കോഴിക്കോട്: കണ്ണൂരിൽ പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ  ആശുപത്രിക്കെതിരേ ഗുരുതര ആരോപണം. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും ഗൈനക്കോളജി വിഭാഗം ഡോക്ടറുടെയും അനാസ്ഥ കാരണമാണ് യുവതിയും കുഞ്ഞും മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമാവുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. 30 ദിവസത്തിനകം ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിയോടാണ് കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണവിധേയനായ ഡോക്ടറും വിശദീകരണം സമർപ്പിക്കണം.

ജൂലായ് പത്താം തീയതി വൈകിട്ടോടെയാണ് മുഴപ്പിലങ്ങാട് എകെജി റോഡ് 'അപ്സരാസി'ൽ ഷഫ്ന(32)യെ പ്രസവത്തിനായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് ആശുപത്രിയിൽ സംഭവിച്ച കാര്യങ്ങൾ തീർത്തും ദുരൂഹത നിറഞ്ഞതും സംശയകരവുമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പത്താം തീയതി രാത്രി മുതൽ സംഭവിച്ചത് ഷ്ഫനയുടെ ബന്ധുവായ ഷാന ഷെറിൻ മാതൃഭൂമി ഡോട്ട് കോമിനോട് വിവരിക്കുന്നു:-

shafna death kannur muzhappilangad

' ഷഫ്നയുടെ മൂന്നാമത്ത പ്രസവമായിരുന്നു ഇത്. ശനിയാഴ്ച പുലർച്ചെ 2.30-ഓടെ വേദന വന്നപ്പോൾ ആദ്യം ലേബർ റൂമിലേക്ക് കൊണ്ടുപോയി. കോണിപ്പടിയിലൂടെ നടത്തിയാണ് മുറിയിൽനിന്നു ലേബർ റൂമിലേക്ക് കൊണ്ടുപോയത്. പിന്നെ മുറിയിൽ തിരികെയെത്തി. പുലർച്ചെ 4.30-ഓടെ വേദന അനുഭവപ്പെട്ടതോടെ വീണ്ടും ലേബർ റൂമിലേക്ക് മാറ്റി. ഏറേനേരം ലേബർ റൂമിനകത്ത് നിന്ന് കരച്ചിൽ കേട്ടിരുന്നു. പിന്നീട് രാവിലെ 9.30-ഓടെയാണ് കുഞ്ഞിന് ഭാരക്കൂടുതൽ ആണെന്നും ഓപ്പറേഷൻ വേണമെന്നും ഡോക്ടർ പറഞ്ഞത്. ഷഫ്ന ഓപ്പറേഷന് സമ്മതിച്ചെന്ന് പറഞ്ഞ് ആ സമയം ലേബർ റൂമിന് പുറത്തുണ്ടായിരുന്ന ഷഫ്നയുടെ ഉമ്മയെക്കൊണ്ട് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. ഇതിനുപിന്നാലെ ഷഫ്നയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. ആരെയും കാണിക്കാൻ പോലും അനുവദിച്ചില്ല. ആ സമയത്ത് ബോധമുണ്ടായിരുന്നോ പ്രസവം കഴിഞ്ഞോ എന്നൊന്നും അറിഞ്ഞിരുന്നില്ല. പിന്നാലെ രക്തസ്രാവമുണ്ടെന്നും ഗർഭപാത്രം നീക്കം ചെയ്യുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. അവർ ആവശ്യപ്പെട്ടത് പ്രകാരം രക്തവും സംഘടിപ്പിച്ചുനൽകി. ഈ സമയത്തൊന്നും നില അതീവഗുരുതരമാണെന്നോ മറ്റോ ആരും ഞങ്ങളെ അറിയിച്ചില്ല. കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ കുഞ്ഞിന് ഹൃദയമിടിപ്പില്ലെന്നും കുഞ്ഞ് കരഞ്ഞിട്ടില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. ആശുപത്രിക്കാർ തന്നെ ആംബുലൻസ് വിളിച്ച് മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. കുഞ്ഞിന് നീലനിറമായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പിറകിൽ രക്തം കട്ടപിടിച്ചതും രക്തസ്രാവവും ഡോക്ടർമാർ ശ്രദ്ധിച്ചത്. ഉച്ചയോടെ കുഞ്ഞ് മരിച്ചു.

ഇതിനിടെ, ഷഫ്നയുടെ നില ഗുരുതരമായിരുന്നു. ഷഫ്നയ്ക്ക് 'ഷോക്ക്' വന്നെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും അവർ പറഞ്ഞു. പക്ഷേ, ബന്ധുവായ അമ്മാവനോട് ഷഫ്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പറഞ്ഞത്. വെന്റിലേറ്ററിലാണ് ഷഫ്നയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയം മുഖം നീലനിറമായി നാവ് പുറത്തേക്കിട്ട് കടിച്ചു പിടിച്ച നിലയിലായിരുന്നു. ആ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ നില ഗുരുതരമാണെന്ന് അവിടുത്തെ ഡോക്ടർമാർ പറഞ്ഞിരുന്നു. വൈകാതെ ഷഫ്നയും മരിച്ചു'- ഷാന ഷെറിൻ വിശദീകരിച്ചു.

ഭാരക്കൂടുതലാണെന്ന് പറഞ്ഞ കുഞ്ഞിന് 3.2 കിലോഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂവെന്നും രണ്ടു പേരുടെയും മരണത്തിന് ശേഷം ആശുപത്രി അധികൃതർ ബന്ധപ്പെടുക പോലും ചെയ്തില്ലെന്നും ഇവർ ആരോപിച്ചു. ഓപ്പറേഷന് മുമ്പ് ആഭരണങ്ങൾ പോലും അവർ അഴിച്ചു മാറ്റിയിരുന്നില്ല. സുഖപ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന ഷഫ്നയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഷാന ഷെറിൻ ആരോപിച്ചു.

സംഭവത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിലും മനുഷ്യാവാശ കമ്മീഷനിലുമടക്കം ബന്ധുക്കൾ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ പരാതി ലഭിച്ചതായും പ്രാഥമികമായ അന്വേഷണം നടക്കുകയാണെന്നും എടക്കാട് പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥയാണ് മരണത്തിന് കാരണമെന്ന പരാതിയാണ് ലഭിച്ചതെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസും മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം തേടിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥലത്തില്ലെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നുമായിരുന്നു പ്രതികരണം. എന്നാൽ സാധാരണ പ്രസവത്തിനിടെ സംഭവിച്ച ചില സങ്കീർണതകൾ മാത്രമാണെന്നായിരുന്നു ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തി അനൗദ്യോഗികമായി പറഞ്ഞത്. ആരോപണവിധേയനായ ഡോക്ടർ മികച്ച അഭിപ്രായം നേടിയ ഡോക്ടറാണെന്നും ആരും മനഃപൂർവം ഇങ്ങനെ ചെയ്യില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

Content Highlights:muzhappilangad native shafna and newborn baby died allegation against private hospital