കോഴിക്കോട്: കണ്ണൂര്‍ പാനൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ബിജെപി പ്രാദേശിക നേതാവിനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം തികയാറായിട്ടും പോലീസിന് കണ്ടെത്താനായില്ല. മാര്‍ച്ച് പകുതിയോടെ പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിജെപി പ്രാദേശിക നേതാവ് എവിടെയുണ്ടെന്നറിയാതെ പോലീസ് ഇരുട്ടില്‍തപ്പുന്നത്. 

സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തലശ്ശേരി ഡിവൈഎസ്പിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജന്‍ ഒളിവില്‍ പോവുകയായിരുന്നു. 

ഇതിനിടെ ആദ്യം കേസ് അന്വേഷിച്ചിരുന്ന സി.ഐ. സ്ഥലംമാറിപോയി. തുടര്‍ന്ന് പുതിയ സി.ഐ. ചാര്‍ജ് എടുത്തെങ്കിലും പ്രതിയെ മാത്രം പിടികൂടാനായില്ല. പത്മരാജനെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്ന് മാത്രമാണ് പോലീസിന്റെ പ്രതികരണം. പ്രതിക്കായി തിരച്ചില്‍ നടക്കുകയാണെന്നും തുടര്‍നടപടികളുണ്ടാകുമെന്നും പാനൂര്‍ സി.ഐ. ഫായിസ് അലി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 

പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. വിവിധ രാഷ്ട്രീയകക്ഷികള്‍ ഇതിനോടകം പോലീസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് വൈകുന്നത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി.

kannur

പാനൂര്‍ പോക്‌സോ കേസ് പ്രതിയെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍. ഫോട്ടോ: സി.സുനില്‍കുമാര്‍ 

അതേസമയം, പാര്‍ട്ടി നേതാവിനെതിരായ പരാതിയില്‍ സംശയമുണ്ടെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് അദ്ദേഹവുമായി പ്രശ്നങ്ങളുമുണ്ടായിരുന്നു. അതിനാല്‍ ഈ സംഭവങ്ങളുടെയെല്ലാം ബാക്കിപത്രമാണോ ഈ പരാതിയെന്ന് സംശയമുണ്ടെന്നും അതേസമയം, അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് നേരത്തെ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. 

Content Highlights: panoor palathayi rape case; the accused bjp leader is still missing; protest against police