രോ അന്വേഷണവും അറസ്റ്റിലായ പ്രതിയില്‍ അടിവരയിട്ട് അവസാനിപ്പിച്ചപ്പോഴൊക്കെ നാട്ടുകാര്‍ ചോദിച്ചുകൊണ്ടിരുന്നു: ജിഷയെ കൊലപ്പെടുത്തിയതാര്?  എന്തുകൊണ്ടാണ് നാട് ഈ ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്. അന്വേഷണം ചുരുളഴിയുമ്പോള്‍ ഒരുപക്ഷേ, വലിയ കോളിളക്കം സംഭവിച്ചേക്കാം. വെറുതെയുള്ള നിഗമനങ്ങളല്ല, മറിച്ച് വസ്തുതകള്‍ തെളിയിക്കുന്ന രേഖകളും ഫോട്ടോകളും സാക്ഷിമൊഴികളുമുണ്ട്. എന്നിട്ടും പോലീസുദ്യോഗസ്ഥര്‍ക്ക് അതൊന്നും കണ്ണില്‍ പിടിച്ചില്ല. അവര്‍ കണ്ണുകളടച്ചുപിടിച്ചു. കണ്ണും മനസ്സും തുറന്നുപിടിച്ച നീതിപീഠം അതെല്ലാം കണ്ടു. വിചാരണക്കോടതി സാക്ഷികളെ പ്രതികളാക്കി. അപ്പോഴാണ് നാട്ടുകാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ചോദ്യത്തിന്റെ പൊരുള്‍ പിടികിട്ടിയത്. വിചാരണ നടക്കുന്ന കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അത്യപൂര്‍വമായ ഈ നടപടി ഉണ്ടായപ്പോള്‍ത്തന്നെ, നാട്ടുകാര്‍ ഒരേ ചോദ്യം ഉന്നയിച്ചുകൊണ്ടേയിരുന്നതില്‍ എന്തോ കഴമ്പുണ്ടെന്ന് പൊതുസമൂഹമൊട്ടാകെ പറഞ്ഞുതുടങ്ങി. 

അടച്ചുപിടിച്ച കണ്ണുതുറക്കാന്‍ വീണ്ടും ക്രൈംബ്രാഞ്ചെത്തുന്നു. വീണ്ടുമൊരു അന്വേഷണം വേണ്ടിവരുന്നുവെന്ന് പറയുമ്പോള്‍ അത് സംസ്ഥാനസര്‍ക്കാരിന് തന്നെ നാണക്കേടുണ്ടാക്കുന്നു. കാരണം ഒന്നും രണ്ടുമല്ല, ഒരു കൊലപാതകം തെളിയിക്കാനിത് അഞ്ചാമത്തെ അന്വേഷണമാണ്. അന്വേഷണോദ്യോഗസ്ഥരുടെ കഴിവുകേടുകളെ എടുത്തുകാട്ടുന്ന രീതിയിലുള്ള വിചാരണക്കോടതി നടപടി ആഭ്യന്തരവകുപ്പിന്റെ തലയ്ക്ക് കിട്ടിയ കനത്തിലുള്ള അടിയാണ്. ഈ അടിയുടെ വേദനമാറണമെങ്കില്‍ നാട്ടുകാരുടെ ചോദ്യത്തിനും വിചാരണക്കോടതിയെടുത്ത നടപടിയിലും കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉണ്ടാകണം. അഞ്ചാമത്തെ അന്വേഷണം വഴിപിഴയ്ക്കില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്. ക്രൈംബ്രാഞ്ചിന്റെ കണ്ണൂര്‍ യൂണിറ്റ് പോലീസ് മേധാവി ഡോ. എസ്.ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം.

ജിഷ കൊല്ലപ്പെട്ടത് 2012-ല്‍

2012 ഫിബ്രവരി 19-നാണ് 26 വയസ്സുകാരിയായ ജിഷ ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടത്. വീട്ടുവേലക്കാരന്‍ ഒഡിഷ സ്വദേശി മദന്‍മാലിക്ക് കുത്തിക്കൊലപ്പെടുത്തിയെന്നാണ്‌ കേസ് ഡയറിയിലുള്ളത്. രാത്രി എട്ടേകാലോടെ അടുക്കളയില്‍ പപ്പടം കാച്ചിക്കൊണ്ടിരിക്കെ ജിഷയെ കുത്തിയെന്നും ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചെന്നുമാണ് കുറ്റപത്രത്തിലുള്ളത്.

മോഷണമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിഷയെ കുത്തിയ ശേഷം കാണാതായ വേലക്കാരനെ രണ്ടുദിവസം കഴിഞ്ഞ് ഇതേ വീടിന്റെ ടെറസില്‍ നിന്ന് നാട്ടുകാര്‍ പിടിക്കുകയായിരുന്നു. അന്ന് നീലേശ്വരം ഇന്‍സ്‌പെക്ടറായിരുന്ന സി.കെ.സുനില്‍കുമാറാണ് ആദ്യം കേസ് അന്വേഷിച്ചത്. പ്രതി വേലക്കാരന്‍ മാത്രമല്ലെന്നു പറഞ്ഞ് നാട്ടുകാരുടെ കര്‍മസമിതി നിലവില്‍വന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ രണ്ടാമത്തെ അന്വേഷണവും ഉണ്ടായി. ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്ത് ആദ്യ അന്വേഷണം ശരിവച്ച് രണ്ടാമത്തെ കേസ് ഡയറിയും അടച്ചു. നിരന്തരം നിവേദനം നല്കിയും നിയമത്തിന്റെ വഴിതേടിയും കര്‍മസമിതി മുന്നോട്ടുപോയപ്പോള്‍, കേസ് ക്രൈംബാഞ്ച് ഏറ്റെടുത്തു. കണ്ണൂര്‍ യൂണിറ്റ് ഡിവൈ.എസ്.പി. കെ.സന്തോഷും സംഘവും അന്വേഷണം തുടങ്ങി. അവരും ലോക്കല്‍പോലീസ് എത്തിയിടത്തുനിന്ന് ഒരിഞ്ച് മുന്നോട്ടുപോയില്ല. സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. രണ്ടാമത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു. 

ഡിവൈ.എസ്.പി. യു.പ്രേമന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷിച്ചു. മദന്‍മാലിക്കില്‍ത്തന്നെ കുറ്റംചാര്‍ത്തി പ്രേമനും സംഘവും മടങ്ങി. ഒരു കൊലപാതകക്കേസില്‍ നാലു പോലീസ് അന്വേഷണം നടന്ന അത്യപൂര്‍വസംഭവത്തിന് സാക്ഷ്യം വഹിച്ച നാട്ടിലേക്ക് ഇതാ അതേ കേസന്വേഷിക്കാനിപ്പോള്‍ അഞ്ചാമത്തെ ടീം വരുന്നു.

അച്ഛനമ്മമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല

ഒഡിഷക്കാരനില്‍ കുറ്റമെല്ലാം കെട്ടിെവച്ച് രക്ഷപ്പെടാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് നിരവധി തെളിവുകളുമായാണ് അച്ഛന്‍ പെരിയാരത്ത് പി.കെ.കുഞ്ഞികൃഷ്ണന്‍ കോടതിയിലെ സാക്ഷിക്കൂട്ടിലെത്തിയത്. നീലേശ്വരത്തിന്റെ കിഴക്കന്‍ മലയോരഗ്രാമമായ നര്‍ക്കിലക്കാട് മാര്‍ണാടത്താണ് ഇവരുടെ വീട്. അന്നും ഇന്നും ഈ വീട്ടിലെത്തുന്നവര്‍ക്ക് ഈ അച്ഛനമ്മമാരുടെ സങ്കടത്തിന്റെ ആഴംകുറയ്ക്കാനായിട്ടില്ല. പൊന്നുമോളുടെ ഫോട്ടോയില്‍ നോക്കി പൊട്ടിക്കരയുന്നതിനിടെ ഇവര്‍ പറയുന്ന കാര്യങ്ങളിലേക്ക് ഒരു അന്വേഷണോദ്യോഗസ്ഥനും അടിവരയിടാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വിചാരണക്കോടതി നടപടിവരെ നീളില്ലായിരുന്നു ഈ കരച്ചില്‍. 

ജിഷയ്ക്ക് ഒരു സഹോദരനുണ്ട്, ജിതേഷ്. നാലംഗ സന്തുഷ്ട കര്‍ഷക കുടുംബത്തിലേക്ക് മടിക്കൈ കക്കാട്ടെ ആര്‍.സി.ആര്‍.വില്ലയില്‍ താമസിക്കുന്ന രാജേന്ദ്രന്‍ മരുമകനായെത്തിയപ്പോള്‍ ആ സന്തോഷം ഇരട്ടിച്ചു. 2009 മേയ് 13-നാണ് കക്കാട്ടെ കുഞ്ഞിക്കണ്ണന്‍ നായരുടെ മകന്‍ രാജേന്ദ്രന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ബി.എഡും പഠിച്ച ജിഷയെ കല്ല്യാണംകഴിച്ചത്. അബുദാബിയില്‍ ജോലിക്കാരനായ രാജേന്ദ്രന് കൈപിടിച്ചുകൊടുക്കുമ്പോള്‍ എന്തൊക്കെ പ്രതീക്ഷയായിരുന്നു ഈ അച്ഛനും അമ്മയ്ക്കും. 

