തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 428 പേർ. സൈബർ ഡോമിന്റെ സഹായത്തോടെയാണ് പി- ഹണ്ട് നടപ്പിലാകുന്നത്. ഇതുവരെ 525 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 10 മാസത്തിനിടെ ഓൺലൈൻ വഴി കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നുവെന്നും സൈബർ ഡോം വ്യക്തമാക്കുന്നു. വീടുകൾക്കുള്ളിൽ കഴിഞ്ഞുകൂടാൻ നിർബന്ധിതരായ സാഹചര്യത്തിൽ ഇന്റർനെറ്റിൽ ചെലവഴിക്കുന്ന സമയം വർധിച്ചതാണ് ഇത്തരം ശ്രമങ്ങൾ കൂടാൻ കാരണം.
കഴിഞ്ഞ മൂന്നുവർഷമായി സൈബർഡോമിന്റെ സഹായത്തോടെ പോലീസ് ഓപ്പറേഷൻ പി- ഹണ്ട് അതിശക്തമായി നടപ്പിലാക്കുന്നുണ്ട്. ഇന്റർനെറ്റ് ലോകത്ത് ഒളിഞ്ഞിരിക്കുന്ന കുറ്റവാളികളെ കണ്ടെത്താൻ സൈബർ ഡോമിന്റെ കീഴിൽ കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലൊറേഷൻ ടീം പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഓൺലൈനിൽ നിന്ന് കുട്ടികളുടെ നഗ്നചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ചെയ്തതിന് പിടിയിലായവർ പുറത്തിറങ്ങിയതിന് ശേഷം അവ വീണ്ടും ആവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനാൽ ഇത്തരക്കാരിൽ ചിലർക്ക് മനോവൈകല്യങ്ങൾ ഉണ്ടായേക്കാമെന്നും അവർക്ക് മാനസിക ചികിത്സ നൽകേണ്ടതുണ്ടെന്നും കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലൊറേഷൻ ടീം വിലയിരുത്തുന്നു.
ഒരിക്കൽ പിടിക്കപ്പെട്ടവർ പുറത്തിറങ്ങിയാൽ കൂടുതൽ പിടിക്കപ്പെടാതിരിക്കാൻ കൂടുതൽ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാനുള്ള സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തരക്കാർ ഉപയോഗിക്കുന്നു. ഓരോ രണ്ട് മാസങ്ങൾ കൂടുംതോറും ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നു എന്നാണ് പോലീസിന്റെ നിരീക്ഷണം.
കുറേയാളുകൾ പിടിക്കപ്പെടുമ്പോഴേക്കും അപ്രത്യക്ഷമാകുന്ന വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾക്ക് പകരം പുതിയവ പ്രത്യക്ഷപ്പെടുന്നു. പോലീസ് പിടിക്കപ്പെടുമെന്നുള്ളതിനാൽ ഇത്തരക്കാർ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോകൾ കാണുകയും അവ ഡിലീറ്റ് ചെയ്യുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഫോണുകളിലും കംപ്യൂട്ടറുകളിലും മറ്റും ഇത്തരം വീഡിയോ കണ്ടതിന്റെയോ ഡൗൺലോഡ് ചെയ്തതിന്റെയോ തെളിവുകൾ ഉണ്ടാകില്ല.
ഇതിന് പുറമെ ഓരോ മൂന്ന് ദിവസങ്ങൾ കൂടുമ്പോഴും ഫോണുകൾ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിക്കും. ഇത്തരം വലിയ തയ്യാറെടുപ്പുകളും പ്രതിരോധവും നടത്തുന്നതിനാൽ ഇന്റർനെറ്റിലെ കുറ്റവാളികളെ കണ്ടെത്തുന്നത് ശ്രമകരമാണ്.
മാത്രമല്ല മാൽവെയറുകൾ ഉപയോഗിച്ച് കംപ്യൂട്ടറുകളുമായി ഘടിപ്പിച്ചിട്ടുള്ള വെബ്കാമുകളുടെ നിയന്ത്രണം കൈക്കലാക്കുകയും കുട്ടികളുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈക്കലാക്കുകയും ചെയ്യുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. നൂതനമായ രീതിയിൽ കുറ്റം ചെയ്യുന്നവരെ പിടിക്കാൻ സൈബർഡോമും അത്യാധുനിക സംവിധാനങ്ങളാണ്ഉപയോഗിക്കുന്നത്. നിരവധി വാട്സ്ആപ്പ്- ടെലഗ്രാം ഗ്രൂപ്പുകളാണ് ഇത്തരത്തിൽ പലരീതിയിൽ സജീവമായി നിലനിൽക്കുന്നത്.
Content Highlights:operation p hunt by kerala policee