നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡിമരണത്തിന് ഒരുവയസ്സ് തികയുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും അനേകമാണ്. രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചതാരെല്ലാം..? ആരുടെ നിര്‍ദേശപ്രകാരം...? തട്ടിപ്പ് നടത്തി സമ്പാദിച്ച പണമെവിടെ...? പോലീസുകാര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ ഇവയ്‌ക്കൊന്നും കൃത്യമായ ഉത്തരം തരാന്‍ മാറിമാറിവന്ന അന്വേഷണ സംഘങ്ങള്‍ക്കും, ജുഡീഷ്യല്‍ കമ്മിഷനും ഇനിയും സാധിച്ചിട്ടില്ല.

തട്ടിപ്പ് വിളഞ്ഞ ഹരിത ഫിനാന്‍സ്

സ്വാശ്രയ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ലക്ഷങ്ങള്‍ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഹരിത ഫിനാന്‍സ് എന്ന സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയത്. 2019 ജനുവരി മുതലാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ തൂക്കുപാലം പ്രദേശത്തുനിന്ന് പണം തട്ടാന്‍ തുടങ്ങിയത്. സ്ഥാപന ഉടമ രാജ്കുമാറായിരുന്നെങ്കിലും മഞ്ജു, ശാലിനി എന്നീ സ്ത്രീകളെ മുന്‍ നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും വായ്പത്തുക നല്‍കാതായതോടെ നാട്ടുകാര്‍ ജൂണ്‍ 12-ന് രാജ്കുമാറിനെയും, ശാലിനി, മഞ്ജു എന്നിവരെയും പോലീസില്‍ ഏല്‍പ്പിച്ചത്.

മൂന്നാം മുറയുടെ മൂന്ന് ദിനങ്ങള്‍...

രാജ്കുമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയാണ് തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ശാലിനിയെയും മഞ്ജുവിനെയും 13-ന് പോലീസ് കോടതിയില്‍ ഹാജരാക്കിയെങ്കിലും രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പിന്നീടുള്ള മൂന്നുദിവസം ഉരുട്ടല്‍ അടക്കമുള്ള പ്രാകൃതവും ക്രൂരവുമായി മൂന്നാംമുറകള്‍ക്കാണ് രാജ്കുമാര്‍ വിധേയനായത്. അവശനായ രാജ്കുമാറിന് ആദ്യം തിരുമ്മ് ചികിത്സയും പിന്നീട് നെടുങ്കണ്ടം താലൂക്കാശുപത്രിയിലും എത്തിച്ചു.

പതിനാറിന് സ്ട്രെച്ചറിലാണ് രാജ്കുമാറിനെ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിച്ചതും, തുടര്‍ന്ന് പീരുമേട് ജയിലിലേക്ക് റിമാന്‍ഡില്‍ അയച്ചതും. പീരുമേട് ജയിലില്‍ വെച്ചും ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട രാജ്കുമാറിനെ പീരുമേട് താലൂക്കാശുപത്രിയിലും, കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്കും കൊണ്ടുപോയി. സ്ഥിതി വഷളായതോടെ ജയിലില്‍ വെച്ച് 21-ന് രാജ്കുമാര്‍ മരണത്തിന് കീഴടങ്ങി.

ആദ്യം ക്രൈംബ്രാഞ്ച്...ഒപ്പം ജുഡീഷ്യല്‍ കമ്മിഷനും

കസ്റ്റഡിമരണമാണെന്ന് ആരോപണം ഉയര്‍ന്നതോടെ ഐ.ജി.യുടെ നിര്‍ദേശംപ്രകാരം മുന്‍ എസ്.പി. കെ.ബി.വേണുഗോപാല്‍ എട്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അദ്യഘട്ടത്തില്‍ നെടുങ്കണ്ടം സി.ഐ.യടക്കം അഞ്ചുപേരെയും, പിന്നീട് സ്റ്റേഷിനലെ മൂന്നുപേരൊഴിച്ച് മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റി.

കസ്റ്റഡി മരണക്കേസില്‍ ഒന്നാംപ്രതിയായ എസ്.ഐ. കെ.എ.സാബു, എ.എസ്.ഐ. സി.ബി.റെജിമോന്‍, പോലീസ് ഡ്രൈവര്‍മാരായ പി.എസ്.നിയാസ്, സജീവ് ആന്റണി, എ.എസ്.ഐ.യും റൈറ്ററുമായ റോയി പി.വര്‍ഗീസ്, സി.പി.ഒ. ജിതിന്‍ കെ.ജോര്‍ജ്, ഹോംഗാര്‍ഡ് കെ.എം.ജെയിംസ് എന്നിവരെ മൂന്ന് ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തട്ടിപ്പ് കേസില്‍ ജനങ്ങള്‍ക്ക് നഷ്ടമായ പണം രാജ്കുമാര്‍ കുമളിയിലെത്തിച്ചതായി വിവരം പുറത്തുവന്നെങ്കിലും പണം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായില്ല. ആരോപണ വിധേയനായ ജില്ലാ പോലീസ് മേധാവിയെ സര്‍ക്കാര്‍ സ്ഥലംമാറ്റി. കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദം മൂലം സര്‍ക്കാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഷീഷ്യല്‍ കമ്മിഷനായി നിയമിച്ചു. കമ്മിഷന്‍ ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

Read Also: കണ്ണീരോടെ അവര്‍ പറയുന്നു; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.....

റീ പോസ്റ്റുമോര്‍ട്ടം...ഒടുവില്‍ സി.ബി.ഐ.

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നടത്തിയ രാജ്കുമാറിന്റെ മൃതദേഹ പരിശോധന നിരവധി പിഴവുകളാണ് സംഭവിച്ചത്. മരണകാരണം ന്യൂമോണിയയാണെന്ന് വ്യക്തമായെങ്കിലും ഇതിലേക്ക് നയിച്ചത് കസ്റ്റഡി മര്‍ദനമാണോയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയില്ല. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് മൃതദേഹം റീ-പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടു.

2019 ജൂലായ് 29-ന് സെമിത്തേരിയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തി. ക്രൂരമായ പോലീസ് മര്‍ദനം നടന്നതിന്റെയും, ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്നും റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി.

രാജ്കുമാര്‍ ചില ഉന്നതരുടെ ബിനാമിയാണെന്ന് ആരോപണം ഉയര്‍ന്നതോടെ രാജ്കുമാറിന്റെ ബന്ധുക്കള്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കസ്റ്റഡി മരണക്കേസും സാമ്പത്തിക തട്ടിപ്പുകേസും സി.ബി.ഐ.ക്ക് കൈമാറിയത്.

സി.ബി.ഐ.യുടെ തിരവനന്തപുരം യൂണിറ്റാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. ഇതിനിടെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

തുടര്‍ന്ന് പ്രതികളെയെല്ലാം സി.ബി.ഐ.വീണ്ടും അറസ്റ്റു ചെയ്തു. എന്നാല്‍, സാബു ഒഴികെയുള്ള മറ്റാരുടെയും ജാമ്യം പിന്‍വലിക്കാത്തതിനാല്‍ ഇവരെ സി.ബി.ഐ.ക്ക് വിട്ടയക്കേണ്ടി വന്നു. പ്രതികള്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥയിലാണ് ജാമ്യം.

Content Highlights: nedumkandam rajkumar custodial death