മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ഒരാഴ്ച മുമ്പ് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. നവംബര്‍ ഏഴിന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കര്‍ണാടക സ്വദേശിയും തലപ്പാടിയിലെ താമസക്കാരനുമായ ഹനുമന്തപ്പ കുഞ്ചത്തൂര്‍പദവില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

എല്ലാം കാമുകനുവേണ്ടി

അപകടമരണമായിരിക്കാമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. റോഡരികില്‍ മൃതദേഹം കിടന്നതിന് തൊട്ടടുത്തുതന്നെ ഇയാള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടന്നിരുന്നു. പോലീസിന്റെ പരിശോധനയില്‍ മൃതദേഹത്തില്‍ കൊലപാതകത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചതിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും പിടിവലിയുടെതുമായ അടയാളങ്ങള്‍ പോലീസിനെ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്റെ നിഗമനം ശരിവച്ചതോടെ അന്വേഷണത്തിന്റെ മുന ഭാര്യ ഭാഗ്യശ്രീ (26) യിലേക്ക് നീണ്ടു. സംഭവത്തിനുശേഷം ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂസലേതുമില്ലാതെ എല്ലാം നിഷേധിച്ചു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇതിലെ വിവരങ്ങള്‍വെച്ച് ചോദ്യം ചെയ്യല്‍ തുടങ്ങിയതോടെ ഭാഗ്യശ്രീ പതറി. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോള്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. ഭര്‍ത്താവിന്റെ സുഹൃത്തും കാമുകനുമായ അല്‍അസാബ് (23) മായുള്ള രഹസ്യബന്ധം ഭര്‍ത്താവറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.

അഭയം നല്‍കി അന്തകനായി

ഭിന്നശേഷിക്കാരനായ ഹനുമന്തപ്പ മംഗളൂരുവില്‍ ഹോട്ടല്‍ തൊഴിലാളിയാണ്. രണ്ട് വര്‍ഷം മുമ്പ് തലപ്പാടിയില്‍ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചു. ഇവര്‍ക്ക് ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ലോക്ഡൗണ്‍ സമയത്ത് ജെ.സി.ബി. ഡ്രൈവറും നാട്ടുകാരനും സുഹൃത്തുമായ അല്‍ അസാബ് ജോലിയില്ലെന്നും താമസസൗകര്യമില്ലെന്നും ഹനുമന്തപ്പയോട് പറഞ്ഞു. തുടന്ന് ഇദ്ദേഹത്തെ ഹനുമന്തപ്പ സ്വന്തം വീട്ടിലേക്ക് വിളിച്ചു. ഭക്ഷണവും താമസസൗകര്യവും നല്‍കി. ഇതിനിടയിലാണ് ഭാഗ്യശ്രീയും അല്‍അസാദുമായി അടുക്കുന്നത്.

ഇവര്‍ തമ്മിലുള്ള രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി. തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഹനുമന്തപ്പയെ വകവരുത്തണമെന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ ഏഴിന് രാത്രി ഇരുവരും ചേര്‍ന്ന് ഹനുമന്തപ്പയെ വീട്ടിനകത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അല്‍ അസാബ് ബൈക്കില്‍ കെട്ടി വഴികാട്ടിയായി സ്‌കൂട്ടിയില്‍ ഭാഗ്യശ്രീയും വീട് വിട്ടിറങ്ങി. പാതിരാത്രിയില്‍ റോഡരികില്‍ തള്ളാനായിരുന്നു പദ്ധതി. ഒപ്പം ബൈക്കും ഉപേക്ഷിച്ചാല്‍ വാഹനാപകടത്തില്‍ മരിച്ചു എന്ന് വരുത്തിത്തീര്‍ക്കാമെന്നാണ് ഇരുവരും കരുതിയത്. സംഭവത്തിനുശേഷം അല്‍ അസബ് കര്‍ണാടകയിലേക്ക് കടന്നു. മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലും മറ്റുമായി മാറി മാറി സഞ്ചരിച്ചു.

ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് നടത്തിയ തിരച്ചിലില്‍ കര്‍ണാടക ഹൊന്നാവരയില്‍ കെ.എസ്.ആര്‍.ടി..സി ബസില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. ഇരുവരെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഡിവൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള സി.ഐ. പി. പ്രമോദ്, മഞ്ചേശ്വരം സി.ഐ. കെ.പി. ഷൈന്‍, എ.എസ്.ഐ. തോമസ്, കെ. മനു, സന്തോഷ് ഡോണ്‍, വിജേഷ്, ലിതേഷ്, പ്രവീണ്‍, സൈബര്‍സെല്‍ അംഗങ്ങളായ എസ്.ഐ.മാരായ പി.കെ. ബാലകൃഷ്ണന്‍. കെ. നാരായണന്‍ നായര്‍, അജിത്, ലക്ഷ്മി നാരായണന്‍, സജീഷ്, ഓസ്റ്റിന്‍ തമ്പി എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Content Highlights: murder case housewife and her lover arrested in kasargod