കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മരിച്ച നരിക്കാട്ടേരി കറ്റാരത്ത് അബ്ദുള്‍ അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസില്‍ പുനരന്വേഷണത്തിനും ഉത്തരവിട്ടു. 

2020 മെയ് 17-നാണ് പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അബ്ദുള്‍ അസീസിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ അസീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. അസീസ് ജീവനൊടുക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും മരണത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി., റൂറല്‍ എസ്.പി. എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസില്‍ വീണ്ടും അന്വേഷണം നടത്തിയത്. 

Read Also: കഴുത്ത് ഞെരിക്കുന്ന ദൃശ്യം പുറത്ത്: നാദാപുരത്തെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമോ?

എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഫൊറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘവും വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണെത്തിയത്. ഇതിനിടെയാണ്, സംഭവം നടന്ന് ഒരു വര്‍ഷം തികയാനിരിക്കെ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ ചില സാമൂഹികമാധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ നാട്ടുകാര്‍ കഴിഞ്ഞദിവസം രാത്രിയില്‍ തന്നെ അസീസിന്റെ വീടുവളഞ്ഞു. തുടര്‍ന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. 

അതേസമയം, കൊലപാതകമെന്ന് സംശയിക്കുന്നതരത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസും വെട്ടിലായിരിക്കുകയാണ്. സംഭവം ഏറെ വിവാദമായതോടെ വടകര റൂറല്‍ എസ്.പി. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. പുറത്തുവന്ന ദൃശ്യങ്ങളുടെ ആധികാരിതയടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം.

പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. കേസില്‍ അസീസിന്റെ ബന്ധുക്കളെ ഉടന്‍തന്നെ വിശദമായി ചോദ്യംചെയ്യും. വിദേശത്തുള്ള സഹോദരനോട് നാട്ടിലെത്താനും ആവശ്യപ്പെടും. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് നാട്ടുകാരുടെയും പ്രതീക്ഷ. 

Content Highlights: nadapuram narikatteri abdul azeez death reinvestigation after video goes viral in social media