കല്ല്യാണം കഴിഞ്ഞ് രാജേന്ദ്രന്‍ ഗള്‍ഫിലേക്കു പോയി. ജിഷയെ രണ്ടുതവണ ഗള്‍ഫിലേക്ക് കൂട്ടിയിരുന്നു. രണ്ടാം തവണത്തെ ഗള്‍ഫ് യാത്രയില്‍ 45 ദിവസം ഭര്‍ത്താവിനൊപ്പം താമസിച്ചു. 2011 ജൂലായ് 22-നാണ് തിരിച്ചുവന്നത്. അതേവര്‍ഷം ഒക്ടോബറില്‍ അവധിക്കു വന്ന രാജേന്ദ്രന്‍ മൂന്നുമാസം നാട്ടില്‍ നിന്നു. രാജേന്ദ്രന്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയി മൂന്നാം മാസമാണ് ജിഷ കൊല്ലപ്പെടുന്നത്. 

കൊല്ലപ്പെട്ട ദിവസം ജിഷ ബന്ധുവിന്റെ കല്ല്യാണത്തിന് പോയിരുന്നു. അച്ഛനും അമ്മയും സഹോദരനും കല്ല്യാണവീട്ടിലുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് അമ്മയും സഹോദരനും നര്‍ക്കിലക്കാട്ടെ വീട്ടിലേക്ക് പോയി. ജിഷയെ അച്ഛന്‍ കക്കാട്ടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. വൈകീട്ട് ആറുമണിയോടെ മകളെ വിളിച്ചതായി ശോഭന പറയുന്നു. 'കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നുവെന്നും രാത്രി വിളിക്കാമെന്നും എന്റെ മോള് പറഞ്ഞു. രാത്രി വിളിച്ചില്ല. പാതിരാത്രി കഴിഞ്ഞപ്പോള്‍ അവള്‍ ഞങ്ങളെ വിട്ടുപോയെന്ന വിവരമാണ് കിട്ടിയത്...' -പറഞ്ഞുതീരുംമുമ്പേ അമ്മ പൊട്ടിക്കരഞ്ഞു.

സാക്ഷികളായ ഭര്‍തൃസഹോദരനും ഭാര്യയും പ്രതികളായി

'അന്‍പതിനായിരം രൂപ തരാമെന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ കുത്തിയത്...' കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ വെച്ച് മദന്‍മാലിക്ക് ഇങ്ങനെ പറഞ്ഞതായാണ് വാര്‍ഡര്‍ വിജയകുമാര്‍ കോടതിയില്‍ സാക്ഷിമൊഴി നല്‍കിയത്. ബഡാബോസ് പറഞ്ഞതുകൊണ്ടാണ് താന്‍ ഇതു ചെയ്തതെന്നും പിന്നീട് ടെറസില്‍ ഒളിപ്പിച്ചുവെന്നും മദനന്‍ ജയില്‍മുറിയില്‍െവച്ചു തന്നോടു പറഞ്ഞതായി സഹതടവുകാരന്‍ രാഘവന്‍ എന്നയാളും കോടതിയില്‍ മൊഴിനല്‍കിയിരുന്നു. 

ഒന്നിലേറെത്തവണ ഗ്യാസ് തുറന്നുവച്ചു ജിഷയെ അപകടപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെന്നും വീട്ടില്‍ ഭക്ഷണം കഴിക്കുന്നതില്‍ തുടങ്ങി ആഭരണങ്ങളുടെ കണക്കുകളിലേക്കുവരെ എത്തുന്ന മാനസികപീഡനം മകള്‍ക്കുണ്ടായെന്നും അമ്മ ശോഭനയും സാക്ഷിമൊഴി നല്കി. അന്വേഷണം ചെന്നെത്താത്ത പല സംഭവങ്ങളിലേക്കും വിരല്‍ചൂണ്ടി വസ്തുതകള്‍ നിരത്തി അച്ഛന്‍ കുഞ്ഞികൃഷ്ണനും കോടതിയെ ബോധിപ്പിച്ചു. 

