കോഴിക്കോട്: കല്ലറതുറന്ന് തെളിവ് ശേഖരിച്ചശേഷം കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചതെങ്കില്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസിനും സഹോദരന് റോജോയ്ക്കും നാട്ടിലിറങ്ങിനടക്കാന് കഴിയുമായിരുന്നില്ലെന്ന് അയല്‍വാസി. അത്രമാത്രം ഈ വിഷയത്തില്‍ കുടുംബത്തിനുള്ളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നുവെന്ന് അന്താനത്ത് വീട്ടില്‍ മുഹമ്മദ്ബാവ പറയുന്നു. രണ്ടുമാസമായി താനനുഭവിക്കുന്ന മാനസികസംഘര്‍ഷവും അദ്ദേഹം വെളിപ്പെടുത്തി.
കൂടത്തായിയില്‍ ആറ് കൊലപാതകംനടത്തിയ കേസിലെ പ്രതി ജോളി താമസിച്ച പൊന്നാമറ്റം വീടിന് എതിര്‍വശത്താണ് ബാവയുടെ വീട്. കേസുമായി മുന്നോട്ടുപോവുന്നതിനോടും കല്ലറ തുറന്ന് തെളിവ് ശേഖരിക്കുന്നതിനോടും വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ റെഞ്ചിക്കും റോജോയ്ക്കും താങ്ങായത് അയല്‍വാസിയായ ബാവ മാത്രം. കല്ലറ തുറക്കുന്നതിനോട് അന്നുരാവിലെപോലും ബന്ധുക്കളില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കല്ലറ തുറന്ന് തെളിവുശേഖരിച്ചതിനുപിന്നാലെ ജോളിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമുണ്ടായി. സഹോദരങ്ങള്‍ സ്വത്ത് തട്ടിയെടുക്കാന്‍ അനാവശ്യമായി കേസ് നടത്തുകയാണെന്ന് അതുവരെ പറഞ്ഞിരുന്നവര്‍ സത്യം പുറത്തുവന്നപ്പോള്‍ നിലപാടുമാറ്റി. പക്ഷേ, മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റെഞ്ചിക്കും റോജോയ്ക്കും തനിക്കും നാട്ടിലിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുമായിരുന്നുവെന്ന് ബാവ പറയുന്നു.
കുട്ടിക്കാലംമുതല്‍ പൊന്നാമറ്റം വീട്ടിലുള്ളവരുമായി കളിച്ചുവളര്‍ന്ന ബാവയ്ക്ക് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ റെഞ്ചിയാണ് ട്യൂഷന് എടുത്തിരുന്നത്. ക്രിസ്മസിനും ഓണത്തിനും ബാവയെയും കുടുംബത്തെയും അന്നമ്മയും ഭര്‍ത്താവ് ടോം തോമസും ഭക്ഷണത്തിന് ക്ഷണിക്കുമായിരുന്നു. റോയിയുടെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി. പിന്നെ ജോളി അകലം പാലിക്കാന്‍ തുടങ്ങി.
Content Highlight; Neighbours reaction on Koodathai murder case