ന്യൂഡല്‍ഹി: ചാരവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ. ഇന്ത്യക്കാരാണെന്ന വ്യാജേന സൈനിക ഉദ്യോഗസ്ഥരുമായി അടുത്ത് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡ് വരെ ഇവര്‍ ഉപയോഗിച്ചിരുന്നതായും ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താന്‍ ഹൈക്കമ്മീഷനിലെ വിസ ഉദ്യോഗസ്ഥരായ ആബിദ് ഹുസൈന്‍(42), മുഹമ്മദ് താഹിര്‍(44), ഇവരുടെ ഡ്രൈവറായ ജാവേദ് ഹുസൈന്‍(36) എന്നിവരെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റുമാരായ ഇവര്‍ സംഘടനയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.
അതിര്‍ത്തിയിലെ സൈനിക വിന്യാസം, ഇന്ത്യയിലെ പ്രതിരോധ മേഖലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കാനായിരുന്നു ശ്രമം. തങ്ങള്‍ ലക്ഷ്യമിട്ടിരുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങളടക്കം ഐ.എസ്.ഐ. ഇവര്‍ക്ക് കൈമാറിയിരുന്നു. ഇരുവരെയുംക്കുറിച്ച് നേരത്തെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം സൈനിക മേഖലയുമായി ബന്ധപ്പെട്ട ഒരാളെ കാണാന്‍പോകുന്നതിനിടെയാണ് ഇരുവരെയും ഡല്‍ഹി പോലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. പാക് ഹൈക്കമ്മീഷന്‍ നല്‍കിയ കാറില്‍ യാത്രചെയ്തിരുന്ന ഇവരെ പോലീസ് സംഘം കാറില്‍നിന്ന് പുറത്തിറക്കി ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തങ്ങള്‍ ഡല്‍ഹി നിവാസികളാണെന്നായിരുന്നു ഇവരുടെ മറുപടി.
ഗീത കോളനിയിലാണ് താമസമെന്നും പേര് നസീര്‍ ഗൗതം എന്നാണെന്നുമായിരുന്നു ആബിദിന്റെ ആദ്യ വിശദീകരണം. നസീര്‍ ഗൗതം എന്ന പേരിലുള്ള ആധാര്‍ കാര്‍ഡും ഇയാള്‍ നല്‍കി. പക്ഷേ, ആധാറില്‍ രേഖപ്പെടുത്തിയിരുന്ന പേരില്‍ അക്ഷരത്തെറ്റുകള്‍ കണ്ടതോടെ പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തു. ഒടുവില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്നും തങ്ങള്‍ പാക് സ്വദേശികളാണെന്നും ഇവര്‍ സമ്മതിക്കുകയായിരുന്നു. ഇതിനിടെയാണ് ഡ്രൈവറായ ജാവേദും താന്‍ പാകിസ്താന്‍ സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് നടന്ന ചോദ്യംചെയ്യലില്‍ തങ്ങള്‍ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നും അവരുടെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ സമ്മതിച്ചു. അതിനിടെ, ചില സുപ്രധാന രേഖകളും ഐഫോണും 15000 രൂപയും ഇവരില്‍നിന്ന് പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. ഈ രേഖകള്‍ എങ്ങനെയാണ് ഇവര്‍ സ്വന്തമാക്കിയതെന്നും ആരെല്ലാമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണ്. ഇരുവരെയും തിങ്കളാഴ്ച തന്നെ പാകിസ്താനിലേക്ക് നാടു കടത്തും.
Content Highlights: pakistan high commission officers were working for isi, detained in delhi