'ഐ.പി.സി സെക്ഷന്‍ 201 പ്രകാരമുള്ള തെളിവ് നശിപ്പിക്കലാണ് ഇവിടെ നടന്നിരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നു.'  

സുന്ദരിയമ്മ വധക്കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ ഈ കേസിന്റെ യഥാര്‍ഥ അവസ്ഥയെന്താണ്? ഹൈക്കോടതിയില്‍ അപ്പീലുള്ളതുകൊണ്ട് പുനരന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഈ കേസ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് മുരിക്കന്‍ അസോസിയേറ്റ്‌സ് ആണ്. കോടതി വിധിച്ച ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇതുവരെ പ്രതിയെന്ന് ആരോപിക്കപ്പെട്ട ജയേഷിന് നല്‍കിയിട്ടുമില്ല. 

നൂറ് കണക്കിന് കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് വേണ്ടി വാദിച്ചു പരിചയമുള്ള അനില്‍ കുമാറിന്‌ ഈ കേസ് വിസ്താരം വേറിട്ടൊരു അനുഭവമായിരുന്നു. അബൂട്ടി വധക്കേസ്, മോഡി വധക്കേസ്, ചന്ദ്രന്‍ വധക്കേസ്........അങ്ങനെ പത്തോളം കൊലപാതകക്കേസുകള്‍ നേരത്തേതന്നെ വാദിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായിരുന്നു സുന്ദരിയമ്മ വധക്കേസ്. തൊണ്ട വരണ്ട്, ഹൃദയം വലിഞ്ഞ് മുറുകി മസ്തിഷ്‌കത്തിന്റെ പരമമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചെയ്ത ഈ കേസില്‍ സിനിമയിലെ ഭരതേട്ടനെപ്പോലൊരു പിന്തുണ തനിക്കും ഉണ്ടായിരുന്നെന്ന് ഓര്‍ക്കുകയാണ് അനില്‍. ഏകദേശം ഒരു മാസക്കാലത്തോളം 39 സാക്ഷികളെ വിസ്തരിക്കുമ്പോള്‍ വളരെയധികം മാനസിക സമ്മര്‍ദമുണ്ടായിരുന്നു.

എന്റെ ഗൈഡ് വിജയേട്ടനാണ്; അദ്ദേഹത്തിന്റെ വേഷമാണ് സിദ്ദിഖ് അഭിനയിച്ചത്

Adv.vijyayan

അഡ്വ.ടി.എച്ച് വിജയന്‍

ഒരു പത്തു വര്‍ഷമെങ്കിലും പ്രാക്റ്റീസുള്ള വക്കീലിനു മാത്രമേ ലീഗല്‍ സര്‍വീസ് അതോറിറ്റി ഇത്തരം കേസുകള്‍ ഏല്‍പ്പിച്ചു കൊടുക്കുകയുള്ളു. തുടക്കക്കാരിയായ ഒരു അഭിഭാഷക യഥാര്‍ഥ ജീവിതത്തില്‍ ഇത്തരം ഒരു കൊലപാതകക്കേസ് ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇദ്ദേഹം അനുഭവത്തില്‍ നിന്ന് വെളിപ്പെടുത്തുന്നത്. 

"കോഴിക്കോട് കോടതിയിലെ ഷഹീര്‍ സിങ്ങ് വക്കീലിന്റെ ഓഫീസിലുള്ള അഡ്വ.ടി.എച്ച് വിജയനാണ് സുന്ദരിയമ്മ കേസില്‍ എനിക്ക് വേണ്ട ഉപദേശങ്ങള്‍ തന്നത്. കൊലപാതകക്കേസുകള്‍ മാത്രമല്ല; എത്ര ചെറിയ കേസ് ആയാലും വിജയേട്ടന്‍ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും എനിക്ക് തന്നിട്ടുണ്ട്. പ്രൊഫഷണല്‍ ജീവിതത്തില്‍ എനിക്ക് വളരെയേറെ ഉപകാരപ്പെട്ട വ്യക്തിയാണ് വിജയേട്ടന്‍. എനിക്ക് മാത്രമല്ല, കോഴിക്കോട് ക്രിമിനല്‍ കോടതിയിലെ എല്ലാ തുടക്കക്കാര്‍ക്കും സീനിയര്‍ ആയവര്‍ക്കും ഒരുപോലെ നിയമോപദേശം നല്‍കാറുള്ളത് വിജയേട്ടന്‍ തന്നെ.' അഡ്വ.അനില്‍ കുമാര്‍ വെളിപ്പെടുത്തുന്നു. 

