കോഴിക്കോട്: മലപ്പുറം തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ആവര്‍ത്തിച്ച് കുടുംബം. കുട്ടികളെയെല്ലാം പലയിടത്തും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഡോക്ടര്‍മാര്‍ക്ക് തക്കതായ കാരണംപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നും മരിച്ച കുട്ടികളുടെ ബന്ധു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരിക്കുമ്പോള്‍ പെട്ടെന്നായിരുന്നു മരണങ്ങളെല്ലാം സംഭവിച്ചത്. ഉറക്കത്തിനിടയിലായിരുന്നു ഇതെല്ലാം. നാലര വയസ്സുള്ള കുട്ടി അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ആര്‍ക്കും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താനായില്ല- ബന്ധു പറഞ്ഞു. 

പോലീസ് അന്വേഷണത്തിലും വിശദമായ പോസ്റ്റുമോര്‍ട്ടം പരിശോധനയിലും കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരൂരിലെ റഫീഖ്-സബ്‌ന ദമ്പതിമാരുടെ ആറ് കുട്ടികളാണ് ഒമ്പത് വര്‍ഷത്തിനിടെ മരണപ്പെട്ടത്. കഴിഞ്ഞദിവസം മൂന്നുമാസം പ്രായമുള്ള ആറാമത്തെ കുട്ടിയും മരിച്ചിരുന്നു. ഇതോടെ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. 

എന്നാല്‍ ആറാമത്തെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ പ്രാഥമികവിവരം. ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും വിഷാംശം ഉള്ളില്‍ചെന്നതിന്റെ സൂചനയില്ലെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. 

കുട്ടികളുടെ മരണവിവരമെല്ലാം തങ്ങള്‍ രാവിലെ മാത്രമാണ് അറിഞ്ഞതെന്ന് അയല്‍ക്കാരിലൊരാള്‍ പറഞ്ഞു. തലേദിവസം വരെ ഒരു പ്രശ്‌നവുമില്ലാതിരുന്ന അംഗനവാടിയില്‍ പോയിരുന്ന നാലരവയസ്സുകാരന്റെ മരണവും ഇതുപോലെയായിരുന്നു. പിറ്റേദിവസമാണ് കുട്ടി മരിച്ചവിവരമറിയുന്നതെന്നും ഇവര്‍ പറഞ്ഞു. 

Content Highlights: mysterious deaths of six children in tirur; relatives are waiting for inquiry reports