വെല്ലിങ്ടൺ: മനുഷ്യനല്ല, ഒരു മൃഗം പോലുമല്ല- ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് കോടതിയിൽ മുഴങ്ങിയ വാക്കുകളാണിത്. പക്ഷേ, ഇതെല്ലാം കേട്ടിട്ടും 51 മനുഷ്യജീവനുകളെ നിഷ്കരുണം ഇല്ലാതാക്കിയ ബ്രണ്ടൻ ടാറന്റ് എന്ന ഓസ്ട്രേലിയക്കാരന് ഒരു കുലുക്കവുമില്ലായിരുന്നു. താൻ ചെയ്ത കൂട്ടക്കുരുതിയെക്കുറിച്ച് ഓരോരുത്തരും കോടതിയിൽ വിശദീകരിച്ചപ്പോൾ നിർവികാരനായി അയാള്‍ കേട്ടിരുന്നു.

2019 മാർച്ച് 15-ന് ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീം പള്ളികളിൽ 51 പേരെയാണ് ബ്രണ്ടൻ ടാറന്റ് വെടിവെച്ച് കൊന്നത്. കുട്ടികളും മുതിർന്നവരുമടക്കം പള്ളികളിൽ കൂട്ടക്കുരുതിക്കിരയായി. നിരവധി പേർക്ക് പരിക്കേറ്റു.

51 കൊലപാതകങ്ങളും 40 കൊലപാതകശ്രമങ്ങളും ഭീകരവാദക്കുറ്റവുമാണ് 29-കാരനായ ടെറന്റിനെതിരേ ചുമത്തിയിരിക്കുന്നത്. എല്ലാകുറ്റങ്ങളും പ്രതി കോടതിയിൽ സമ്മതിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരൻ മുഖാദ് ഇബ്രാഹിമിന്റെ പിതാവ് ഏഡൻ ദിരിയ 'ഏറ്റവും ദുഷ്ടനായ മനുഷ്യൻ' എന്നാണ് പ്രതിയെ വിശേഷിപ്പിച്ചത്.

വെടിവെപ്പിൽ മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു മുഖാദ് ഇബ്രാഹിം. തന്റെ മകനെ കൊന്ന ഇയാൾ ന്യൂസിലാൻഡിനെ മുഴുവനും കൊന്നൊടുക്കിയെന്നായിരുന്നു മുഖാദ് ഇബ്രാഹിമിന്റെ പിതാവ് കോടതിയിൽ പറഞ്ഞത്.

'അവൻ പള്ളിയിൽ കളിച്ചുചിരിച്ച് നടന്നിരുന്നത് ഞാൻ ഒരിക്കലും മറക്കില്ല. ആരാധനയ്ക്ക് വരുന്ന മുതിർന്നവരെയും ചെറുപ്പക്കാരെയും അവൻ വേഗം സുഹൃത്തുക്കളാക്കി. എല്ലാവർക്കും അവനെ ഏറെ ഇഷ്ടമായിരുന്നു. പക്ഷേ, നിന്റെ ക്രൂരതയും വിദ്വേഷവും നീ പ്രതീക്ഷച്ച വഴിയിൽ നടന്നില്ല. നീ പ്രതീക്ഷിച്ചതിന് പകരം അത് ഞങ്ങൾ ക്രൈസ്റ്റ്ചർച്ച് സമൂഹത്തെ ഒരുമിപ്പിച്ചു. ഞങ്ങളുടെ വിശ്വാസം ശക്തമാക്കി. കുടുംബങ്ങൾ തമ്മിലുള്ള ബഹുമാനം ഉയർന്നു. അത് നമ്മുടെ സമാധാനപരമായ രാജ്യത്തെ ഒരുമിപ്പിച്ചു. ശരിയായ നീതി അടുത്ത ജന്മത്തിൽ നിന്നെ കാത്തിരിക്കുകയാണെന്ന് നീ മനസിലാക്കണം. അത് ജയിലിനെക്കാൾ ഏറെ കഠിനമായിരിക്കും. നീ ചെയ്തുകൂട്ടിയതൊന്നും ഞാൻ ഒരിക്കലും പൊറുക്കില്ല', ദിരിയെ കോടതിയിൽ വിതുമ്പി.

