പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ ദൃശ്യയെ കൊലപ്പെടുത്തിയ പ്രതി വിനീഷ് അവസരം കാത്തിരുന്നത് ഒരുമണിക്കൂറിലേറെ. പുലർച്ചെയോടെ ഏലംകുളം കൂഴന്തറയിലെ ദൃശ്യയുടെ വീട്ടിലെത്തിയതായി പ്രതി പോലീസിനോടു പറഞ്ഞു. കൈയിൽ കരുതിയ കത്തിക്കു മൂർച്ചയില്ലാത്തതിനാൽ, ദൃശ്യയുടെ വീട്ടിലെ അടുക്കളയിൽനിന്നാണ് കൊലചെയ്യാനുപയോഗിച്ച കത്തിയെടുത്തതെന്നും ഇയാൾ പറഞ്ഞു. പ്രതിയെ റിമാൻഡ്ചെയ്തു. ചേച്ചിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ദേവശ്രീ വെള്ളിയാഴ്ച വൈകീട്ട് ആശുപത്രി വിട്ടു.

പ്രതിയുമായി വെള്ളിയാഴ്ച രാവിലെ യുവതിയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പുനടത്തി. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതി മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെ (21) തെളിവെടുപ്പിനെത്തിച്ചത്. ജനരോഷം കണക്കിലെടുത്താണു മലപ്പുറം എം.എസ്.പിയിൽ നിന്നടക്കം അറുപതോളം പോലീസുകാരുടെ സംഘത്തെ ഏർപ്പെടുത്തിയിരുന്നു. വീടിനടുത്തുനിന്നു നാട്ടുകാരെ മാറ്റിയശേഷമാണു പ്രതിയെ എത്തിച്ചത്.

ബുധനാഴ്ച രാത്രി പെരിന്തൽമണ്ണയിലുള്ള ദൃശ്യയുടെ അച്ഛന്റെ വ്യാപാരസ്ഥാപനത്തിനു തീയിട്ടശേഷം താൻ നടന്നു കൂഴന്തറയിലേക്കെത്തിയതായി വിനീഷ് പറഞ്ഞു. പിൻവാതിലിലൂടെ അകത്തുകടന്നു. അടുക്കളയിൽനിന്നു കത്തിയെടുത്തു മുകൾനിലയിലേക്കെത്തി. ഇവിടത്തെ മുറിയിലേക്കു ദൃശ്യ വരുമെന്നുകരുതി ഒരുമണിക്കൂറോളം കാത്തിരുന്നു. കാണാതായപ്പോഴാണു താഴേക്കിറങ്ങിയത്.

താഴത്തെ നിലയിലുള്ള കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ തുടർച്ചയായി കുത്തി. ബഹളംകേട്ടെത്തിയ അനിയത്തിയെയും കുത്തി. തുടർന്നു വീടിന്റെ പിറകുവശത്തേക്ക് ഓടി. പാടം കടന്നു റെയിൽവേപാളവും കടന്നശേഷം ഒരു വീട്ടുമുറ്റത്തുനിന്നു ചെരുപ്പെടുത്തിട്ടു. കുറേദൂരംപോയി ഓട്ടോറിക്ഷയിൽ കയറിയതായും വിനീഷ് പോലീസിനോടു പറഞ്ഞു.

രണ്ടരമണിക്കൂറോളം നീണ്ട തെളിവെടുപ്പ് 12.45-ഓടെ അവസാനിച്ചു. വിനീഷിന്റെ ചെരുപ്പ്, കട കത്തിക്കാനുപയോഗിച്ചതെന്നു കരുതുന്ന ലൈറ്റർ, മാസ്ക് തുടങ്ങിയവ കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ പെരിന്തൽമണ്ണ കോടതി മജിസ്ട്രേറ്റിന്റെ ചുമതലയുള്ള നിലമ്പൂർ മജിസ്ട്രേറ്റ് റിമാൻഡ്ചെയ്തു.

സംഭവത്തിൽ പ്രതി ഒറ്റയ്ക്കാണ് പങ്കെടുത്തതെന്നാണ് നിഗമനം. മറ്റാളുകളോ പ്രേരണയോ ഉണ്ടോയെന്നത് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

''ഒന്നിനുമല്ല...വെറുതേയൊന്നു കാണാൻ... എന്റെ കുടുംബം തകർത്തവനല്ലേ?'

പെരിന്തൽമണ്ണ: ''ഒന്നിനുമല്ല...വെറുതേയൊന്നു കാണാൻ... എന്റെ കുടുംബം തകർത്തവനല്ലേ?''

85-ാം വയസ്സിൽ അധികമാർക്കും അനുഭവിക്കേണ്ടിവരാത്ത വേദനയുടെ വിങ്ങലാണ് അഭ്യർഥനയായി ആ മുത്തശ്ശിയിൽനിന്നുവന്നത്. പേരക്കുട്ടിയുടെ കൊലയാളിയെ കാണിച്ചുതരണേയെന്നതായിരുന്നു പോലീസിനോടുള്ള അഭ്യർഥന. ഏലംകുളം കൂഴന്തറയിൽ കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിൽ പ്രതിയായ വിനീഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ഇത്.

ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ അമ്മയായ രുക്മിണിയമ്മയാണു വിനീഷിനെ കാണിച്ചുതരണമെന്നു പറഞ്ഞത്. അമ്മയും ബാലചന്ദ്രനും മറ്റു കുടുംബാംഗങ്ങളും ആവശ്യമുന്നയിച്ചു. തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങുംമുൻപ് പോലീസ് ഇതിനു സൗകര്യമൊരുക്കിക്കൊടുത്തു. മാസ്ക് മാറ്റാതിരുന്ന വിനീഷിന്റെ മാസ്ക് താഴ്ത്തണമെന്നു നാട്ടുകാരും ആവശ്യപ്പെട്ടു. ഒടുവിൽ വിനീഷ് മാസ്ക് താഴ്ത്തി.

കരുതലിനും ജാഗ്രതയ്ക്കും നാടിന്റെ നന്ദി

ഏലംകുളം: കൺമുന്നിൽ കണ്ട ക്രൂരതയുടെ നടുക്കം വിട്ടുമാറിയിട്ടില്ലാത്ത ഗ്രാമവാസികൾക്ക് പ്രതി പിടിയിലായതു മാത്രമായിരുന്നു ഏക ആശ്വാസം. മനഃസാന്നിധ്യം കൈവിടാതെ പ്രതിയെ പോലീസിന്റെ കൈയിലെത്തിച്ച ഓട്ടോഡ്രൈവർ ജൗഹറിനെയും സുഹൃത്ത് സുബിനെയും നാട്ടുകാർ അനുമോദിച്ചു. ഏലംകുളം സർവീസ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ അനുമോദനത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ പൊന്നാടയണിയിച്ചു.

ബാങ്കിന്റെ കാഷ് അവാർഡും അദ്ദേഹം കൈമാറി. വ്യാഴാഴ്ച രാവിലെ ഏലംകുളം കൂഴന്തറയിൽ ചെമ്മാട്ട് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിനീഷാണ് ജൗഹറിന്റെയും സുഹൃത്തിന്റെയും അവസരോചിത ഇടപെടലിൽ കുടുങ്ങിയത്. അനുമോദനച്ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി. ഗോവിന്ദപ്രസാദ്, വൈസ് പ്രസിഡന്റ് എൻ. വാസുദേവൻ, ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ, ഡിവൈ.എസ്.പി. ഓഫീസിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.