ഒപ്പം ഓരോ ദിവസവും ജിഷയെഴുതിയ ഡയറിക്കുറിപ്പ്. ഡയറിയില്‍നിന്നു 31 പേജുകള്‍ മുറിച്ചുമാറ്റിയത്. 2012-ലെ ഡയറി കാണാതായത്. ഇതെല്ലാം വിചാരണക്കോടതിയെ അപൂര്‍വനടപടിയിലേക്കെത്തിച്ചു. പോലീസുദ്യോഗസ്ഥരുടെ മികവാര്‍ന്ന അന്വേഷണമോ ലോക്കപ്പിലെ ചോദ്യംചെയ്യലോ ഒന്നും വേണ്ടിവന്നില്ല. കുറ്റപത്രത്തിലെ ഒന്നും മൂന്നും സാക്ഷികളായ ശ്രീലേഖയെയും ഭര്‍ത്താവ് ചന്ദ്രനെയും കോടതി പ്രതികളാക്കി. ജിഷയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠസഹോദരനാണ് ചന്ദ്രന്‍.

ചന്ദ്രന്റെ ഭാര്യയുടെ സ്വര്‍ണം, ജിഷയുടെ സ്വര്‍ണം ഇവയെല്ലാം വീട്ടിലുണ്ട്. ഇത്രയും കാലമായി അവിടെ താമസിക്കുന്ന വേലക്കാരന്‍ ഒരിക്കല്‍പ്പോലും മോഷണത്തിന് ശ്രമിച്ചതായി അറിയില്ല. ജിഷയെ കൊലപ്പെടുത്തിയ ദിവസവും മറ്റു മോഷണമൊന്നും അവിടെ നടന്നില്ല. ജിഷയുടെ കഴുത്തിലുണ്ടായിരുന്ന ഏഴുപവന്‍ മാലയും ഊരിയെടുത്തിട്ടില്ല. 

കര്‍മസമിതിക്കാര്‍ പറയുന്നുണ്ട്, കഴമ്പുള്ള കാര്യങ്ങള്‍

ജിഷയെ കുത്തിയ വേലക്കാരന്റെ ലക്ഷ്യം മോഷണമാണെന്നു പറയുന്നു. ജിഷ നര്‍ക്കിലക്കാട് മാണാര്‍ടത്തെ സ്വന്തം വീട്ടില്‍ പലപ്പോഴും താമസിക്കാറുണ്ട്. ഈ ദിവസങ്ങളില്‍ മോഷണം നടത്തിക്കൂടേ?. കക്കാട്ടെ വീട്ടില്‍ അവളുടെ കിടപ്പുമുറി മുകളിലെ നിലയിലാണ്. പുറത്തുനിന്നാണ് മുകളിലെ നിലയിലേക്കുള്ള കോവണി. ജിഷ മുകളിലേക്ക് പോയാല്‍ അകത്തു സൈ്വരവിഹാരം നടത്തുന്ന വേലക്കാരന് മോഷണം നടത്താന്‍ പ്രയാസമില്ലല്ലോ. ക്രഷര്‍ ഉടമയായ ചന്ദ്രന്‍ അതില്‍നിന്നുള്ള പ്രതിദിന കളക്ഷന്‍ വന്‍തുക വീട്ടില്‍ വെയ്ക്കുന്നത് മദനന് അറിയാം. വീട്ടില്‍ സര്‍വസ്വാതന്ത്ര്യവുമുള്ള ഒരാള്‍ക്ക് ഒരു പ്രതിരോധവുമില്ലാതെ പണവും സ്വര്‍ണവും എടുത്തു രക്ഷപ്പെടാമെന്നിരിക്കെ, ഒരാളെ കൊലപ്പെടുത്തി മോഷണം നടത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. 

രാത്രി എട്ടേകാലിനാണ് ജിഷയെ കുത്തിവീഴ്ത്തിയതെന്നു പറയുന്നു. നിലവിളി കേട്ടാണ് അയല്‍പക്കക്കാര്‍ എത്തിയതെന്നാണ് വീട്ടിലുണ്ടായിരുന്ന ചന്ദ്രന്റെ ഭാര്യ ശ്രീലേഖയുടെ മൊഴി. എന്നാല്‍ ചന്ദ്രന്റെ മകന്‍ വന്നുവിളിച്ചിട്ടാണ് തങ്ങള്‍ അറിഞ്ഞതെന്നും നിലവിളിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് അയല്‍പക്കത്തെ വീട്ടമ്മയുടെ സാക്ഷിമൊഴി. വീട്ടില്‍നിന്ന് പെട്ടെന്നെത്താവുന്ന ജില്ലാ ആസ്പത്രിയിലേക്കല്ല, അകലെയുള്ള സ്വകാര്യ ആസ്പത്രിയിലേക്കാണ് ജിഷയെ കൊണ്ടുപോയത്. 