'ചെകുത്താന്റെ മകൻ' എന്നാണ് ഹസ്മിനെ മൊഹമ്മദ്സെൻ എന്ന യുവതി പ്രതിയെ ഉപമിച്ചത്. ഹസ്മിനെയുടെ സഹോദരൻ മുഹമ്മദാണ് ബ്രണ്ടന്റെ ക്രൂരതയ്ക്കിരയായത്. ഒരിക്കലും വെറുതെവിടാൻ അനുവദിക്കാനാവാത്ത ഒരു ഭീരുവാണ് ബ്രണ്ടനെന്നായിരുന്നു അഹാദ് നബി എന്ന യുവാവിന്റെ പ്രതികരണം. ജയിലിൽ കഴിയുമ്പോൾ ഒരു നരകത്തിലാണ് ഇപ്പോൾ ഉള്ളതെന്ന് നീ മനസിലാക്കുമെന്നും തീ മാത്രമാണ് നിന്നെ കാത്തിരിക്കുന്നതെന്നും പിതാവിനെ നഷ്ടപ്പെട്ട അഹാദ് പറഞ്ഞു.

വൃത്തികെട്ട ജോലിക്ക് ശേഷം വലിച്ചെറിഞ്ഞ ചീഞ്ഞളിഞ്ഞ തുണിയെന്നായിരുന്നു മുസ്തഫ ബോസ്ടാസ് എന്ന ന്യൂസിലാൻഡ് പൗരൻ പ്രതിയെ വിശേഷിപ്പിച്ചത്. 'നീ ഒരിക്കലും ഒരു മനുഷ്യനല്ല, ഒരു മൃഗം പോലും അല്ല, കാരണം മൃഗങ്ങളെ കൊണ്ട് ഈ ലോകത്തിന് ഒരുപാട് ഗുണങ്ങളുണ്ട്', ആക്രമണത്തിൽ കാലിന് വെടിയേറ്റ മുസ്തഫ ബോസ്ടാസ് പറഞ്ഞു.

പള്ളിയിലെ വെടിവെപ്പിൽ മകൻ കൊല്ലപ്പെട്ടതോടെ മാനസികമായി താളംതെറ്റിയ പിതാവും കോടതിയിൽ എത്തിയിരുന്നു. മാർച്ചിലെ കൂട്ടക്കുരുതി തന്നെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചതെന്നും ഹൃദയം പിളർന്നെന്നും മകനെ സ്വർഗത്തിൽവെച്ച് കണ്ടുമുട്ടിയാലേ അത് സുഖപ്പെടുകയുള്ളൂ എന്നും അദ്ദേഹം പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. 'ബ്രണ്ടനെ അവിടെവെച്ച് കാണാമെന്ന് പ്രതീക്ഷിക്കുന്നു. അതിന് നിങ്ങൾക്ക് അവസരം ലഭിച്ചാൽ എന്റെ മകനോട് ക്ഷമചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അവൻ നിങ്ങളോട് ക്ഷമിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്', അദ്ദേഹം പറഞ്ഞു.

ബ്രണ്ടൻ ടാറന്റിന്റെ ശിക്ഷാ വിധിപ്രസ്താവത്തിന്റെ മൂന്നാംദിവസമായിരുന്നു ബുധനാഴ്ച. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരും പരിക്കേറ്റവരും കോടതിയിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം വിശദമാക്കിയിരുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കോടതിനടപടികൾ വ്യാഴാഴ്ച അവസാനിക്കുമ്പോൾ പരോൾ ഇല്ലാത്ത ജീവപര്യന്തം ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്ന ന്യൂസിലാൻഡിലെ ആദ്യ കുറ്റവാളിയും ഇയാളാകും.

Content Highlights:new zealand mosque shooting accused brenton tarrant facing trial in court