പാലക്കാട്: സ്വന്തം മനസ്സിനിണങ്ങിയ ആളുടെകൂടെ ജീവിക്കാനെടുത്തതീരുമാനം ജീവനെടുത്തവരുടെ പട്ടികയിലേക്ക് അനീഷും. 2001-ൽ കൊല്ലപ്പെട്ട കാസർകോട്ടെ ബാലകൃഷ്ണനും കോട്ടയം നാട്ടാശ്ശേരിയിലെ കെവിനും മലപ്പുറം അരീക്കോട്ടെ ആതിരയുമെല്ലാം ഇത്തരം ദുരഭിമാനത്തിന്റെ ഇരകളായിരുന്നു.
2001 സെപ്റ്റംബർ 18-നാണ് കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിദ്യാനഗർ പടുവടുക്കം ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇതരസമുദായക്കാരിയെ പ്രണയിച്ച് വിവാഹംചെയ്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ ചട്ടഞ്ചാൽ കൂനിക്കുന്ന് മുഹമ്മദ് ഇഖ്ബാൽ, തളങ്കര മുഹമ്മദ് ഹനീഫ് എന്നിവർക്ക് പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം തടവും ഒരുലക്ഷംരൂപ പിഴയും വിധിച്ചു.
2016 മാർച്ച് 13-നാണ് തുരുപ്പൂർ മഠത്തുകുളം കുമാരലിംഗം സ്വദേശി ശങ്കറിനെ (22) ബൈക്കിലെത്തിയ മുന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ശങ്കറിന്റെഭാര്യ കൗസല്യക്കും പരിക്കേറ്റിരുന്നു. കൗസല്യയുടെ പിതാവ് ചിന്നസ്വാമി പിന്നീട് പോലീസിൽ കീഴടങ്ങി.
2018 മാർച്ച് 22-നാണ് കീഴുപറമ്പ് പത്തനാപുരം പൂവത്തിക്കണ്ടിയിൽ പാലത്തിങ്ങൽ രാജന്റെ മകൾ ആതിര (22) കൊല്ലപ്പെടുന്നത്. വിവാഹത്തലേന്നാണ് ആതിര കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജനെ പോലീസ് അറസ്റ്റുചെയ്തു. കൊയിലാണ്ടി പന്തലായിനി സ്വദേശിയായിരുന്നു വരൻ. വ്യത്യസ്തജാതിക്കാരായ ആതിരയുടെയും യുവാവിന്റെയും അടുപ്പത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പ്രതിയായ രാജനെ കോടതി വെറുതെവിട്ടു. സാക്ഷികൾ കൂറുമാറിയതും തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
2018 മേയ് 27-ന് രാത്രിയാണ് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫ് കൊല്ലപ്പെടുന്നത്. ദുരഭിമാനക്കൊലയെന്നപേരിൽ കെവിന്റെ മരണം കേരളം ഏറെ ചർച്ചചെയ്തു. കോടതിയും ഇത് ദുരഭിമാനക്കൊലയെന്ന് രേഖപ്പെടുത്തി. കെവിനെ കാണാനില്ലെന്നുകാണിച്ച് ഭാര്യ നീനു തലേന്നുനല്കിയ പരാതിയിൽ വേണ്ടത്ര അന്വേഷണം നടന്നില്ലെന്ന് പരാതിയുയർന്നിരുന്നു.
നീനുവിന്റെ പിതാവ് ചാക്കോയും മകനുമുൾപ്പെടെയുള്ളവരായിരുന്നു പ്രതികൾ. പിന്നീട് ചാക്കോയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
Content Highlights:palakkad honour killing honour killing cases in kerala