കൊച്ചി: പുതുവർഷത്തിൽ കൊച്ചി സിറ്റി പോലീസിന് പുതിയ നേതൃത്വമായി. കമ്മിഷണറായി സി.എച്ച്. നാഗരാജുവും ഡി.സി.പി.യായി ഐശ്വര്യ ഡോങ്രെയുമാണ് ചുമതലയേറ്റത്. കമ്മിഷണറായിരുന്ന വിജയ് സാഖറെ എ.ഡി.ജി.പി. റാങ്കിലേക്ക് ഉയർന്നതോടെയാണ് പുതിയ കമ്മിഷണർ ചുമതലയേറ്റത്.
നഗരത്തിലെ ലഹരിമരുന്ന് സംഘങ്ങളെ അടിച്ചമർത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. മെട്രോ നഗരമായ കൊച്ചിയിൽ ജനസൗഹൃദ പോലീസ് സംവിധാനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
2003 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ നാഗരാജു പോലീസ് ആസ്ഥാനത്ത് ഡി.ഐ.ജി.യായിരുന്നു. ഹൈദരാബാദ് സ്വദേശിയാണ്. തിരുവനന്തപുരം സിറ്റി ഡി.സി.പി., ആലപ്പുഴ എസ്.പി. പദവികൾ വഹിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസർ, എസ്.എ.പി., കെ.എ.പി. -1 ബറ്റാലിയനുകളുടെ കമാൻഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അട്ടല്ലൂരിയാണ് ഭാര്യ.
2017- ഐ.പി.എസ്. ബാച്ചുകാരിയായ ഐശ്വര്യ ഡോങ്രെ ശംഖുമുഖം എ.സി.പി.യുടെ ചുമതലയിൽ നിന്നാണ് സ്ഥാനക്കയറ്റത്തോടെ കൊച്ചിയിൽ എത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലഹരിമരുന്ന് ഉപയോഗത്തിനെതിരേയും ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് ഐശ്വര്യ ഡോങ്രെ പറഞ്ഞു.
Content Highlights:new city police commissioner and dcp in kochi city police