ഇത് മറ്റൊരാളുടെ ദുരവസ്ഥ; അന്യസംസ്ഥാന തൊഴിലാളിയെ ശിക്ഷിച്ച കേസ്  

എനിക്ക് ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എഫ്.എം.3 (മജിസ്‌ട്രേറ്റ് കോടതി -മൂന്ന്) ല്‍ വെറുതെ പോയിരിക്കാറുണ്ടായിരുന്നു. അന്നും ഇന്നും ലീഗല്‍ എയ്ഡ് ആയി നിയമിതനാകാറുണ്ട്.  നല്ലൊരു ശതമാനം കേസിലും ഹാബിച്ച്വല്‍ ഒഫെന്റേഴ്‌സ് തന്നെയാണ് ശിക്ഷിക്കപ്പെടുന്നത്‌. വളരെ വിരളം കേസില്‍ മാത്രമാണ്‌ നിരപരാധികള്‍ കസ്റ്റഡിയില്‍ വെക്കപ്പെടുന്നത്. പോലീസ് വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാറില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.  

നാലഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട്  സ്റ്റീല്‍ കോംപ്‌ളക്സ്ലില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ആരോ കൊലപ്പെടുത്തിയ കേസില്‍ സെക്കന്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഒരു വിചാരണ നടന്നിരുന്നു. ഹിന്ദി മാത്രം അറിയാവുന്ന ആ ചെറുപ്പക്കാരന്‍ 'ഞാന്‍ അല്ല ഇത് ചെയ്തതെന്ന്' കോടതിയില്‍ കിടന്ന് ഉരുണ്ട്  കരഞ്ഞു പറഞ്ഞിട്ടും ആരും വകവെച്ചില്ല. ഒരു പക്ഷേ ഹിന്ദി അറിയാവുന്ന ഒരു അഭിഭാഷകനായിരുന്നവെങ്കില്‍ കുറേക്കൂടി ഭംഗിയായി കേസ് കൈകാര്യം ചെയ്യാമായിരുന്നു. ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട അയാളായിരുന്നില്ല യഥാര്‍ഥ പ്രതി. പരിചയ സമ്പത്തുള്ള വക്കീല്‍ തന്നെ ലീഗല്‍ എയ്ഡ് ആകണമെന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ കേസ്. 

ആരെയെങ്കിലും  പ്രതിയാക്കാന്‍ പോലീസ് സാധാരണ ഗതിയില്‍ ശ്രമിക്കാറില്ല. ഒരിക്കലും കൃത്യമായ തെളിവുകളും സാക്ഷിമൊഴികളുമില്ലാതെ ഒരാളെ പ്രതി ചേര്‍ക്കരുതെന്ന് പോലീസ് തീരുമാനിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കില്ല.

വാദം കഴിഞ്ഞപ്പോള്‍ ഒരടി പോലും മുന്നോട്ട് വെക്കാന്‍ കഴിഞ്ഞില്ല

അന്വേഷണോദ്യോഗസ്ഥനോട് പ്രതി ജയേഷാണെന്ന് വ്യക്തമാക്കാനുള്ള ടെസ്റ്റ് എഡന്റിഫിക്കേഷന്‍ പരേഡ് വല്ലതും നടത്തുകയുണ്ടായോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്. ഒന്നാം സാക്ഷിയായ ദിവാകരന് ജയേഷിനെ നേരത്തെ അറിയാമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതേ സമയം ദിവാകരന്‍ എനിക്ക് ജയേഷിനെ അറിയില്ലെന്നും പറഞ്ഞു. അവിടം മുതലാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ഒരു ത്വര എനിക്കുണ്ടായത്. മുപ്പത്തൊമ്പതു സാക്ഷികളിലേക്ക് എത്തുമ്പോഴേക്കും എന്റെ അവസാന തുള്ളി രക്തം വരെ ഞാന്‍ ചെലവഴിച്ചിരുന്നു. വാദം കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു അടി പോലും മുന്നോട്ട് വെയ്ക്കാന്‍ പറ്റാതെ ജീവനില്ലാത്ത അവസ്ഥയായിരുന്നു. 

'ഞാനല്ല അത് ചെയ്തത്... ചെയ്തവര്‍ പുറത്താണെന്ന്' ഓരോ പ്രാവശ്യവും പ്രതിക്കൂട്ടില്‍ നിന്ന് ജയേഷ് വിളിച്ച് പറയുമായിരുന്നു. നുണ പരിശോധന നടത്തണമെന്ന് ഓരോ പ്രാവശ്യവും പറയും. ഈ കേസിന്റെ വിചാരണ മാറാട് സെഷന്‍സ് കോടതിയിലാണ് നടന്നത്. ഒരു മാസത്തിലധികം വിചാരണയുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.

