കൊപ്പം: സ്‌നേഹത്തോടെ താലോലിക്കേണ്ട സഹോദരങ്ങളുടെ നെഞ്ചില്‍ കത്തികുത്തിയിറക്കിയ ജ്യേഷ്ഠന്റെ പ്രവൃത്തി ഒരു കുടുംബത്തെ മാത്രമല്ല, ഒരു നാടിനെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

പ്ലസ്ടു വരെ ഗള്‍ഫിലാണ് നബീല്‍ ഇബ്രാഹിം പഠിച്ചത്. തുടര്‍ന്നുളള പഠനം നാട്ടിലായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂരില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുവരികയാണ്.

ഇത്തമൊരു ക്രൂരകൃത്യം ചെയ്യുമെന്ന സംശയംപോലും വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. രാത്രി രണ്ട് സഹോദരങ്ങളെയും നിര്‍ബന്ധിച്ച് ഒപ്പം കിടത്തുമ്പോള്‍ത്തന്നെ നബീല്‍ എല്ലാം ഉറപ്പിച്ചിരുന്നു. മാതാപിതാക്കള്‍ കിടക്കുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് അടച്ചതും ഇതിന് തെളിവായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

ഇളയ സഹോദരങ്ങളോട് വീട്ടുകാര്‍ക്കുള്ള അമിത സ്‌നേഹവും തനിക്ക് ലഭിച്ച സൗകര്യമുള്ള വിദ്യാഭ്യാസം അവര്‍ക്ക് നിഷേധിച്ചതിലുള്ള സഹതാപവുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നബില്‍ പോലിസിന് നല്‍കിയ മൊഴി. എന്നാല്‍, ഇക്കാര്യങ്ങള്‍ മുഴുവന്‍ വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ മാത്രമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുത്തേറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറും ഇതേ സംശയംതന്നെയാണ് പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് നബീലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

നബീലിനെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും അമര്‍ഷവും പ്രതിഷേധവും നാട്ടുകാരില്‍നിന്ന് ഉയര്‍ന്നിരുന്നു. യാതൊരു കൂസലുമില്ലാതെയായിരുന്നു നബീലിന്റെ നില്പ്. 10 മിനിറ്റോളം നീണ്ടുനിന്ന തെളിവെടുപ്പിനുശേഷമാണ് പ്രതിയെ കോടതിയില്‍ ഹാരാക്കിയത്.

കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം തൃശ്ശൂരില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം വലിയ ജനാവലിയോടെ കൈപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Also Read: ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് കുത്തേറ്റു; ഒൻപതുകാരൻ മരിച്ചു...

 

Content Highlights: pattambi koppam muhammed ibrahim murder, brother nabeel ibrahim arrested by police