില്‍കുമാര്‍ കൃപേഷിനെയും വെട്ടി. കൊലയ്ക്കുശേഷം മൂന്നു വാഹനങ്ങളിലായി പ്രതികള്‍ വെളുത്തോളിയെത്തി. അപ്പോഴേക്കും അന്ന് സി.പി.എം. ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, 12-ാം പ്രതി ആലക്കോട് മണി, സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ സ്ഥലത്തെത്തി. പീതാംബരനുള്‍പ്പടെ നാലുപേരെ ചട്ടഞ്ചാലിലുള്ള പാര്‍ട്ടി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മറ്റുള്ളവര്‍ വെളുത്തോളിയിലെ ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ചു. പിറ്റേന്ന് രാത്രി എല്ലാവരും വീണ്ടും വെളുത്തോളിയില്‍ ഒരുമിച്ചപ്പോഴാണ് ബേക്കല്‍ പോലീസ് രണ്ടാം പ്രതി സജി സി. ജോര്‍ജിനെ പിടിക്കുന്നത്. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ. മണികണ്ഠന്‍ എന്നിവരെത്തി പോലീസ് ജീപ്പിലുണ്ടായിരുന്ന സജിയെ ബലമായി മോചിപ്പിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികള്‍ 24 പേര്‍

പ്രതികള്‍ ഒന്നുമുതല്‍ 24 വരെ ക്രമപ്രകാരം: സി.പി.എം. പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം ഏച്ചിലടുക്കത്തെ എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ശ്രീരാഗ്, അശ്വിന്‍, സുബീഷ് വെളുത്തോളി, മുരളി തനിത്തോട്, രഞ്ജിത്ത് കണ്ണോട്ട്, പ്രദീപ് ഏച്ചിലടുക്കം, ആലക്കോട് മണി, സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, ഉദുമ മുന്‍ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍, സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, കല്യോട്ടെ സുരേന്ദ്രന്‍ (വിഷ്ണു സുര), ശാസ്താ മധു, ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ്, ഹരിപ്രസാദ് ഏച്ചിലടുക്കം, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, പാക്കം ലോക്കല്‍ സെക്രട്ടറിയും വ്യാപാരിവ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, കെ.വി. ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി.

പൂര്‍ണ സംതൃപ്തരല്ലെന്ന് കുടുംബം; പുനരന്വേഷണ ഹര്‍ജി നല്‍കും

കാഞ്ഞങ്ങാട്: സി.ബി.ഐ. അന്വേഷണവും പ്രതികളെ കൂട്ടിച്ചേര്‍ത്തതുമെല്ലാം സ്വാഗതാര്‍ഹമാണെങ്കിലും പൂര്‍ണസംതൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം പ്രതികരിച്ചു. ''അന്വേഷണം ശരിയായ ദിശയില്‍ നടന്നു. പക്ഷേ, ചില ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിയില്ല. അതിനാല്‍ ഹൈക്കോടതിയില്‍ പുനരന്വേഷണഹര്‍ജി നല്‍കും'' -ശരത്ലാലിന്റെ അച്ഛന്‍ പി.കെ. സത്യനാരായണനും കൃപേഷിന്റെ അച്ഛന്‍ പി.വി. കൃഷ്ണനും വ്യക്തമാക്കി.