നാവായിക്കുളം(തിരുവനന്തപുരം): മുഹമ്മദ് സഫീറിന് മക്കള്‍ ജീവനായിരുന്നു. ഒരിക്കല്‍പ്പോലും ഉപദ്രവിച്ചിരുന്നില്ല. സ്‌കൂളിലേയ്ക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുവിടുകയും തിരിച്ച് കൊണ്ടുവരികയും ചെയ്യുന്ന സഫീറിനെ നാട്ടുകാര്‍ കാണുന്നതാണ്.
അങ്ങനെയൊരാള്‍ക്ക് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ എങ്ങനെ കഴിഞ്ഞു- സഫീറിനെ അറിയുന്നവരെയെല്ലാം ഞെട്ടിക്കുന്നതിതാണ്.
മൂത്തമകന്‍ അല്‍ത്താഫിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷമാണ് ഇളയവനെയും കൂട്ടി കുളത്തിലേയ്ക്ക് പോയത്. കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചായിരിക്കാം ഇയാള്‍ കുളത്തിലേയ്ക്ക് ചാടിയത്. സഫീറിന്റെയും അന്‍ഷാദിന്റെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ കൈകള്‍ മുന്നിലേയ്ക്ക് നീട്ടിപ്പിടിച്ച നിലയിലായിരുന്നു.
സഫീറിന്റെ ഭാര്യ റജീനയും മക്കളായ അല്‍ത്താഫും അന്‍ഷാദും വൈരമലയിലുള്ള സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5-മണിയോടെയാണ് സഫീര്‍ ഇവിടെനിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. രാത്രി 9-മണിയായിട്ടും കുട്ടികളെ തിരികെ കൊണ്ടുചെന്നില്ല. തുടര്‍ന്ന് റജീന സഫീറിന്റെ സഹോദരന്‍ മുഹമ്മദ് തന്‍സീറിനെ ഫോണില്‍ വിളിച്ചു.
തന്‍സീര്‍ വിളിച്ചപ്പോള്‍ കുട്ടികളുമൊത്ത് വര്‍ക്കല കടല്‍ത്തീരത്തുപോയിരുന്നുവെന്നും മക്കള്‍ സന്തോഷത്തിലാണെന്നും ഭക്ഷണം കഴിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നുവെന്നും പറഞ്ഞു. ഈ വിവരം തന്‍സീര്‍ റജീനയെ അറിയിക്കുകയും ചെയ്തു. സഫീര്‍ കുട്ടികളെ ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുപോകാറുള്ളതിനാല്‍ അതില്‍ അസ്വാഭാവികതയൊന്നും ബന്ധുക്കള്‍ കണ്ടില്ല.
കുട്ടികളെ തിരികെ ഭാര്യാസഹോദരന്റെ വീട്ടിലാക്കാതെ സഫീര്‍ താന്‍ താമസിക്കുന്ന നൈനാംകോണത്തെ തോട്ടിന്‍കര വീട്ടിലെത്തുകയായിരുന്നു. പാതിരാത്രിയില്‍ മൂത്തകുട്ടിയെ കൊലപ്പെടുത്തിയശേഷം ഇളയവനെയുംകൊണ്ട് ഒരു കിലോമീറ്റര്‍ അപ്പുറമുള്ള കുളത്തിലേക്ക് പോയി ചാടിയതാകാം.
പുതുവര്‍ഷത്തിലെ ആദ്യ സായാഹ്നം മക്കളുമൊത്ത് അയാള്‍ ആഘോഷിക്കുകയായിരുന്നു. അച്ഛന്‍ പങ്കുവച്ച സ്നേഹത്തിനും പകര്‍ന്ന സന്തോഷത്തിനുമുള്ളില്‍ ഒളിഞ്ഞിരുന്ന വലിയ ക്രൗര്യം ആ കുഞ്ഞുമനസ്സുകള്‍ക്ക് തിരിച്ചറിയാനായില്ല.