അവിടെനിന്നു കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മറ്റൊരു ആസ്പത്രിയിലും കൊണ്ടുപോയെന്ന് കേസ് ഡയറിയിലുണ്ട്. ഒരുമണിക്കൂറിന് ശേഷമാണ് ആസ്പത്രിയില്‍ കൊണ്ടുപോയത്. ഇത്രയധികം സമയം സഞ്ചരിച്ച ആംബുലന്‍സ് ഡ്രൈവറെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടില്ല. പ്രതി മദന്‍മാലിക്ക് 20-ന് നാട്ടിലേക്ക് പോകാന്‍ തീവണ്ടിയില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നു. ട്രെയിന്‍ ടിക്കറ്റ് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. വീട്ടുവേലക്കാരന്‍ റിസര്‍വേഷന്‍ ചെയ്തു പോകുന്നതില്‍ ആശ്ചര്യമുണ്ട്. അതു മുഖവിലയ്‌ക്കെടുക്കേണ്ട. 19-നു കൊലനടത്തി 20-നു കടന്നു കളയാനായിരുന്നു തീരുമാനം. ആളുകള്‍ കൂടിയപ്പോള്‍ ടിക്കറ്റും പേഴ്സുമൊന്നും എടുക്കാനായില്ല. ടെറസിന്റെ മുകളില്‍ അവനെ ഒളിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ്് രക്ഷപ്പെടാനുള്ള മുന്നൊരുക്കത്തിനിടെ നാട്ടുകാരുടെ കണ്ണില്‍പ്പെടുകയായിരുന്നു. 

ജിഷയുടെ 2011-ലെ ഡയറിയില്‍നിന്ന് എങ്ങനെയാണ് 31 പേജ് അപ്രത്യക്ഷമായത്? 2012-ലെ ഡയറി എവിടെയാണുള്ളത്? എന്താണ് രാത്രി വിളിച്ച് ജിഷയ്ക്ക് അമ്മയോടു പറയാനുണ്ടായിരുന്നത്? അടുക്കളയിലുള്ള ജിഷയെ കുത്തുമ്പോള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ശ്രീലേഖ കേള്‍ക്കില്ലേയെന്ന ചോദ്യവും കര്‍മസമിതിക്കാര്‍ ഉന്നയിക്കുന്നു. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ വീട്ടുകാരും പുറത്തുള്ളവരും പങ്കാളികളാണെന്നും തെളിവുകള്‍ നിരത്തി കര്‍മസമിതിക്കാര്‍ പറയുന്നു. കുത്തേറ്റ ജിഷയെ ആസ്പത്രിയിലേക്കാണോ മറ്റേതെങ്കിലും അജ്ഞാത കേന്ദ്രത്തിലേക്കാണോ കൊണ്ടുപോയതെന്ന കര്‍മസമിതിയുടെ സംശയവും പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ ബലപ്പെടുകയാണ്.

കര്‍മസമിതിക്കാരായി ഇവര്‍:  മുന്‍ എം.എല്‍.എ. എം.കുമാരന്‍ (ചെയ.), പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.വേണുഗോപാലന്‍(കണ്‍.), വെസ്റ്റ് എളേരിപഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നാരായണന്‍ നായര്‍, സി.പി.എം. നേതാക്കളായ പി.ആര്‍.ചാക്കോ, സാബു അബ്രഹാം, സ്‌കറിയ അബ്രഹാം, എം.കൃഷ്ണന്‍നായര്‍, കെ.കെ.ദാമോദരന്‍, സി.പി.ഐ. നേതാക്കളായ കെ.എസ്.കുര്യാക്കോസ്, കെ.പി.സഹദേവന്‍, കോണ്‍ഗ്രസ് നേതാക്കളായ എ.സി.ജോസ്, പി.കെ.അബൂബക്കര്‍, ബി.ജെ.പി.ജില്ലാകമ്മിറ്റിയംഗം ടി.സി.രാമചന്ദ്രന്‍, മുന്‍ബാങ്ക് സെക്രട്ടറി കെ.വി.കെ.പദ്മനാഭന്‍, റിട്ട.അധ്യാപിക കെ.എം.സാറാമ്മ.

Content Highlights: Murder Crime news Neeleswaram Police