ദൃക്‌സാക്ഷികള്‍ ഇല്ലെന്നു തന്നെയാണ് വിശ്വസിക്കുന്നത്. 39 സാക്ഷികളെ വിസ്തരിക്കുന്നത് വരെ ജയേഷില്‍ നിന്ന് പ്രത്യേകമായി ഒരു വിവരവും എനിക്ക് കിട്ടിയിട്ടില്ല. അയാള്‍ ഏതൊക്കെയോ അര്‍ത്ഥത്തില്‍ വളരെ ബുദ്ധിമുട്ടുള്ള ആളായാണ് തോന്നിയത്.

സ്വാഭാവികമായും ഞാന്‍ നടത്തുന്ന എല്ലാ കേസുകളിലും പ്രതി തന്നെയായിരിക്കും എനിക്ക് വേണ്ട ഉത്തരം തരുന്നത്. ഒരു സംഭവത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റുന്നയാള്‍ പ്രതിയായിരിക്കും. ജയിലില്‍ കിടക്കുന്ന ആള്‍ക്ക് പറയാനുള്ളതില്‍ നിന്നാണ് നമ്മള്‍ കോടതിയെ ബോധ്യമാക്കുന്നത്. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കപ്പുറമുള്ള ഒരു 'ലാസ്റ്റ് പഞ്ച്' എന്ന് പറയുന്നത് പ്രതിയില്‍ നിന്നാണ ലഭിക്കുന്നത്. അങ്ങനെയൊന്നും ജയേഷില്‍ നിന്ന് കിട്ടിയില്ല. ഞാന്‍ കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. 

നീയൊന്നും പറയണ്ട; നീയാണ് പ്രതി : ജയേഷ്‌

JAYESH
ജയേഷ്‌

നുണ പരിശോധന നടത്തണമെന്ന് കോടതിയില്‍ സങ്കടം പറഞ്ഞപ്പോളാണ് ദൈവത്തെപ്പോലെ വക്കീല്‍ തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ജയേഷ് പറയുമ്പോളും ഇനിയും തന്നെക്കുരുക്കുമെന്ന ഭീഷണിയുമായി പലരും കാത്തുനില്‍പ്പുണ്ടെന്ന വസ്തുത ഈ ചെറുപ്പക്കാരന്‍ തള്ളിക്കളയുന്നില്ല. 

'ഈ സംഭവം നടക്കുമ്പോള്‍ ഈ കേസുമായി എനിക്ക് ഒരു ബന്ധമില്ല. 'നീയൊന്നും പറയണ്ട, നിന്നെ ഈ കേസിലെ പ്രതിയാക്കാന്‍ പോകുന്നു' എന്നാണ് അവര്‍ പറഞ്ഞത്. ഈ കേസ് ഏറ്റെടുക്കണമെന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് ഞാന്‍ ജീവിതം കൊണ്ടുപോയിക്കളയുന്നതെന്ന് ചോദിച്ചതാണ്.

ക്രൈംബ്രാഞ്ച് വേണമെന്ന് വിചാരിച്ച് എന്റെ തലയില്‍ക്കെട്ടി വെച്ച കേസാണിത്. സുന്ദരിയമ്മയുടെ അയല്‍വാസിക്ക് കൈക്കൂലി കൊടുത്താണ് ഞാനാണ് സുന്ദരിയമ്മയെക്കൊന്നതെന്ന് അവര്‍ പറയിപ്പിച്ചത്. 

എന്റെ കൂട്ടുകാരാണ് എന്നെ പിടിച്ചു കൊടുക്കുന്നത്

സുന്ദരിയമ്മയെ വെട്ടിയ ദിവസം രാത്രി ഞാന്‍ ഹോട്ടലിലാണ്. അവിടെ സിസിടിവി ക്യാമറയുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ വണ്ടി രാത്രി അതുവഴി പോകുന്നത് കണ്ടു. അപ്പോളാണ് വീടിന്റെ ഉടമസ്ഥനായ രാഘവന്‍ ഓടി വന്ന് അക്കാര്യം പറയുന്നത്. ചോരയില്‍ക്കുതിര്‍ന്ന വേഷത്തില്‍ ഉയരമുള്ള ഒരാള്‍ ആ വഴിയിലൂടെ ഓടിവരുന്നതു കണ്ടാല്‍ പിടിച്ചുവെക്കണമെന്നാണ് അയാള്‍ ഞങ്ങളോട് പറഞ്ഞത്. 