നാട്ടുകാര്‍ക്ക് ' പഞ്ചപാവം'
നാവായിക്കുളം: പട്ടാളം മുക്കിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് സഫീറിനെക്കുറിച്ച് ചോദിച്ചാല്‍ എല്ലാവരും പറയുന്നത് ഒറ്റ ഉത്തരം 'പഞ്ചപാവം'. ദുശ്ശീലങ്ങളൊന്നുമില്ല. ആരോടും അധികമായി കൂട്ടുകൂടാറില്ല. കളിയാക്കിയാല്‍പ്പോലും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പ്രകൃതം. ഓട്ടോറിക്ഷയ്ക്ക് ഓട്ടം കുറയുമ്പോള്‍ മേശന്‍പണിക്ക് സഹായിയായും പോയിരുന്നു.
പിന്നില്‍ കുടുംബപ്രശ്‌നങ്ങളെന്ന് പോലീസ്
നാവായിക്കുളം: കുടുംബ ബന്ധത്തിലുണ്ടായ വിള്ളലുകളാണ് രണ്ടുമക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഗൃഹനാഥനെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സാമ്പത്തികപ്രയാസങ്ങളോ കടബാധ്യതകളോ ഒന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ലെന്ന് പോലീസ് പറയുന്നു.
സഫീര്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നൈനാംകോണം വടക്കേവയലിലുള്ള തോട്ടിന്‍കരവീട്ടിലാണ് താമസിച്ചിരുന്നത്. സഫീര്‍ ഭാര്യയെ നിരന്തരം ദേഹോപദ്രവമേല്പിച്ചിരുന്നതായി റജീനയുടെ ബന്ധുക്കള്‍ പറയുന്നു. മൂന്ന്മാസം മുമ്പ് റജീനയുടെ സഹോദരന്‍ നാവായിക്കുളം ഡീസന്റ്മുക്ക് വൈരമലയില്‍ പുതിയ വീട് വച്ചു.
ഗൃഹപ്രവേശനച്ചടങ്ങിന് എല്ലാവരും പോയിരുന്നു. എന്നാല്‍, റജീന പിന്നീട് മടങ്ങിവന്നില്ല. കുട്ടികളെയും അയച്ചിരുന്നില്ല. സഫീര്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നുപോയിരുന്നു. രണ്ട് മാസമായി സഫീര്‍ സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചിലപ്പോള്‍ കുട്ടികളെയും കൊണ്ടുവരും. എന്നാല്‍, റജീന വന്നിരുന്നില്ല.
കുടുംബത്തിനുള്ളിലുണ്ടായ വിഷയങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹപരിശോധന കഴിഞ്ഞ് ഡോക്ടറുടെ അഭിപ്രായംകൂടി ലഭിച്ചശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് കല്ലമ്പലം ഇന്‍സ്പെക്ടര്‍ ഐ.ഫറോസ് പറഞ്ഞു.
ഒറ്റപ്പെട്ട ജീവിതം
നാവായിക്കുളം: വയല്‍ നികത്തിയെടുത്ത ഭൂമിയിലാണ് മുഹമ്മദ് സഫീറിന്റെ വീട്. ഇതിനുസമീപത്തായി ഒരു വീടുകൂടിയുണ്ട്. തകരംകൊണ്ട് മറച്ചുണ്ടാക്കിയ ആ വീട്ടില്‍ രാജേന്ദ്രനും ഭാര്യ ലീലയുമാണ് താമസിക്കുന്നത്. പിന്നെയുള്ള വീടുകളെല്ലാം കുറച്ചകലെയാണ്. സഫീറിന്റെ വീട് നിര്‍മിച്ചിട്ട് പത്തു വര്‍ഷത്തോളമായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു സഫീറിന്റേത്. അയല്‍ക്കാരുമായൊന്നും വലിയ ബന്ധം സൂക്ഷിച്ചിരുന്നില്ല. രാത്രിയില്‍ വീട്ടിലെത്തിയാല്‍ ടെലിവിഷന്‍ കണ്ടിരിക്കും. രാവിലെ എഴുന്നേറ്റ് പോകും. ഇതാണ് ശീലമെന്ന് അയല്‍വാസിയായ രാജേന്ദ്രന്‍ പറയുന്നു. വല്ലപ്പോഴും കണ്ടാല്‍ ഒന്നോ രണ്ടോ വാക്ക് മിണ്ടും. അതല്ലാതെ യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ലെന്ന് രാജേന്ദ്രന്‍ പറയുന്നു.
Content Highlights: navayikulam murder and suicide