പീരുമേട്: ഇടിപൊളിഞ്ഞ ആ ലയത്തിനുള്ളിലെ രാജ്കുമാറിന്റെ ചിത്രത്തിന് മുമ്പില്‍ മെഴുകുതിരി തെളിയിക്കുമ്പോള്‍ അമ്മ കസ്തൂരി വിതുമ്പിപ്പോയി. ആ സമയം നിറകണ്ണുകളോടെ രാജ്കുമാറിന്റെ ഭാര്യ വിജയ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. പോലീസുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച ഉറ്റവന്റെ ഓര്‍മയ്ക്ക് ഒരുവര്‍ഷം തികയുമ്പോഴും ഇവരുടെ കണ്ണീര് തോര്‍ന്നിട്ടില്ല.

ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിന്റെ കുടുംബാംഗങ്ങള്‍ നീതി പുലരുമെന്ന പ്രതീക്ഷയില്‍ കത്തിരിക്കുകയാണ്. കേസില്‍ ഇപ്പോള്‍ നടക്കുന്ന സി.ബി.ഐ. അന്വേഷണത്തില്‍ തൃപ്തരാണെന്ന് രാജ്കുമാറിന്റെ അമ്മയും ഭാര്യയും പറയുന്നു. എന്നാല്‍, എല്ലാ പ്രതികളേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെടുന്നുണ്ട്.

ഒരുവര്‍ഷം മുമ്പാണ് രാജ്കുമാര്‍ കൊല്ലപ്പെട്ടത്. പോലീസുകാര്‍ പ്രതികളായ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് രാജ്കുമാറിന്റെ കുടുംബമാണ്. നാട്ടുകാര്‍ ഒത്തുചേരുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വി.എസ്.ഡി.പി. യുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരവും നടത്തി.

നാലുലക്ഷം രൂപാവീതം രാജ്കുമാറിന്റെ അമ്മയ്ക്കും ഭാര്യക്കും നല്‍കാനും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ധനസഹായം ലഭിച്ചെങ്കിലും ജോലിയുടെ നടപടികള്‍ നടന്നുവരുകയാണ്. ഇടിഞ്ഞു പൊളിയാറായ തോട്ടം ലയത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. പഞ്ചായത്ത് ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് പണിയാനുള്ള സഹായം നല്‍കിയിരുന്നു. വീട് പണി പുരോഗമിക്കുകയാണ്.

അര്‍ഹമായ ശിക്ഷ നല്‍കണം

പ്രതികള്‍ പലരും ജാമ്യത്തില്‍ ഇറങ്ങി നടക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നാണ് വിശ്വാസം. സി.ബി.ഐ. അന്വേഷണത്തില്‍ തൃപ്തിയുണ്ട്.

- കസ്തൂരി, രാജ് കുമാറിന്റെ അമ്മ

ജോലി കിട്ടുമെന്നാണ് പ്രതീക്ഷ

സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ മക്കളുടെ വിദ്യാഭ്യാസം തുടര്‍ന്ന് പോകുന്നുണ്ട്. ജോലി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. സമ്പര്‍ക്ക വിലക്ക് വന്നതോടെയാണ് തന്റെ ജോലിയുടെ കാര്യങ്ങള്‍ തടസ്സപ്പെട്ടത്.

- വിജയ, രാജ് കുമാറിന്റെ ഭാര്യ

Content Highlights: nedumkandam custodial death; family response after one year