എന്നെ നേരത്തെ ചോദ്യം ചെയ്ത് വിട്ടതാണ്. ഒരമ്മയുടെ സ്ഥാനത്താണ് ഞാന്‍ അവരെ കാണുന്നതെന്നും ആ കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു. പിന്നീട് ഒരു ദിവസം ചക്കുംകടവ് തറവാടിന് സമീപം നില്‍ക്കുമ്പോളാണ് എന്റെ കൂട്ടുകാര്‍ എന്നെ പിടിച്ചു കൊടുക്കുന്നത്. 'നീ ആണ് സുന്ദരിയമ്മയെ കൊന്നത് ...നിന്നെ പിടിച്ചുകൊടുത്തില്ലെങ്കില്‍ ഞങ്ങള്‍ അകത്ത് കിടക്കേണ്ടി വരും.' കൂട്ടുപ്രതിയാകുമെന്നും അവര്‍ പറഞ്ഞു. 

ഇനി ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. എന്നെ ശല്യപ്പെടുത്താന്‍ വരരുത്

വളരെ ചുരുങ്ങിയ പൈസയിലാണ് ഹോട്ടലില്‍ ഞാന്‍ ജോലി ചെയ്യുന്നത്. ആരും പത്തുരൂപ പോലും വെറുതെ തരാന്‍ തയ്യാറാകില്ല. അവനവന്‍ അധ്വാനിക്കുക തന്നെ വേണം. അമ്മയെയും ചേച്ചിമാരെയും കാണണമെന്നുണ്ട്. എല്ലാം ശരിയാകണമെന്ന പ്രാര്‍ത്ഥന മാത്രമേയുള്ളു. 

ജയിലില്‍ നിന്ന് ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ ഞാന്‍ വെറുതെ ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ കയറുമ്പോഴുള്ള ചെറിയ മര്‍ദന മുറകള്‍ എനിക്കും കിട്ടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് കുനിച്ച് നിര്‍ത്തി വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഞാന്‍ ആരോടും പറയാറില്ല. 

കേസ് എറ്റെടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഏറ്റെടുക്കില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ക്രൈംബ്രാഞ്ച് സി.ഐ ആണ് ' നീയല്ല ആരായാലും ഞാന്‍ പറയിപ്പിക്കുമെന്ന്' പറഞ്ഞ് ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോകുന്നത്. തല കീഴായി കെട്ടിത്തൂക്കിയതൊക്കെ സംഭവിച്ച കാര്യമാണ്. 

ഈ കേസ് ചലച്ചിത്രമായത് വലിയ കാര്യം :അഡ്വ.അനില്‍ കുമാര്‍

ഈ സിനിമയുടെ തിരക്കഥാകൃത്ത് സുന്ദരിയമ്മ കൊലപാതക്കേസിലെ വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം വിധിന്യായവും വിചാരണയും ഈ കേസിലെ എന്റെ സംഭാവനകളെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. 

പച്ചക്കുതിര എന്ന മാഗസിനില്‍ പോലീസ് കൃത്രിമമായി തെളിവുകളുണ്ടാക്കുന്നതിനെക്കുറിച്ചും തെളിവ് നശിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തന്നെ എഴുതി. പിന്നീട് ഇത് സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ ചലച്ചിത്രം പൂര്‍ണമായും സുന്ദരിയമ്മയുടെ കൊലപാതകത്തിന്റെ വിസ്താരം തന്നെയാണ്. 

എല്ലാ വേദനകള്‍ക്കുമപ്പുറമാണ് ഞാന്‍ ഏറ്റെടുത്ത ഒരു കേസ് ചലച്ചിത്രമായി മാറിയെന്നതും അതിലൂടെ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ കഴിയുന്നതും.

CASE DIARY

PART 1: സുന്ദരിയമ്മയെ കൊന്നതാര്?

PART 2: കഥ കല്‍പ്പിതം, കുറ്റവാളി അനാഥന്‍

PART 3: ജയേഷ് പകരക്കാരനായത് ആര്‍ക്കു വേണ്ടി?

PART 4: കുറ്റവാളിയോ പ്രേരണയോ ഇല്ലാത്ത ഒരു കൊലപാതകം

PART 5 : സുന്ദരിയമ്മ വധവും 'ദൃശ്യവും' തമ്മിലെന്ത് ?

PART 6: മരണത്തില്‍പ്പോലും അനാഥ; സുന്ദരിയമ്മ
 

Content highlights: Sundariyamma murder, Oru kuprasidha payyan, Jayesh, Madhupal, Tovino Thomas, Adv. M Anil Kumar