ലണ്ടന്‍: കുപ്രസിദ്ധമായ ഒരു കൊലക്കേസ് പ്രതി മേയറുടെ ഭാര്യയായതിന്റെ അമര്‍ഷത്തിലാണ് ലണ്ടന്‍ മാധ്യമങ്ങളും റെഡ്ബ്രിജിലുള്ളവരും. ലണ്ടനിലെ റെഡ്ബ്രിജിലെ മേയറായ വരീന്ദര്‍ സിങ് ബോലെയുടെ ഭാര്യ മുന്‍ന്ദില്‍ സിങ് കുപ്രസിദ്ധമായ കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. കാമുകനെ ഒഴിവാക്കാനായി ജീവനോടെ കത്തിച്ചുകൊന്നു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് മുന്‍ന്ദില്‍. 

2012 ലാണ് സംഭവം. പഞ്ചാബിലെ ജലന്തര്‍ സ്വദേശിയായ ഗഗന്‍ദീപ് സിങ് (21) എന്ന യുവാവും മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മുന്‍ന്ദിലും തമ്മില്‍ പ്രണയത്തിലായി. സമ്പന്ന കുടുംബത്തിലെ അംഗമായ ഗഗന്‍ ബ്രിട്ടനിലെ സിഖ് ടി.വി എക്‌സിക്യൂട്ടീവായിരുന്നു. 

പഠനത്തിനുള്ള പണവും ഗഗനാണ് മുന്‍ന്ദിലിന് നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ വൈകാതെ പിരിഞ്ഞു. ഗഗന്‍ തന്നെ പീഡിപ്പിച്ചതായി മുന്‍ന്ദില്‍ മൊഴിനല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് ഗഗനെ വകവരുത്താനും മുന്‍ന്ദില്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി സുഹൃത്ത്  ഹര്‍വിന്ദര്‍ ഷോക്കറെയും ഒപ്പം കൂട്ടി. ഹര്‍വിന്ദര്‍ തന്റെ സുഹൃത്തും വാടകക്കൊലയാളിയായ ഡാരന്‍ പീറ്റേഴ്‌സിനെയും ഒപ്പം കൂട്ടി.

mundil
വരീന്ദറും മുന്‍ന്ദിലും 

മുന്‍ന്ദില്‍ തന്റെ താമസ സ്ഥലത്തേക്ക് ഗഗനെ വിളിച്ചുവരുത്തി. ഹര്‍വിന്ദറും ഡാരനും ചേര്‍ന്ന് മര്‍ദിച്ചു. അവശനായ ഗഗനെ കാറിനിലിട്ട് കത്തിച്ചു കൊല്ലുകയായിരുന്നു. ജീവനോടെയാണ് ഗഗനെ കത്തിച്ചുകൊന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. 

കൊലക്കേസില്‍ ഹര്‍വിന്ദറിന് 22 വര്‍ഷം തടവും പീറ്റേഴ്‌സണിന് 12 വര്‍ഷവും മുന്‍ന്ദിലിനു ആറുവര്‍ഷത്തെ തടവും ശിക്ഷ ലഭിച്ചു. എന്നാല്‍ മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് 2014ല്‍ മുന്‍ന്ദില്‍ ജയില്‍ മോചിതയായി. ആയുര്‍വേദ ഉഴിച്ചില്‍ പഠിച്ച് മുന്‍ന്ദില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 

ഈ സമയത്താണ് ലേബര്‍പാര്‍ട്ടി നേതാവായ വരീന്ദര്‍ സിങ്ങിനെ മുന്‍ന്ദില്‍ പരിജയപ്പെടുന്നത്. വരീന്ദറിന് ഉഴിച്ചില്‍ നടത്താനെത്തിയ മുന്‍ന്ദില്‍ പിന്നീട് കാമുകിയും 2016ല്‍ ഭാര്യയുമായി. ഈ സമയം ലേബര്‍ പാര്‍ട്ടിയിലെ പുത്തന്‍ താരോദയമായിരുന്നു വരീന്ദര്‍. 2018ല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട വരീന്ദര്‍ കഴിഞ്ഞയാഴ്ച്ച റെഡ്ബ്രിജ് മേയറായും തിരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ പാര്‍ട്ടിയിലെ അണികളും നാട്ടുകാരും മാധ്യമങ്ങളും വരീന്ദറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഗഗന്റെ കുടുബവും മുന്‍ന്ദില്‍ മേയറുടെ ഭാര്യയായി ജീവിക്കുന്നതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.  

Content Highlights: murderous past of wife of rising Labour politician Varinder Singh Bola